" ഭ്....ഭാ പന്ന കുബേര്‍ പഞ്ഞി .................................... മോനെ:


രാവിലെ ബഷീറിക്കാന്റെ ചായക്കടയില്‍ ചായ കുടിച്ചു  കൊണ്ടിരുന്നപ്പോള്‍ ആണ് സദാശിവന്‍ പിള്ള യവര്കള്‍ക്ക്  താനിന്നലെ എടുത്ത ലോട്ടറി യുടെ റിസള്‍ട്ട്‌  ഇന്നത്തെ പത്രത്തില്‍ ഉണ്ടെന്നു ഭൂതോദയം ഉണ്ടായതു . അപ്പോള്‍ തന്നെ ശ്രീമാന്‍ പിള്ള പത്രത്തില്‍ സ്പോര്‍ട്സ് പേജില്‍ സാനിയ മിര്‍സാ കൊച്ചിന്റെയോ വല്ല സയിന കൊച്ചിന്റെയോ പടമുണ്ടോ  എന്ന് സസൂക്ഷ്മം പേപ്പര്‍ അരിച്ചു പെറക്കുന്ന കുളത്തിന്റെ കിഴക്കേതിലെ രാമകൃഷ്ണന്‍ മേശരിയുടെ  രണ്ടാമത്തെ വാര്‍പ്പായ സന്തോഷ്‌ കുമാരനോടു മൊഴിഞ്ഞു " ഡേയ് ..... പയ്യനെ, ആ ലോട്ടറിയുടെ നറുക്കെടുപ്പ്  ഒന്ന് നോക്കിയേടെ.... വല്ലതും അടിച്ചോന്നു ഒന്ന് നോക്കട്ട്  ....ദാ നമ്പര്‍ പിടിച്ചോ "  സന്തോഷ്‌ കുമാരന്‍ റിസല്‍ട്ടിലോട്ടു  മുങ്ങാം കുഴിയിട്ട് നോക്കിയിട്ട് വന്നിട്ട് ധീരോദാത്തമായ ഒരു പ്രഖ്യാപനവും അങ്ങട്  നടത്തി " 'ഇല്ല ........ കൊച്ചാട്ടാ' എന്ന്  സമക്ഷവും 'ഈ മൂപ്പില്സിനു  വേറെ പണിയോന്നുമില്ലിയോ' എന്ന് മനസിലും മൊഴിഞ്ഞു . ഈ മൊഴി കേട്ടയുടനെ ശ്രീമാന്‍ സദാശിവന്‍ പിള്ളൈ " ഛെ .. അല്ലേലും നമ്മള്‍ ക്കൊന്നും ഈ പുല്ലു അടിക്കില്ലാലോ... " എന്ന് മറു മൊഴി നല്‍കി .
ഇത്  കേട്ടപ്പോള്‍ ഉഡായിപ്പിന്റെ  ആഗോള അവതാരമായ  സന്തോഷ്‌ കുമാരന്റെ മനസില്‍ ഒരു ലഡ്ഡു പൊട്ടി.
ടമാര്‍ ... പടക്... ഡിഷ്യും.......  
മൂപ്പിലാന്‍ തന്റെ ഒരു നല്ല ഇര ആണെന്ന്  സന്തോഷ്‌ കുമാരന്‌ തോന്നി . ചായ കുടിച്ചു പുറത്തോട്ടിറങ്ങിയ സദാശിവന്‍ പിള്ളൈ യവര്കളുടെ പുറകെ സന്തോഷ്‌ കുമാരന്‍ ബ്ലാഹി അടുത്ത് കൂടി .
" അല്ല കൊച്ചാട്ടാ ഇതിനു മുന്‍പ് വല്ലോം അടിച്ചിട്ടുണ്ടോ ? "
" ഓ.. അതിന്നെലയും  കൂടി ആ അമ്മിണിയുടെ കടയില്‍ നിന്നും രണ്ടു ഗ്ലാസ്‌  വാറ്റടിച്ചതല്ലിയോ.."
" അതല്ല കൊച്ചാട്ടാ ...ലോട്ടറി വല്ലോം അടിച്ചിട്ടുണ്ടൊന്നു ? "
" എടാ ഉവ്വേ,  എടുക്കുന്നതല്ലാതെ ഒരു പത്തു രൂപ പോലും അടിക്കത്തില്ലെടാ , നമുക്ക് എരണം കേട്ട സമയമാ , അതീന്നു കര കയറാതെ  ഒരു കൊണവും പിടിക്കത്തില്ലെടാ "
" കൊച്ചാട്ടാ  ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ നമ്മുടെ മാവിളയിലെ ജോസ് അച്ചായന്  ഇപ്പോള്‍ ഇത്ര സൌകര്യ മായത്  എങ്ങനാ ?  ഇവിടെ ആക്ക്രി പെറുക്കി നടന്ന  ഷാനവാസ്‌ എങ്ങനാ രക്ഷപെട്ടത്  ? "
