Thursday, June 9, 2011

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍


പൊതുവേ ഇടതു പക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ ഒന്ന് ഞോണ്ടാന്‍ ഉപയോഗിക്കുന്ന ഒന്നാണ്  "പരിപ്പ്  വടയും കട്ടന്‍ ചായയും " , അല്ലെങ്കില്‍  "പരിപ്പ്  വടയും കട്ടന്‍ ചായയും " കുടിക്കുന്ന ആളിനെ കണ്ടാല്‍ ഉടനെ ചോദിക്കുന്ന ചോദ്യമാണ്  "നിങ്ങള്  കമ്മൂണിസ്റ്റാ? ". എന്താണ്  ഇങ്ങനെ ആള്‍ക്കാര്‍ പറയാന്‍ കാരണം ? കമ്മ്യൂണിസ്റ്റ്‌ കാര്‍  എല്ലാം ഇങ്ങനെ പരിപ്പ്  വടയും കട്ടന്‍ ചായയും കഴിച്ചു നടക്കുന്നവര്‍ ആണോ ? ഇത് എവിടെ നിന്ന് വന്നു ? ഒന്ന് പരിശോധിക്കാം .

ശ്രീനിവാസന്റെ  സന്ദേശം എന്ന സിനിമയില്‍ നിന്നും ആണ് ഈ ബ്രാന്‍ഡ്‌  ഉത്ഭവിക്കുന്നത് . അല്ലെങ്കില്‍  "പരിപ്പ്  വടയും കട്ടന്‍ ചായയും " കമ്മ്യൂണിസ്റ്റ്‌ കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് . 

ഇലക്ഷന്‍ അടുക്കുന്ന സമയങ്ങളില്‍ ഈ സിനിമ ഇട്ടും, ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു  ശങ്കരാടി അടിക്കുന്ന ഈ ഡയലോഗ് ഉള്‍പ്പെടുന്ന  " കോമഡി " സീന്‍  ഇട്ടും  പാര്‍ട്ടി നേതാക്കന്മ്മാരുടെ പ്രസംഗ ത്തിനിടക്ക്  ഈ സീന്‍ മിക്സ് ചെയ്തു ചേര്‍ത്തും  ഒക്കെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ കടന്നാക്രമിക്കുക എന്നത് ഒരു പതിവാണ് .


