Tuesday, November 30, 2010

വേണം ഒരു പുനരധിവാസ കേന്ദ്രം

എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച പ്രദേശങ്ങളിലെ  സ്ഥിതി വളരെ ദയനീയമാണ് . സാധാരണക്കാരായ തോട്ടം തൊഴിലാളി കുടുംബങ്ങള്‍ ആണ് കൂടുതലും ഇര ആയിട്ടുള്ളത് . കുടുംബത്തില്‍ കുട്ടികള്‍ ആണ് കൂടുതലും എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്നവര്‍ . അവരെ ഒറ്റക്കിട്ടിട്ടു കൂലി പണിക്കു പോകാനാവാത്ത സാധാരണ തൊഴിലാളി കുടുംബങ്ങള്‍ . സര്‍ക്കാരുകള്‍ അവരെ പുനരധിവസിപ്പിക്കുകയല്ലേ വേണ്ടത് .
ദുരിത ബാധിതര്‍ക്കായി സാമൂഹ്യ ക്ഷേമ വകുപ്പ്   സൌജന്യ റേഷനും പെന്‍ഷനും നടപ്പിലാക്കിയത്‌ തികച്ചും അഭിനന്ദനീയമായ കാര്യം തന്നെ ആണ് . ശയ്യാവലംബികള്‍ ആയ എന്‍ഡോസള്‍ഫാന്‍ രോഗികളെ പരിചരിക്കുന്നവര്‍ക്ക്    മുന്നൂറു രൂപയും രോഗികള്‍ക്ക് നാനൂറു രൂപയുമാണ് നിലവില്‍ കേരള സര്‍ക്കാര്‍ നല്‍കുന്നത് . ഏതാണ്ട്  537 പേര്‍ക്ക് ഇതിന്റെ പ്രയോജനം ഉണ്ടായിട്ടുണ്ട് .  പക്ഷെ ചില വലതു പക്ഷ ജന പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ  പേര് വിവരം ജില്ലാ പഞ്ചായത്ത് സെല്ലിലോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ നല്‍കിയിട്ടില്ല എന്നൊരു ആക്ഷേപം നിലവില്‍ ഉണ്ട് ഇത് കാണാതെ പോകരുത്. എല്ലാ ദുരിത ബാധിതര്‍ക്കും  ഇതിന്റെ പ്രയോജനം ലഭ്യമാക്കണം .

എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച   ദുരന്ത ഭൂമിയില്‍ ദുരിത ബാധിതരെ തേടി കേരള സര്‍ക്കാരിന്റെ മൊബൈല്‍ ചികിത്സാ സംഘങ്ങള്‍  സേവനവുമായി എത്തുന്നു. ആയുര്‍വേദ -ഹോമിയോ -അലോപ്പതി ഡോക്ടര്‍മ്മാരുടെ സംയുക്ത സംഘമാണിതില്‍  ഉള്ളത് . കൂടാതെ ഫിസിയോ തെറാപ്പിസ്റ്റ് , സ്പീച് തെറാപ്പിസ്റ്റ്, മാനസിക വൈകല്യ മുള്ളവര്‍ക്കും പഠന  വൈകല്യ മുള്ളവര്‍ക്കും ആവശ്യമായ  കൌണ്സിലിങ്ങിനുള്ളവരും  മെഡിക്കല്‍ സംഘത്തോടോപ്പമുണ്ട് . വീട്ടില്‍ നിന്നും വൈകല്യം മൂലം പുറത്തിറങ്ങാന്‍ കഴിയാത്ത  എന്‍ഡോസള്‍ഫാന്‍ദുരിത ബാധിതരെ അവരുടെ വീടുകളില്‍ പോയി ചികിത്സ നല്‍കുന്നതിനു ഇത് വഴി സാധിക്കുന്നുണ്ട്.
ഇത്തരം ആശ്വാസ നടപടികള്‍ കൂടാതെ ഈ പ്രശ്നങ്ങള്‍ക്ക്  ഓരോ ശാശ്വത പരിഹാരം ഉണ്ടാകണ്ടേ ? 