"എടാ ജോസിന്റെ മക്കള്‍ എല്ലാം അബുദാബിയില്‍ അല്ലിയോ  ? " 
" അവന്മമാരവിടെ ഈന്ത പനയില്‍ കയറുവാ , അതൊന്നുമല്ല കാര്യം "
" പിന്നെ എന്തുവാ "
" കഴിഞ്ഞ  വര്ഷം ജോസ് അച്ചായന്‍ ഒരു സാധനം വാങ്ങി വീട്ടില്‍ വെച്ചു. അതില്‍ പിന്ന രക്ഷപെട്ടത് , ഷാനവാസും ഈ സാധനം മേടിച്ചു വീട്ടില്‍ വെച്ചു മുപ്പതിന്റെ അന്ന് അവനു നിധി കിട്ടി "
" ഉള്ളതാണോടാ. എന്തുവാ അവന്‍ മേടിച്ചു വെച്ചത്  "
" കൊച്ചാട്ടന്‍ ഈ ടി വി  യൊന്നും കാണത്തില്ലിയോ  "
" ഓ നമുക്കെവിടാടാ നേരം , ചിലപ്പോള്‍ വാര്‍ത്ത‍ കാണും , ചിലപ്പോള്‍ വല്ല സീരിയലോ വല്ലതും കാണും അത്രേ ഉള്ളു "
" എന്റെ കൊച്ചാട്ടാ രാവിലെ ഒരു എട്ടര മണി ക്ക്  ടി വി  ഒന്ന് കാണണം അതില്‍ ഒരു സംഭവത്തിന്റെ പരസ്യം കാണിക്കും  കുബേര്‍ പഞ്ഞി  സൂപ്പര്‍ സാധനമാ വീട്ടില്‍ ഒരെണ്ണം ഒന്ന് വാങ്ങി വെച്ചേ ഈ ദുരിതമെല്ലാം അതോടെ മാറും"
കൊച്ചാട്ടന്‍ വീട്ടില്‍ ചെന്ന്   ടി വി കണ്ടു സംഗതി  നേരില്‍ ബോധ്യപ്പെട്ടു  ഇതേലെ ഒരു സംഗതി ഒന്ന് വാങ്ങിക്കാന്‍ തീരുമാനിച്ചു  പക്ഷെ സാധനത്തിനു 9600 രൂപ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്താല്‍ 7600 രൂപ മാത്രം. 
അന്ന് രാത്രി കിടന്നിട്ടു കൊച്ചാട്ടനു ഉറക്കം വന്നില്ല ഇത്   വാങ്ങിക്കണോ വേണ്ടായോ എന്നുള്ള ചിന്ത വല്ലാതെ മനസ്സില്‍ കിടന്നു തിരിഞ്ഞു കളിക്കുന്നു . സൌഭാഗ്യം ഇല്ലേല്‍ പണം തിരിച്ചു തരും എന്നുള്ള ഉറപ്പും ഉണ്ട് . എന്തായാലും നാളെ രാവിലെ നേരം വെളുത്തിട്ടു സന്തോഷ്‌  കുമാരനെ പോയിക്കാണാന്‍ തീരുമാനിച്ചു  രാവിലെ സൈക്കിളും എടുത്തു  ചായ കുടിക്കാനായി പോയി ചായ കുടിച്ചു കൊണ്ടിരുന്നപ്പോള്‍ സന്തോഷ്‌ കുമാരന്‍ വന്നു " ഡേയ്  ആ സംഗതി നമുക്കൊന്ന് നോക്കണമല്ലോടാ ... നീയ്  എപ്പോഴാ അങ്ങോട്ട്‌ ഒന്ന് വരുന്നേ "
" അത് കൊച്ചാട്ടാ  ഞാനാ നമ്പറും എഴുതിക്കൊണ്ട് അങ്ങോട്ട്‌ ഒരു പതിനൊന്നു മണിയാകുമ്പോള്‍  അങ്ങോട്ട്‌ വരാം കൊച്ചാട്ടാ " 
ഏതാണ്ട് പതിനൊന്നു  മണിയായപ്പോള്‍ കൊച്ചന്‍ വീട്ടില്‍ വന്നു . കൊച്ചാട്ടനുമായി  ഒരു ഹൈ ലെവല്‍ ചര്‍ച്ച തന്നെ നടത്തി . അവസാനം ചര്‍ച്ചയില്‍ കാര്യങ്ങള്‍  ഉരുത്തിരിഞ്ഞു .