ഈ സിനിമ ഇറങ്ങുന്നത് വരെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഒരു അഭിവാജ്യ ഘടകമായി ആരെങ്കിലും "പരിപ്പ്  വടയേയും   കട്ടന്‍ ചായയേയും " കരുതിയിരുന്നോ ? 
ഇല്ല എന്ന് തന്നെ ആണ് അതിന്റെ ഉത്തരം .
അപ്പോള്‍ പിന്നെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയവര്‍ എന്താവും കഴിച്ചത് ? 
കട്ടന്‍ ചായ അഥവാ സുലൈമാനി പ്രചുര പ്രചാരത്തില്‍ എത്തിയിട്ട് ഏറെ നാളായിട്ടില്ല . പഴയ കാലത്ത്  ഏറെ ഉപയോഗിച്ചിരുന്ന പാനീയം കട്ടന്‍ കാപ്പി / ചക്കര കാപ്പി ആയിരുന്നു. ഒരു പക്ഷെ അന്നത്തെ ക്കാലത്ത് സാധാരണക്കാര്‍  ചായക്ക് പോലും കാപ്പിയുടെ പിന്നില്‍ ആണ് സ്ഥാനം കല്‍പ്പിച്ചു കൊടുത്തിരുന്നത് . തകഴി, കേശവദേവ്‌ , തോപ്പില്‍ ഭാസി . ഇ കെ നായനാര്‍ ഉള്‍പ്പടെ ഉള്ളവരുടെ ഗ്രന്ഥങ്ങളില്‍ എല്ലാം കട്ടന്‍ കാപ്പിയെ പറ്റി പറയുന്നുണ്ട് . 
എന്തിന്  ഒരു  അസുഖം വന്നാല്‍ പണ്ട് കാലത്തേ തന്നെ ചുക്ക് കാപ്പി ആണ് കുടിച്ചിരുന്നത്‌ . അല്ലാതെ "ചുക്ക് കട്ടന്‍ ചായ " അല്ല . എന്റെ കൊച്ചുന്നാളില്‍ വീട്ടില്‍ കൊയ്തും മെതിയും ഉണ്ടായിരുന്ന സമയത്ത്  രാത്രി കറ്റ അടിക്കാന്‍ / മെതിക്കാന്‍ വരുന്ന കര്‍ഷക   തൊഴിലാളികള്‍ക്ക്  കൊടുത്തിരുന്നത് കട്ടന്‍ കാപ്പി ആയിരുന്നു കട്ടന്‍ ചായ ആയിരുന്നില്ല . ഒരു കാലത്ത്  കേരളത്തിന്റെ   ചര്‍ച്ചാവേദികള്‍ ആയിരുന്ന   ചായക്കടകളില്‍ (ചിലയിടങ്ങളില്‍ അതിന്റെ പേര് കാപ്പിക്കട എന്നാണ് ) ഒഴിച്ചിരുന്നത് / അടിച്ചിരുന്നത് ചായയോ കാപ്പിയോ ആണ് , അവിടെയും കട്ടന്‍ ചായ കടന്നു വന്നിട്ട് ഏറെ നാളായിട്ടില്ല. 
ഉത്സവപറമ്പുകളില്‍ രാത്രി നടക്കുന്ന പരിപാടികള്‍  ( നാടകം , ബാലെ , കഥാപ്രസംഗം ,.......) കാണാന്‍ വരുന്നവര്‍ക്ക് ഉത്സവ പറമ്പില്‍ വിതരണം ചെയ്തിരുന്നത്  കട്ടന്‍ കാപ്പി ആയിരുന്നു ( കാപ്പി ...........കാപ്പി  ..............നല്ല ചൂട് കാപ്പി ) 
പഴയ വീടുകളില്‍ ഒക്കെ തന്നെ പാലുള്ളപ്പോള്‍ ചായ പാലില്ലെങ്കില്‍ കട്ടന്‍  കാപ്പി ആയിരുന്നു ഉപയോഗിച്ചിരുന്നത് . ഇത്തിരി സാമ്പത്തികം ഉള്ള വീടുകള്‍ ആണെങ്കില്‍ ആ കട്ടന്‍ കാപ്പിയുടെ പുറത്തു രണ്ടു തുള്ളി നെയ്യ് കൂടി രുചിക്കായി ചേര്‍ക്കും . 
ഈ കാലയളവിനുള്ളില്‍ കട്ടന്‍ ചായ ഏറെ മുന്നോട്ടു പോയി ലെമണ്‍  ടീ ആയും ഹെര്‍ബല്‍ ടീആയും ഗ്രീന്‍ ടീ ആയും ഒക്കെ ഏറെ മുന്നേറി . 

ഇനി പരിപ്പുവടയുടെ കാര്യം . പരിപ്പ് വട എത്തുന്നതിനു മുന്‍പ് കണ്ണാടി അലമാരിയില്‍ ചേക്കേറിയ വിഭവങ്ങള്‍ നെയ്യപ്പവും വെളിച്ചണ്ണയപ്പവും പപ്പടവടയും ( ബോളി ) ഇലയടയും (ഇലയപ്പം /വത്സന്‍ ) ഉണ്ണിയപ്പവും ബോണ്ടയും ഒക്കെ ആയിരുന്നു .  എന്ന് മാത്രമല്ല തുവരപരിപ്പ്‌ മലയാളി ഉത്പാദിപ്പിക്കുന്ന ഒന്നല്ല . മുകളില്‍ ഉള്ള വിഭവങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എല്ലാം തന്നെ നാട്ടില്‍ സുലഭമായി ലഭിച്ചിരുന്നവ ആണ് .                                        
പഴയ കാലത്ത് പാര്‍ട്ടി  പ്രവര്‍ത്തനം  നടത്തിയവര്‍   കഴിച്ചിരുന്നത്  പരിപ്പ്  വടയും കട്ടന്‍ ചായയുംഅല്ല  . മറിച്ച്  ചീനിയും ( കപ്പയും ) മുളക് ഉടച്ചതും . ചീനിയും  മത്തിയും ഒക്കെ ആയിരുന്നു അതിനു അകമ്പടി  സേവിച്ചതു കട്ടന്‍ കാപ്പി ആയിരുന്നു  കട്ടന്‍ ചായ ആയിരുന്നില്ല  അതും ഓട്ടു ഗ്ലാസ്സിലോ ചിലപ്പോള്‍ ചിരട്ടയിലോ . സ്വന്തം മക്കള്‍ക്ക്‌  നല്‍കേണ്ട ആഹാരം ആയിരിക്കും വീട്ടുകാര്‍ പലപ്പോഴും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കേണ്ടി വരുക . ( തോപ്പില്‍ ഭാസി , ഒളിവിലെ  ഓര്‍മ്മകള്‍ ) 