 ഒരു കാലത്ത്  ഈ സമൂഹമാക തൊട്ടു കൂടാത്തവരും തീണ്ടി കൂടാത്തവരും ദ്രിഷ്ട്ടിയില്‍ കണ്ടാല്‍ ദോഷമുള്ളവരുമായി കണക്കാക്കിയവര്‍ ആയിരുന്നു   കുഷ്ഠ രോഗികള്‍ . സ്വന്തം വീട്ടില്‍ നിന്നു പോലും അടിച്ചിറക്കപ്പെട്ടവര്‍, സമൂഹത്തില്‍ നിന്നും അട്ടിയോടിക്കപ്പെട്ടവര്‍. ബന്ധുക്കളുടെ പോയിട്ട്   സ്വെന്തം മകന്റെയോ മകളുടെയോ പോലും വിവാഹത്തില്‍  പോലും പോകാന്‍  പറ്റാത്തവര്‍ . ഉറ്റവരുടെയോ ഉടയവരുടെയോ മരണത്തില്‍ പോലും ഒഴിപ്പിച്ചു നിര്‍ത്തിയവര്‍ , അമ്പലത്തിലോ പള്ളിയിലോ ആരാധനക്കായി ചെന്നാലും കയറ്റാത്ത അവസ്ഥ.    ചായക്കടയില്‍ ചെന്നാല്‍ പോലും ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍  കൊടുക്കാത്ത അവസ്ഥ  ഇനി അഥവാ കൊടുത്താലോ ചിരട്ടയില്‍ !  അത്ര മാത്രം ദുരിതം അനുഭവിച്ച ജനങ്ങള്‍ ആയിരുന്നു അവര്‍ . അവരെ പുനരധിവസിപ്പിക്കുന്നതിനായിട്ടാണ് ലെപ്രസ്സി സാനിട്ടോറിയം  സ്ഥാപിച്ചത് . ഏഷ്യ യിലെ തന്നെ ഏറ്റവും  വലിയ ലെപ്രസ്സി സാനിട്ടോറിയം ആണ് ആലപ്പുഴ  ജില്ലയിലെ മാവേലിക്കര താലുക്കിലെ നൂറനാട് സ്ഥിതി ചെയ്യുന്നത് . ആലപ്പുഴയുടെ തെക്ക് കിഴക്കേ അറ്റത്താണ് നൂറനാട്  എന്ന ഗ്രാമം.  
ഇവിടെ പുനരധിവസിപ്പിച്ചവര്‍ക്കായി വീടും കൃഷി ഭൂമിയും നല്‍കി. അവരെ ചികിത്സിക്കാന്‍ ഡോക്ടര്‍മ്മാരെത്തി . അവിടെ അവര്‍ക്ക് ആരാധിക്കാന്‍  അമ്പലവും പള്ളിയും മോസ് കും പണിതു നല്‍കി. അവര്‍ക്കായി  ചുടല പറമ്പും സെമിത്തേരിയും ഖബറും പണിതു  . വായന ശാലകള്‍ ഉണ്ടായി . ഇന്ന്  ലെപ്രസ്സി സാനിട്ടോറിയം  അതിന്റെ പ്ലാറ്റിനം ജൂബിലി കൊണ്ടാടുകയാണ് . ഇവിടെയിരുന്നു കൊണ്ടാണ്  നാടകാചാര്യനായ തോപ്പില്‍ ഭാസി മലയാള നാടക ചരിത്രത്തില്‍ തന്നെ എക്കാലത്തെയും മികച്ച "അശ്വമേധം " എഴുതിയത് . അവരെ ക്കുറിച്ചാണ് 
" പാമ്പുകള്‍ക്ക് മാളമുണ്ട്  , പറവകള്‍ക്ക് ആകാശമുണ്ട്  ..
 മനുഷ്യാ പുത്രന് തല ചായിക്കാന്‍ മണ്ണില്‍ ഇടമില്ല " 
" ചില്ല് മേടയില്‍ ഇരുന്നെന്നെ കല്ലെറിയല്ലേ  ...."  എന്നീ   വരികള്‍  ഉണ്ടായതും . 
എന്ത് കൊണ്ടു നമുക്ക് അങ്ങനെ ചിന്തിച്ചു കൂടാ . എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി . ഒരു സാനിട്ടോറിയം പണിതു കൂടാ . അതല്ലേ കുറച്ചു  കൂടി ശാശ്വത പരിഹാരം . 