ചര്‍ച്ചയുടെ കൂട്ടികിഴിക്കലിന്റെ അവസാനം വീട്ടില്‍ നിന്ന പശുവിനെ കൊച്ചാട്ടന്‍ 8500 ഉറുപ്പികയ്ക്ക്   വിറ്റു. വിറ്റു കിട്ടിയ  കിട്ടിയ കാശിനു  വാറ്റടിക്കാതെ സന്തോഷ്‌ കുമാരനെയും കൂട്ടി നേരെ എറണാകുളം ലക്ഷ്യമാക്കി ആന വണ്ടി കയറി. 
എറണാകുളത്ത് ചെന്ന്   കുബേര്‍ പഞ്ഞിയുടെ ആപ്പീസ്  കണ്ടു പിടിച്ചു.അവിടെ ഇരുന്ന ഒരു ഡംഭു പെണ്ണ് സായ്പ്പിന്റെ ഭാഷയില്‍ എന്തോ മൊഴിഞ്ഞു . ആശാന്  ആ പരിഷക്കാരി പെണ്ണ് പറഞ്ഞത് മനസിലായില്ല  കൂടെ വന്ന സില്‍ബന്ധിയോടു ചോദിച്ചു 
" എന്തുവാടാ ആ ഒരുമ്പെട്ടവള് പറഞ്ഞത് " 
" അത് കൊച്ചാട്ടാ,  ഇവിടിരി ഇപ്പോള്‍ ഇതിന്റെ മൊയലാളി വരും അങ്ങേരെ കാണാമെന്നു " 
അങ്ങനെ മൊയലാളി വന്നു രണ്ടു പേരെയും അകത്തോട്ട്  വിളിച്ചു തണുത്ത മുറിക്കകത്ത് ഇരുത്തി . 
കുബേര്‍ പഞ്ഞിയുടെ കൊണഗണങ്ങള്‍  വിശേഷിപ്പിച്ചു  പശുവിനെ വിറ്റുകിട്ടിയ കാശും മൊയലാളി യുടെ കയ്യില്‍ കൊടുത്തു കയ്യും  പിടിച്ചു കുലുക്കി അവിടുന്നിറങ്ങി. .
സന്തോഷ്‌ കുമാരന്‍, കൊച്ചട്ടനെ ബ്ലാഹി നേരെ അടുത്തുള്ള ബാറില്‍ കയറി അഞ്ഞൂറ്  രൂഭാ..പൊടിപ്പിച്ചു .
 രണ്ടു  ഡ്രിങ്കന്‍മ്മാരും കൂടി മൂക്കറ്റം ഡ്രിങ്കിയേച്ചു ഏതാണ്ട് ഒരു ഏഴു ഏഴര ആയപ്പോള്‍ നാട്ടിലെ മണല്‍ തരികളില്‍ ആടിയാടി പാദമുറപ്പിച്ചു.
ഉടനെ ഉണ്ടാകാന്‍ പോകുന്ന സൌഭാഗ്യങ്ങള്‍  സ്വപ്നം കണ്ടു കൊച്ചാട്ടന്‍  കിടന്നുറങ്ങി .
രാവിലെ അഞ്ചു മണിക്ക്  എണിറ്റു , കുബേര്‍ പഞ്ഞി യുടെ മൊയലാളി പറഞ്ഞ കാര്യങ്ങള്‍ മനസില്‍ ഓര്‍ത്തു   അത് പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്തു തുടങ്ങി , പെട്ടി തുറന്നു ,  കുബേര്‍ പഞ്ഞിയുടെ നൂല് കൊണ്ടു നൂറ്റ തുണി കൊണ്ടു ഉണ്ടാക്കിയ കൊടിക്കൂറ ഉമ്മറത്ത്‌  തൂക്കി , നാലു ചെമ്പ് തകിടും പുരയിടത്തിന്റെ നാലു മൂലക്കും കുഴിച്ചിട്ടു. കേറി വരുന്ന സ്റ്റെപ്പിന്  മുന്‍വശം ഒരടി താഴ്ചയില്‍ ചെറിയ കുടം കുഴിച്ചിട്ടു , നാലു ഏലസില്‍ ഒരെണ്ണം കൊച്ചാട്ടനും രണ്ടാമത്തേത്  ഭാര്യ വിലാസിനിക്കും   മൂന്നാമത്തേത്  മൂത്ത മകള്‍ രാജശ്രീ ക്കും നാലാമത്തേത്  രണ്ടാമത്തെ മകള്‍ വിജയശ്രീ ക്കും നല്‍കി . പക്ഷെ അന്നേരം ഒരു പ്രശ്നം ഈ കുബേര്‍ പഞ്ഞി മന്ത്രം കേള്‍ക്കാനുള്ള സി . ഡി പ്ലയെര്‍ ഇല്ല . എന്തോ ചെയ്യും അവസാനം വീട്ടിലുണ്ടായിരുന്ന പശുക്കിടാവിനെയും കൂടി വിറ്റു തുക കണ്ടെത്തി.മാന്ത്രിക കുബേര്‍ പഞ്ഞി  ചരട്  ദിവസും പൂജിക്കുവാന്‍ അമ്പലത്തില്‍ പോകാന്‍ മൂത്ത മകള് രാജശ്രീയെ  ചുമതലപ്പെടുത്തി . അങ്ങനെ സമ്പന്നനാകാനുള്ള ശ്രെമങ്ങള്‍ ആരംഭിച്ചു. 