ഈ ചരിത്ര സത്യങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ്  അറിഞ്ഞോ അറിയാതയോ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തക യോഗങ്ങള്‍ക്ക്  ഒരു അഭിവാജ്യ ഘടകമാണ് പരിപ്പ്  വടയും കട്ടന്‍ ചായയും എന്ന് ശ്രീനിവാസന്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചത് . പഴയകാല സിനിമകള്‍ പരിശോധിച്ചാല്‍ ഇതൊരു പ്രേക്ഷകനും അക്കാലയളവിലെ  സിനിമകളിലെ സംഭാഷണങ്ങളില്‍  കട്ടന്‍ കാപ്പി കടന്നു വരുന്നു എന്ന് കാണും എന്നാല്‍ ഒരിടത് പോലും കട്ടന്‍ ചായ വരുന്നതുമില്ല . 
സിനിമ ഒരു ഫാന്റസി ആണ് . അതിന്റെ തിരക്കഥാകൃത്തിനു എങ്ങനെ വേണമെങ്കിലും ചിന്തിക്കാം . ആവോളം സ്വപ്നം കാണാം .   ഉള്ളതിനെ ഇല്ലാതാക്കാനും ഇല്ലാത്തതിനെ പുതുതായി ഉണ്ടാക്കുവാനും നിലവില്‍ ഉള്ളതിനെ വളച്ചൊടിക്കുവാനും കഴിയുന്ന തിരക്കഥകള്‍ എഴുതി കച്ചവട സിനിമ ഒരുക്കാം. അതില്‍ സത്യത്തിന്റെ ഒരു ചെറു കണിക പോലും ഉണ്ടാകണമെന്നില്ല . എത്ര വലിയ കള്ളവും പടച്ചുണ്ടാക്കാം . ശ്രീനിവാസനും ചെയ്തത് മറ്റൊന്നല്ല .
പക്ഷെ എന്നാല്‍ ഇവിടുത്തെ മാധ്യമങ്ങള്‍ "ചെയ്ത ചെയ്താണ്  ചെയ്ത്ത് " . എന്താണ്  ഈ 'കോമഡി' യുടെ രാഷ്ട്രീയം എന്ന് തിരിച്ചറിഞ്ഞോ അറിയാതയോ എടുത്തു വെച്ച് പ്രയോഗിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകര്‍ക്ക്    ഇല്ലാത്ത ഒരു ഭൂതകാലം ഉണ്ടാക്കി കൊടുക്കുന്നതിനു അവര്‍ക്ക് കഴിഞ്ഞു . 
മലയാള നാടകത്തിലോ സിനിമ യിലോ സാഹിത്യത്തിലോ എങ്ങും തന്നെ കട്ടന്‍ ചായയും പരിപ്പുവടയും സ്ഥാനം പിടിച്ചിട്ടില്ല എന്ന് കൂടി പരിശോധിച്ചാല്‍ നമുക്ക് മനസിലാകും ഇന്ന് വല്ലതും ആയിരുന്നു ശ്രീനിവാസന്‍ സന്ദേശം എടുത്തിരുന്നു എങ്കില്‍  ലെമണ്‍  ടീ യും  ഷെവര്‍മ്മ യും അല്ലെങ്കില്‍ പെപ്സിയും പഫ് സം ആയിരുന്നേനെ പറയുക  .നമ്മുടെ ചാനലുകാര്‍ അതും എടുത്തു വെച്ച് ആഘോഷിച്ചേനെ !!!!!
മലയാളി കൊളസ്ട്രോള്‍ കൂടിയപ്പോള്‍ കട്ടന്‍ ചായയിലേക്ക് തിരിഞ്ഞു  അതിനു ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഭാഷ്യമാണ്  കട്ടന്‍ ചായ കുടിക്കുന്നവരൊക്കെ കമ്മ്യൂണിസ്റ്റ്‌കാരാണ്  എന്നത്.