Saturday, November 27, 2010

എന്‍ഡോസള്‍ഫാന്‍


എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍  ഇനി ഏതു കേന്ദ്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ട്‌ ആണ് വരാനുള്ളത്.
നൂറു കണക്കിനാളുകള്‍ മരിച്ചു,  ആയിരക്കണക്കിനാളുകള്‍ ദുരിതവും പേറി എന്നും ജീവിക്കുന്നു . ഇതൊന്നു കാണാന്‍ ജയറാം രമേശ്‌ സാറിന് കനിവ് ഉണ്ടാകുമോ ആവോ ?
കാന്‍സര്‍ ബാധിച്ചു ചത്ത്‌ ജീവിക്കുന്ന എത്രയോ ജനങ്ങളെ എങ്ങനെ കണ്ടില്ലെന്നു നടിക്കും ?.
ഈ രോഗ അവസ്ഥ സഹിക്ക വയ്യാതെ ആത്മഹത്യാ ചെയ്ത പാവപ്പെട്ട തൊഴിലാളിയുടെ  വീട്ടുകാരുടെ കണ്ണീര്‍ ആര് തുടയ്ക്കും ?
ഹോര്‍മോണ്‍ തകരാറ് മൂലം ജീവിതം ഇല്ലാതെ പോയവരെ ആര് സാന്ത്വനിപ്പിക്കും  ?
മണ്ണിലും വെള്ളത്തിലും മനുഷ്യരുടേയും മൃഗങ്ങളുടെയും രക്തത്തിലും മുലപ്പാലിലും എന്‍ഡോസള്‍ഫാന്‍തന്മാത്ര അടങ്ങിയിട്ടുണ്ട് എന്ന ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ്‌ എന്‍വയോണ്‍മെന്റിന്റെ റിപ്പോര്‍ട്ട്‌ കേന്ദ്ര മന്ത്രിമാര്‍ ഇനിയും  കണ്ടില്ല എന്നോ ?
ശരീരത്തിന്റെ രോഗ പ്രതിരോധ  ശേഷി ഇല്ലാതാക്കുന്ന്‍ ഈ മാരക വിഷത്തെ ക്കുറിച്ച് ഇനി എന്താണ്  പഠിക്കേണ്ടത് ?
ബുദ്ധി മാന്ദ്യവും  അംഗ വൈകല്യുവും  തുടര്‍ക്കഥ ആകുന്നതു തടയേണ്ട എന്നാണോ ?
അമേരിക്കയുള്‍പ്പെടെ അറുപതിലേറെ രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ വിനാശകാരി ആയ ഈ കീട നാശിനിയാണെന്ന് തിരിച്ചറിഞ്ഞ് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്  എന്നത് എന്തിനും ഏതിനും വിദേശ രാജ്യങ്ങളെ അനുകരിക്കുന്ന കേന്ദ്ര മന്ത്രിമാര്‍ അറിയുന്നില്ലേ ? തിരോംന്തോരത്തെ  ആകെ അടി മുടി മാറ്റി മറിക്കാന്‍ നടക്കുന്ന ശ്രീമാന്‍ ശശി തരൂര്‍ അവര്‍കള്‍ ഇതൊന്നും അറിഞ്ഞില്ലേ ആവോ .
പുഴയില്‍ മീനെ പിടിക്കാന്‍ എന്‍ഡോസള്‍ഫാന്‍ കലക്കുന്നവര്‍ അറിയുന്നുണ്ടാവില്ല ഇതിന്റെ  ഭീകരത .
റബ്ബര്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍  മരുന്ന് അടിച്ചവര്‍ ദുരിത ക്കയങ്ങളില്‍ ആണ് എന്നതും വിസ്മരിച്ചു കൂടാ .പ്ലാന്റെഷന്‍  കോര്‍പറേഷന്റെ   റബ്ബറിന്റെ  കറ വര്‍ദ്ധിക്കാനായും  ഇലയില്‍ കീടം  വരാതിരിക്കാനും  എന്‍ഡോസള്‍ഫാന്‍ ഹെലി കോപ്ടരില്‍ വീശിയടിച്ചതിന്റെ ദുരിതം പേറുന്ന തൊഴിലാളികള്‍ ഇനി എന്താണ്  ചെയ്യേണ്ടത് ?
കോര്‍പ്പറേറ്റ്  മാധ്യമങ്ങള്‍ക്ക്  ഇതു ഒരു വാര്‍ത്തയും അല്ലാലോ . ഐ പി എല്ലും കൊച്ചി ടീമും ചെങ്ങന്നൂര്‍ ദേവി തൃപ്പുത്താകുന്നതും ചക്കുളത്ത് കാവ്‌ പൊങ്കാലയുടെ ലൈവ് ദ്രിശ്യങ്ങളും ആണല്ലോ കൊടുക്കാനായി  താല്പര്യം .
കുട്ടനാട്  എന്തുകൊണ്ടാണ്  കാന്‍സര്‍ ഉണ്ടാകുന്നതു  എന്ന് ചിന്തിച്ചിട്ടുണ്ടോ ? വയലില്‍ കള നാശിനി ആയി തളിക്കുന്ന എന്‍ഡോസള്‍ഫാന്‍  വെള്ളത്തില്‍ കൂടിയും നെല്ലില്‍ കൂടിയും മനുഷ്യ ശരീരത്തു തന്നെ എത്തിയത് കൊണ്ടല്ലേ ?
കീടങ്ങളെ നശിപ്പിക്കാനായി  ഉള്ള പച്ച ക്കറികളില്‍ എല്ലാം എന്‍ഡോസള്‍ഫാന്‍  തളിക്കുണ്ട് എന്നത് ഗൌരവ വിഷയമല്ലേ ?

ജൈവ കീട നശിനിക്ക് പകരം അധിക വിളവിനായി  എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് തടയേണ്ട എന്നാണോ ?
എല്ലാം ചത്തൊടുങ്ങട്ടെ .................... ഈ ദുരിതക്കയങ്ങളില്‍    നിന്നവര്‍ രക്ഷ നേടുമല്ലോ
അല്ലയോ തോമസ്‌ മാഷേ, ജയറാം രമേശ്‌  സാറെ ഈ ജനങ്ങളുടെ കണ്ണിരിനു നിങ്ങള്‍ ഒരിക്കല്‍ സമാധാനം പറയേണ്ടി വരും  ഓര്‍ത്തോളു
പട്ടി പെറ്റാലും ഉടന്‍ ചാനല്‍ ചര്‍ച്ചക്കായി ഇറങ്ങുന്ന ചില അഭിനവ ബുദ്ധി ജീവികളെ ഇത് വരെ കണ്ടില്ല  ഉടനെ രംഗ പ്രവേശനം ചെയ്യു മായിരിക്കും അല്ലേ ?
ആരാന്റെ അമ്മക്ക്  ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ശേല് ആണ് അല്ലെ സാറന്‍മ്മാരെ ?
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സമഗ്രപാക്കേജ്‌ നടപ്പാക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്‌.  അത്  ഉടനടി നടപ്പാകട്ടെ  എന്ന് പ്രത്യാശിക്കാം