എന്നും രാവിലെ നാലരമണിക്ക്  എണിറ്റു കുളിച്ചു ഈറനുടുത്തു  സി ഡി പ്ലയറില്‍ കുബേര്‍ പഞ്ഞി മന്ത്രം ഇട്ടു ഓരോ ദിവസവും ആരംഭിക്കും .
ഏതാണ്ട് മുപ്പതു ദിവസം തികയുന്നതിനു മുന്‍പ് സംഭവിക്കേണ്ടതു  സംഭവിച്ചു .
ഒരു ദിവസം രാവിലെ വീശിയടിച്ച കാറ്റില്‍  ഓണത്തിന് കൊല വെട്ടാന്‍ വെച്ചിരുന്ന മുപ്പതു മൂട് വാഴ നിലം പൊത്തി. ഇതിന്റെ അപേക്ഷ കൊടുക്കാന്‍  സൈക്കിളും ചവിട്ടി കൃഷി ഭവനിലേക്ക് പോയ . ശ്രീമാന്‍ സദാശിവന്‍ പിള്ളൈയവര്‍കളെ മണ്ണും കൊണ്ടു പാഞ്ഞു പോയ ടിപ്പര്‍ ഇടിച്ചു തെറുപ്പിച്ചു. . കയ്യും കാലും ഒടിഞ്ഞു ദേഹമാസകലം മുറിവുമായി ശ്രീമാന്‍ പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ആശുപത്രിയില്‍ ഓടിക്കൂടിയ ബന്ധുക്കളുടെയും  നാട്ടുകാരുടെയും കൂട്ടത്തില്‍ മൂത്തമോള് രാജശ്രീയെ കണ്ടില്ല . ഇടറിയ ശബ്ദത്തില്‍ കൊച്ചാട്ടന്‍ ചോദിച്ചു " അവളെവിടെ .... രാജി ... "
എല്ലാരും മുഖത്തോട് മുഖം  നോക്കിയതല്ലാതെ ഒന്നും പറയുന്നില്ല 
" എന്താ .... എന്താ .... എന്തോ പറ്റി ...  ? "
ആരോ പറഞ്ഞു " കൊച്ചാട്ടാ...  അവള്..... അമ്പലത്തിലെ ശാന്തിക്കാരന്റെ കൂടെ ഒളിച്ചോടി "
ഇതും കൂടെ കേട്ടപ്പോള്‍ കൊച്ചട്ടന്റെ തല തലയണയില്‍ വീണു .
എന്താ സംഭവിച്ചത് എന്ന് അറിയാതെ എല്ലാവരും വിഷമിച്ചു  വിളിച്ചു കൂവലായി 
അടുത്തുണ്ടായിരുന്ന സന്തോഷ്‌  കുമാരന്‍  മുഖത്ത് വെള്ളം തളിച്ചു . ബോധം വീണ പിള്ളേച്ചനോട്  സന്തോഷ്‌  കുമാരന്‍  ചോദിച്ചു " എന്തുവാ കൊച്ചാട്ടാ...... എന്തോ പറ്റി ......"
കൊച്ചാട്ടന്‍ വേദന കടിച്ചു പിടിച്ചു " ഭ്....ഭാ  പന്ന കുബേര്‍ പഞ്ഞി .................................... മോനെ ഇതില്‍ കൂടുതല്‍ എന്തോ പറ്റാനാടാ ...."


വാല്‍ക്കഷണം : അല്ല ഇന്നത്തെക്കാലത്തെ സ്വര്‍ണത്തിന്റെ വിലയോര്‍ത്താല്‍  ശ്രീമാന്‍ സദാശിവന്‍ പിള്ളൈയവര്‍കളെ കുബേര്‍ പഞ്ഞി സൌഭാഗ്യവാനാക്കിയില്ല എന്ന് പറയാന്‍ പറ്റുമോ ? 




 


 
 



 

Comments

Popular posts from this blog

ഏഴിലം പാല പൂത്തു

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

എന്താണ് ഈ എട്ടിന്റെ പണി ?