ഇനിയെങ്കിലും " പരിപ്പ്  വടയുടെയും കട്ടന്‍ ചായയുടെയും" രാഷ്ട്രീയം എന്തെന്നും അതിന്റെ പിന്നിലുള്ള യാഥാര്‍ത്ഥ്യം എന്തെന്നും തിരിച്ചറിയുക 

Saturday, June 4, 2011

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം

ഒരു  തൈ നടുമ്പോള്‍ 
ഒരു തണല്‍ നടുന്നു !

നടു നിവര്‍ക്കാനൊരു
കുളുര്‍ നിഴല്‍ നടുന്നു

പകലുറക്കത്തിനൊരു
മലര്‍ വിരി നടുന്നു 

മണ്ണിലും വിണ്ണിന്റെ 
മാറിലെച്ചാന്ത്തൊ-
ട്ടഞ്ജനമിടുന്നു.  

ഒരു വസന്തത്തിനു 
വളര്‍പന്തല്‍ കെട്ടുവാന്‍ 
ഒരു കാല്‍ നടുന്നു. 

ആയിരം പാത്രത്തി-
ലാത്മഗന്ധം പകര്‍ -
ന്നാടുമൃതുകന്യയുടെ 
യാര്‍ദ്രത നടുന്നു .

തളിരായുമിലയായും-
മിത്തല്‍ വിരിയുമഴകായു-
മിവിടെ നിറമേളകള്‍  
മിഴികളില്‍ നടുന്നു. 

ശാരികപ്പെണ്ണിന്നു 
താണിരുന്നാടാനൊ-
രൂഞ്ഞാല്‍  നടുന്നു .

കിളിമകള്‍ പ്പെ ണ്ണി ന്റെ 
തേന്‍ കുടം വെയ്ക്കാനൊ -
രുറിയും  നടുന്നു .

അണ്ണാറക്കണ്ണനും
പൊന്നോണമുണ്ണുന്ന 
പുകിലുകള്‍ നടുന്നു .

കൊതിയൂറി നില്‍ക്കുന്ന 
കുസൃതി ക്കുരുന്നിന്റെ 
കൈ നിറയെ മടി നിറയെ 
മധുരം നടുന്നു .

ഒരു കുടം നീരുമായ് 
ഓടുന്ന മുകിലിനും 
ഒളിച്ചുപോം കാറ്റിനും 
ഒന്നിച്ചിറങ്ങാന്‍ 
ഒതുക്കുകള്‍ നടുന്നു .

കട്ടു മതിയാവാത്ത 
കാട്ടിലെ കള്ളനും 
നാട്ടിലെ കള്ളനും 
നടുവഴിയിലെത്തവേ 
വാനോളമുയരത്തില്‍ 
വാവല്‍ക്കരിങ്കൊടികള്‍ 
കാട്ടുവാന്‍ വീറെഴും
കൈയുകള്‍ നടുന്നു .

ഒരു  തൈ നടുമ്പോള്‍ 
പല തൈ നടുന്നു !
പല തൈ നടുന്നു 
പല  തണല്‍ നടുന്നു !
                                               ഒ.എന്‍.വി 

നമ്മുടെ ഭാവിക്ക് വേണ്ടി മാത്രമല്ല വരും തലമുറകള്‍ക്ക് വേണ്ടിയും ഈ ഭൂമിയെ , പ്രകൃതിയെ കാത്തു സംരക്ഷിക്കേണ്ട കടമ നമുക്കുണ്ട് . വരൂ ....... നമ്മുക്കൊന്നായി...... ഒരുമിച്ചു .........ഇതില്‍ അണി ചേരാം.