Thursday, November 25, 2010

ഉത്സവ സ്മരണകള്‍


കേരളത്തില്‍ ഉത്സവങ്ങള്‍ക്ക് തിരി തെളിയുകയായി . ഉത്സവങ്ങള്‍ കൂട്ടായ്മ്മയുടെ ഒരു  ആഘോഷമാണ്  . ദൂരെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും ഒത്തു കൂടും  വിഭവ സമൃദ്ധമായ സദ്യ ഒക്കെ ഉണ്ടാകും. . ഞങ്ങള്‍  ഞങ്ങള്‍   പന്തളം   nss college -ല്‍ ഡിഗ്രി ക്ക്  പഠിക്കുന്ന  കാലയളവ്‌  .  പല  ഇടത്തുനിന്നും  വിദ്യാര്‍ഥികള്‍   പഠിക്കാനായി  എത്തി  ചേരും . മൂന്നാം    വര്‍ഷ ഡിഗ്രി കാലയളവ്‌,   സൌഹൃദവും പ്രേമവും   നന്നായി  മൂക്കുന്ന  സമയമാണല്ലോ    മൂന്നാം  വര്ഷം . ഞങ്ങളുടെ സുഹൃത്തിന്റെ വീടായ കരുനാഗപ്പള്ളിയില്‍ ഞങ്ങള്‍ ഉത്സവം കൂടാനായി പോയി .  . ഞങ്ങള്‍ ഏഴ് പേര്‍ പോകുന്നതില്‍ ഒരാള്‍ മാത്രമേ നേരെത്തെ ആ വീട്ടില്‍ പോയിട്ടുള്ളൂ . ബസ്സിറങ്ങി കുറച്ചു നടക്കണം  എന്ന് മാത്രമേ  അറിയാവൂ   .രണ്ടു വഴി ഉണ്ട് അതില്‍ ഒന്ന് ബസിറങ്ങി  കുറച്ചു ഏറെ  നടക്കണം  മറ്റൊന്ന്  കണ്ടം ( വയല്‍ ) വഴിയുള്ള എളുപ്പ വഴി . സ്വാഭാവികമായും ഞങ്ങള്‍ എളുപ്പ വഴി തിരഞ്ഞെടുക്കുമല്ലോ .   "ഞാന്‍  വന്നു  വിളിക്കണോടെ"   എന്ന്  അളിയന്‍ ചോദിച്ചതാണ്  പക്ഷെ കൂടെയുള്ള ഒരു പരമനു ( കോവാലന്‍ ) വഴി അറിയാം എന്നുള്ളത് കൊണ്ടു ഞങ്ങള്‍ വിനയപൂര്‍വ്വം "വേണ്ടളിയാ...." എന്ന്   പറഞ്ഞും പോയി . വയല്  കടന്നു ഒരു ഇടവഴി കയറി . നടന്നിട്ടൊന്നും എത്തുന്നില്ല . വഴിയില്‍ കാണുന്ന അണ്ണന്‍ മ്മാരെല്ലാം നീലാണ്ടന്‍ കുപ്പിയിലെ സാധനവും അടിച്ചു പെരുത്ത്‌  നടക്കുവാ എന്തോ ചെയ്യും ആരോട് ചോദിക്കും . നേരം ഉച്ച ആകാറായി ചെറുതായി വെശക്കുന്നുണ്ടോ എന്നൊരു സംശയം എല്ലാവര്‍ക്കും ഇപ്പോള്‍ ഉണ്ട് .    വീണ്ടും ആ പരമനോട്  ചോദിച്ചു 
" പുന്നാര അളിയാ .... വഴി തെറ്റിയതാണോടെ " 
സുഭാഷ്‌ അളിയന്‍  " ഓ അല്ലളിയാ,   വഴി ഇതൊക്കെ തന്നാ , ഇനി അവര് വീട് മാറിയതാണോ ? " 
" പോടാ പുല്ലേ എന്നാലും വഴി തെറ്റിയെന്നു സമ്മതിക്കരുത് "
" എന്തായാലും മുന്‍പോട്ടു പോകാം അളിയാ  , എന്നീടു ആരോടെങ്കിലും ചോദിക്കാം " 

ഇത്തിരി കൂടെ മുന്നോട്ടു പോയപ്പോള്‍ ഒരമ്മച്ചി നടത്തുന്ന ഒരു ചെറിയ മാടക്കട കണ്ടു .  ആ കട ആക്രമിച്ചു ഉപ്പിട്ട് സോഡയും കപ്പലണ്ടി മുട്ടായിയും വയറ്റിലോട്ടു തട്ടി. ഈ വിക്ക്രിയകള്‍ കണ്ടു കൊണ്ടിരുന്ന അമ്മച്ചി ഞങ്ങളോട് ചോദിച്ചു " നിങ്ങള്  ഉത്സവം കൂടാന്‍ വന്നതാണോ ?"
:"അതെ " 
" ഇവിടെ എവിടെ ? "
" ഞങ്ങളുടെ കൂടെ പഠിക്കുന്ന കൂട്ടുകാരന്റെ വീട്ടില്‍ "
" ഏതു വീട് , എന്തുവാ വീട്ടു പേര് ? "
" വീട്ടു പേരറിയത്തില്ല "
" കൂടുകാരന്റെ പേരെന്തുവാ  "
" ശിവ പ്രസാദ്‌ "
" എവിടാ പഠിക്കുന്നത് ? "
" പന്തളം എന്‍ എസ് എസ് കോളേജില്‍ "
" ഓ നമ്മുടെ ശിവന്‍  , കൊച്ചു തുണ്ടിലെ സോമന്റെ മോന്‍ , അവന്റെ കൂടെ പഠിക്കുന്ന പിള്ളേരാ " 
നമുക്കത് കേട്ട് സന്തോഷമായി ഇനി വഴി ചോദിക്കാമല്ലോ  ബഹുത്  ഖുശ് ഹുവാ 
" വഴി ഇതു തന്നെ അല്ലിയോ ? "
" ഈ വഴിയെ തന്നെ , ഇത്തിരൂടെ മുന്നോട്ടു ചെല്ലുമ്പോള്‍ ഒരു വളവു കാണാം  അതിന്റെ അവിടുന്ന്  മൂന്നാമത്തെ വീട് , വെള്ളയടിച്ച  വീടാ "
ഞങ്ങള്‍ പൈസ കൊടുത്തു പോകാന്‍ തുടങ്ങുമ്പോള്‍ "ആ ഓള്‍ഡ്‌  മൊതല്  " ശബ്ദം താഴ്ത്തി ചോദിച്ചു 
" അതേ , നല്ല ഒന്നാംതരം അങ്ങാടി ഇട്ടു വാറ്റിയ സാധനം ഉണ്ട്  . വേണോ?  "
ഞങ്ങള് മുഖത്തോട് മുഖം നോക്കി  എന്നിട്ടവിടെ നിന്ന്  പതുക്കെ എസ് കേപ്പായി  
അമ്മച്ചി........ പുലിയാ 

അങ്ങനെ ഞങ്ങള്‍ കൂട്ടുകാരന്റെ വീട്ടില്‍ വന്നു . വൈകിട്ട്  പോകാനൊരുങ്ങിയ ഞങ്ങളെ അവന്‍ വിട്ടില്ല . കെട്ടുത്സവം  കഴിഞ്ഞു  രാത്രി ഗാനമേളയുണ്ട്. അത് കഴിഞ്ഞു പോകാം .എന്ന് മൊഴിഞ്ഞു . അങ്ങനെ അന്ന് രാത്രി അവിസ്മരണീയമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 
അമ്പലത്തില്‍ നിറയെ കളറുകള്‍ . നമുക്കറിയാവുന്ന ആരും ഇല്ല എന്നതിനാല്‍ " അങ്ങട്  അറുമാദിച്ചു കുട്ട്യേ "
എവിടെ മൈക്ക് കണ്ടാലും ചാടി വീഴുന്ന ചില വിരുതന്മ്മാരുണ്ട്. പിന്നെ എന്തുവാ എങ്ങനാ എന്നൊന്നും ചോദിക്കരുത് . വായില്‍ വരുന്ന വികട സരസ്വതി എല്ലാം വിളിച്ചു കൂവും . എന്റെ പൊന്നോ........
ഇനി സംഭവത്തിലേക്ക് വരാം .
അമ്പല കമ്മിറ്റി എന്നത്  ബഹു രസമാണ് . മുതിര്‍ന്ന കൊച്ചാട്ടന്മ്മാര്‍  സ്ഥാനം വിട്ടുകൊടുക്കയും ഇല്ല പുതിയ ചെറുപ്പക്കാര്‍ ആരെങ്കിലും കമ്മിറ്റി യില്‍ ഉണ്ടേല്‍ എന്തേലും ചെയ്യാന്‍ സമ്മതിക്കുമോ  അതുമില്ല . ഞങ്ങളുടെ കൂട്ടുകാരന്റെ അപ്പച്ചിയുടെ മോനായ സതീഷ്‌ ചേട്ടനാണ്  കമ്മറ്റി സെക്രട്ടറി.  പ്രസിഡന്റ്‌ സ്ഥലത്തെ ഒരു പ്രധാന മൂപ്പില്സും .
ഉത്സവത്തിന്‌ അമ്പല കമ്മിറ്റിക്കുള്ള പ്രധാന വരുമാനമാണ്   ബലൂണ്‍ കച്ചവടക്കാരന്‍, ഐസ്  കച്ചവടക്കാരന്‍, വള കച്ചവടക്കാരന്‍ എന്നിവര്‍ . ഇവനെയൊക്കെ കൊന്നു കമ്മിറ്റിക്കാര്   പൈസ മേടിക്കും . അവര് തിരിച്ചു സാധനം മേടിക്കാന്‍ ചെല്ലുന്ന നമ്മളെ അറക്കും ഇതാണ് അമ്പല പറമ്പില്‍ നടക്കുന്നത് . 
ഏതാണ്ട് ഒരു എട്ടു മണി ആയിക്കാണും കച്ചവടക്കാരുടെ കയ്യില്‍ നിന്നും പൈസ പിരിക്കാന്‍ സതീഷ്  ചേട്ടനും സില്‍ബന്ധികളും പോയി.  പൈസ പിരിച്ചു തിരിച്ചു വരുന്ന വഴി ഞങ്ങള്‍ എല്ലാവരും കൂടി നില്‍ക്കുന്നത്  സതീഷ് ചേട്ടന്‍ കണ്ടു . ഞങ്ങളെ കണ്ട ചേട്ടന്‍ ഞങ്ങളുടെ അടുത്തോട്ടു കാര്യം പറയാന്‍ വന്നു . എന്നിട്ട് കയ്യില്‍ ഇരുന്ന രസീത്  എടുത്തു കൂടെ ഉണ്ടായിരുന്ന സില്‍ബന്ധിയെ ഏല്പിച്ചിട്ട് പറഞ്ഞു "എടാ ഇതു കമ്മിറ്റി ഓഫീസില്‍  കൊടുത്തു സംഭാവന തന്നവരുടെ പേര് അനൌണ്‍സ് ചെയ്യിപ്പിക്കു  "
ഞങ്ങള്‍ എല്ലാവരും കൂടി സൊറ പറയാന്‍ തുടങ്ങി 
അന്നേരമാണ്  ഭീകരമായ ആ സംഭവം നടക്കുന്നത്  മൈക്കില്‍ അനൌണ്‍സ് മെന്റു  കേള്‍ക്കുന്നു 
ക്ഷിപ്ര പ്രസാദിനിയും  അഭീഷ്ട വരദായിനിയും ലോക ഐശ്വര്യ നായികയുമായ ദേവി യുടെ തിരു ഉത്സവത്തില്‍ സംഭാവന തന്ന ഭക്ത ജനങ്ങളുടെ പേര് വിവരം അറിയിക്കുകയാണ് . സംഭാവനകള്‍ വാഗ്ദാനം ചെയ്തിട്ടുള്ള ഭക്ത ജനങ്ങള്‍ എത്രയും വേഗം സംഭാവന കമ്മിറ്റി ഓഫീസില്‍ നല്‍കി രസീത് വങ്ങേടതാണ്
ബലൂണ്‍ കച്ചവടക്കാരന്‍ ഷാനവാസ്‌  അഞ്ഞൂറ് രൂപ സംഭാവന നല്‍കിയിരിക്കുന്നു 
ഐസ് കച്ചവടക്കാരന്‍  പൊന്നപ്പന്‍ അഞ്ഞൂറ് രൂപ സംഭാവന നല്‍കിയിരിക്കുന്നു 
ബലൂണ്‍ കച്ചവടക്കാരന്‍ ശശി   മുന്നൂറു രൂപ സംഭാവന നല്‍കിയിരിക്കുന്നു  
വള കച്ചവടക്കാരന്‍  ആഭാസന്‍ ആയിരം രൂപ സംഭാവന നല്‍കിയിരിക്കുന്നു  
 മൈക്കില്‍ വിളിച്ചു പറഞ്ഞത് കേട്ട്  എല്ലാവരും ഞെട്ടി . കണ്ട ആഭാസന്റെ ഒക്കെ കയ്യില്‍ നിന്നാണോ സംഭാവന മേടിക്കുന്നത്  അല്ലേലും  വള  കച്ചവടക്കാരന്‍മ്മാരെ  പെണ്‍ പിള്ളേരുടെ കയ്യില്‍ പിടിച്ചേ വളയിടൂ.
എന്നാലും അതിങ്ങനെ   മൈക്കില്‍ വിളിച്ചു പറയേണ്ട കാര്യമാണോ . 
"എന്താ സതീഷ്‌ ചേട്ടാ ഇത് എന്താ സംഭവം ?" 
"എടാ അത്  അക്ഷരം അറിയാത്ത ആ ദരിദ്ര വാസി വായിച്ചതിന്റെ യാണ്  . ഞാന്‍ ആ വള കച്ചവടക്കാരന്റെ പേര് ഇംഗ്ലീഷില്‍ ആണ് എഴുതിയത് "
"എന്തുവാ എഴുതിയത്  " 
" A. B.  HASAN , വള ക്കച്ചവടം " അവന്‍ ഇനിഷ്യല്‍  കൂടി ചേര്‍ത്ത് വായിച്ചു
 എ. ബി ഹസന്‍ അങ്ങനെ  ആഭാസന്‍ ആയി
 
 
 Monday, November 22, 2010

കരാട്ടെ , കുങ്ങ്ഫു , കളരി , ഗുസ്തി ................


     ബാല്യ- കൌമാര കാലത്തേ ഏതൊരു ആളിന്റെയും  സ്വപ്നങ്ങളില്‍   ഒന്നാണ്  കരാട്ടെ , കുങ്ങ്ഫു , കളരി , ഗുസ്തി ഇവയില്‍ ഒന്ന് പഠിക്കുക എന്നത് ,  എന്നിട്ട് ഉടക്കുന്നവന്റെ  മൂക്കിനിട്ട്  ഒരു ചാമ്പ് ചാമ്പുക.എന്നതും  ഈ അഭ്യാസങ്ങള്‍ പഠിപ്പിക്കുന്നവരോടും  മസില്‍ നന്നായി പെരുപ്പിച്ചു നടക്കുന്നവരോടും നമുക്കൊരു ആരാധന സ്വാഭാവികമായും ഉണ്ടാകും ശെരി അല്ലേ ... അത്തരം ഒരു വിഷയത്തിലേക്ക് വരാം.
     ന്റെ ഒരു സുഹൃത്തിന്റെ അമ്മാവന്‍ വലിയ ഒരു കരാട്ടെ മാസ്റ്റര്‍ ആണ് ,  തികഞ്ഞ ബ്രെഹ്മചാരിയും. പുള്ളിക്കാരനെ ക്കുറിച്ച് പറഞ്ഞാല്‍  ആറടി അഞ്ചിഞ്ചു പൊക്കം ,  ഉരുണ്ട മസില്‍,  വെളുത്ത  ഡ്രെസ്സിനോട്  വല്ലാതെ കണ്ടു ആഭിമുഖ്യം . മദ്യപിക്കില്ല , പുക വലിക്കില്ല യാതൊരു വിധ ലഹരിയും ഉപയോഗിക്കില്ല . പക്ഷെ ആഹാര പ്രിയന്‍ ആണ്  അതിനോട്  അടങ്ങാത്ത ആവേശമാണ് . ഒരു വിട്ടു വീഴ്ചയുമില്ല . നമ്മള്‍ ചെറുകെ ഒന്ന് പൊക്കി വിട്ടാല്‍ മതി എന്തോ വേണേലും സാധിക്കും. പക്ഷെ ഒരു കാര്യമുണ്ട് വിവാഹം എന്ന് കേള്‍ക്കുന്നതേ കലിയാ . വയസു 48 ആയെങ്കിലും വിവാഹം എന്ന മൂരാച്ചി ഏര്‍പ്പാട് പുള്ളി വെറുത്ത സംഭവമാണ് . പുള്ളിക്കാരന്റെ ഒരു രണ്ടു പല്ല്,  ലേശം,  ഒരുപാടു ഒന്നുമില്ല ഇച്ചിരി , മുന്‍പോട്ടു തള്ളിയിരിപ്പുണ്ട്  അത് കൊണ്ട് ആണ് കല്യാണം നടക്കാത്തത് എന്നാണ് കരകമ്പി.  ആള്‍ക്കാര്‍ക്ക് എന്താ പറഞ്ഞു കൂടാത്തത് . ഇതിനെ ക്കുറിച്ച് ഞങ്ങളുടെ ഒരു മുതിര്‍ന്ന സുഹൃത്ത്‌ അഭിപ്രായപ്പെട്ടത്  " dentally  forward  and mentally backward "  എന്നാണ് .  ഒരു കാര്യമുള്ളത്‌ കയ്യില്‍ പൂത്ത കാശുണ്ട് . കൂടാതെ ഏഴെട്ടു  വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് .ആളു  വലിയൊരു പുലി തന്നെയാണേ.
       ങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും എല്ലാ ഉത്സവത്തിനും പുള്ളിക്കാരന്റെ വീട് സന്ദര്‍ശിക്കുന്ന പതിവുണ്ട് . പുള്ളിക്കാരന്‍ ഒറ്റക്കാണ് താമസം . ഞങ്ങള്‍ ചെല്ലുന്നതു  പുള്ളിക്ക് വലിയ സന്തോഷമാണ്  കാരണം നല്ലൊരു സദസിനെ കയ്യില്‍ കിട്ടും പിന്നെ വീര  ശൂര പരാക്രമ കഥകള്‍ തുടങ്ങും. പുള്ളിക്കാരന്‍ അവിടെ ട്രോഫി മേടിച്ചത് , ഇവിടെ  ട്രോഫി മേടിച്ചത്, ജപ്പാനില്‍ പോയി ഇടി കൊടുത്തത് , നൂറു ഓട് ഒറ്റയടിക്ക് പൊട്ടിച്ചത്,  പറന്നടിച്ചത് , അങ്ങനെ അങ്ങനെ എന്തെല്ലാം , ഇതെല്ലാം ഞങ്ങള്‍ കേള്‍ക്കുക മാത്രമല്ല നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്യും . പാവം അറിയുന്നില്ലല്ലോ നമ്മളു വഹിക്കുകയാണെന്ന്  .  അതുകൊണ്ട് തന്നെ  ആ പാവം ഗുസ്തിക്കാരന്‍  ഞങ്ങള്‍ക്കായി നല്ല ഒന്നാം തരം അണ്ടിപ്പരിപ്പും ഈന്തപ്പഴവും ആപ്പിളും ഒക്കെ വാങ്ങി വെക്കും . ഞങ്ങളത് ഒന്നൊഴിയാതെ തീര്‍ക്കുകയും ചെയ്യും.
       ഈക്കഴിഞ്ഞ ഉത്സവത്തിനും ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും കൂടി പുള്ളിയെ അടിവില്ല്  വെക്കാനായി  പോകുവാന്‍ ഒരുങ്ങി. ഞങ്ങളുടെ കൂടെ ഒരു പുതിയ കഥാപാത്രം കൂടി ഉണ്ട് . ഞങ്ങളുടെ ഒരു സുഹൃത്തിന്റെ അമ്മാവന്റെ മകന്‍ . നല്ല സ്മാര്‍ട്ട്‌ പയ്യന്‍ ആണ് . ഒരു ഉണ്ട പക്ക്രു . ആദിത്യരാജ്  എന്ന് യഥാര്‍ത്ഥ പേരും അച്ചു എന്ന് വിളിപ്പേരും  നാലാം ക്ലാസ്സില്‍ പഠിക്കുന്നു . ഞങ്ങള് എല്ലാവരും കൂടി അവിടെ എത്തി . അങ്കിള്‍ വളരെ സന്തോഷത്തോടെ  ഞങ്ങളെ സ്വീകരിച്ചു  പെരക്കകത്തു കയറ്റി സ്വീകരണ മുറിയാകെ പുള്ളിക്കാരന്റെ വിവിധ രൂപത്തിലും ഭാവത്തിലും ഉള്ള ഫോട്ടോസ്  കാല്  പൊക്കി നില്‍ക്കുന്നത് , ആകാശത് പറന്നു നില്കൂന്നതു , ഉയര്‍ന്നു ചാടി അടിക്കുന്നത് , അങ്ങനെ അങ്ങനെ എന്തെല്ലാം. അലമാരി നിറയെ വിവിധ വലിപ്പത്തില്‍ ഉള്ള കപ്പുകളും ട്രോഫികളും ഫലകങ്ങളും പതക്കങ്ങളും  ഒക്കെ വെച്ചിരിക്കുന്നു. . അങ്കിള്‍ ഞങ്ങള്‍ക്ക് അണ്ടിപ്പരിപ്പും ആപ്പിളും ലഡുവും എടുത്തു തന്നു . എന്നിട്ട്  ജ്യൂസ്‌ എടുത്തുകൊണ്ടു വരാന്‍ അകത്തു പോയി . 
      ച്ചുവാകട്ടെ  സോഫയില്‍ നിന്നും എണീറ്റിട്ടു  , ഈ ഫോട്ടോ ഒക്കെ നോക്കി  ട്രോഫി ഒക്കെ നോക്കി അതിന്റെ അടുത്ത് നില്‍ക്കുന്നു . . അങ്കിള്‍ അകത്തൂന്ന്  വന്നു ഞങ്ങള്‍ക്ക് എല്ലാം  ജ്യൂസ്‌ കൊണ്ടു വെച്ചു ഞങ്ങള്‍ അത് എടുത്തു കുടിക്കുവാന്‍ തുടങ്ങി അങ്കിള്‍ അച്ചുവിനെ വിളിച്ചിട്ട് പറഞ്ഞു " വാ മോനെ വന്നു ജ്യൂസ്‌ കുടിക്കു .... വാ മോനെന്തു വാ നോക്കുന്നെ "
" അങ്കിളേ  ഞാനീ ട്രോഫിയും കപ്പും ഒക്കെ നോക്കുവാരുന്നു ഇതെല്ലാം അങ്കിളിന്റെയാ ........"
അങ്കിള്‍ വളരെ അഭിമാനത്തോടെ " ആന്നു മോനെ ഇതെല്ലാം അങ്കിളിന്റെയാ....."
എന്നിട്ടവന്‍ സോഫയില്‍ വന്നിരുന്നു  ജ്യൂസ്‌  കുടിക്കാന്‍ തുടങ്ങി  
അങ്കിള്‍ വീണ്ടും " മോനെന്തുവാ ആലോചിക്കൂന്നതു ?    ഇത് പോലെ വല്യ ആളാവാനാണോ...."
"അല്ല "
"പിന്നെന്തുവാ "
"   അല്ല അങ്കിളേ ഞാന്‍ ആലോചിക്കുവാരുന്നു ഈ ഇടി കൊള്ളുന്നവര്‍ക്ക്  ഇത്രേം ട്രോഫിയും മെഡലും കിട്ടുമ്പോള്‍  ഈ ഇടിയൊക്കെ കൊടുക്കുന്നവന്റെ വീട്ടില്‍ എന്തോരം ട്രോഫിയും മെഡലും കാണും ?  "
ഞങ്ങള്‍ എല്ലാവരും കൂടി ഒരുമിച്ചു ഒരു ഞെട്ട് ഞെട്ടി . സത്യം പറഞ്ഞാല്‍ 
തൊണ്ടക്ക് താഴോട്ട് ജ്യൂസ്‌  ഇറങ്ങിയോ എന്ന് ഇപ്പോഴും ഒരു സംശയമുണ്ട്‌ . അതോടെ ഉത്സവം ................ 
Thursday, November 18, 2010

ആര്‍ യു മലയാളീസ്.....................?

     നുഷ്യര്‍ ആരായാലും, " ഇനി വേണ്ട, മതി "  എന്ന് പറയുന്ന ഒരു കാര്യമേ ഉള്ളു അത് ആഹാരമാണ് . ആഹാരം വയറു നിറച്ചു കഴിച്ചാല്‍ പിന്നെ ആരായാലും പിന്നെ വേണം എന്ന് പറയാറില്ല  പക്ഷെ പണമായാലും കാറായാലും സ്വര്‍ണ്ണമായാലും വേറെ എന്ത് തന്നെ ആയാലും ഇനിയും വേണം വേണം എന്നേ പറയൂ  "മതി" എന്ന് ആരും പറയാറില്ല ശെരിയല്ലേ...................
      നി സംഭവത്തിലേക്ക് വരാം 
  വീണുകിട്ടിയ ഒരു അവധി ക്കാലം ആഘോഷിക്കാന്‍ സുഹൃത്തുക്കളോടൊപ്പം ഇത്തവണ മൈസൂര്‍ പോകാനായി തീരുമാനിച്ചു . അങ്ങനെ  ഞങ്ങള്‍ അഞ്ചു സുഹൃത്തുക്കള്‍ മൈസൂറിനു പോയി . എല്ലാവരും നേരത്തെ പോയിട്ടുണ്ടെങ്കിലും,  ഇന്റര്‍നെറ്റില്‍ നോക്കി താമസിക്കെണ്ടാതായ ഹോട്ടലുകളുടെ ലിസ്റ്റ് ഒക്കെ എടുത്തു  വ്യത്യസ്ത ആഹാരം കിട്ടുന്ന ഹോട്ടലുകളുടെ പേരും സ്ഥലവും ഒക്കെ പ്രിന്റ്‌ എടുത്തു ആണ് യാത്ര .  ഈ ബാച്ചിലെഴ്സിന്റെ  ഓരോരോ പ്രോബ്ലംങ്ങളെ .............
      ങ്ങനെ ഞങ്ങള്‍ മൈസൂരില്‍ എത്തി . ആദ്യ  രണ്ടു ദിവസങ്ങള്‍ ഒരു കുഴപ്പവും ഇല്ലാതെ പോയി . ഇപ്പോഴും മൈസൂര്‍ സൂ കാണുമ്പോള്‍ ഓര്മ വരുന്നത്   കോളേജ്  ടൂര്‍ ആണ് . അവസാന വര്ഷം ബി. എസ് .സി . കാലയളവ്‌ , സുനാമി വീശിയടിച്ചു ഏതാണ്ട് മൂന്ന് ദിവസം കഴിഞ്ഞാണ് ഞങ്ങള്‍ ടൂര്‍ പോകുന്നത് . ആശങ്കയുടെ മുള്‍മുനയില്‍ നിന്നുള്ള ഒരു യാത്ര. ആയിരുന്നു അത് . രാത്രി പുറപ്പെട്ടു ഞങ്ങള്‍ പിറ്റേന്നു മൈസൂരില്‍ എത്തി . എല്ലാവരും ഉറക്ക ക്ഷീണം . കാരണം  ന്യൂ ഇയര്‍  ബസില്‍ ആണേ  ആഘോഷിച്ചത്   എല്ലാവരിലും മുന്‍പേ ഞങ്ങളുടെ പ്രിയപ്പെട്ട കൊടുമ്പിരി അളിയന്‍ എണീറ്റ്‌  കുളിയും തേവാരവും നടത്തി റൂമില്‍ നിന്നിറങ്ങി  ഒറ്റയ്ക്ക്  കറങ്ങാന്‍ ഇറങ്ങി . കറങ്ങിയിട്ട് വന്നീട്ട്   ചങ്കില്‍ കൊള്ളുന്ന ഒരു വാര്‍ത്ത‍ അറിയിച്ചു 
" അളിയോ മൈസൂര്‍ സൂ ഇന്നവധിയാണ്‌  " 
" നിന്നോടാരാ പറഞ്ഞത് "
"അവിടെ എഴുതി വെച്ചിട്ടുണ്ട് "
" എന്തോന്ന്  "
" ടുഡേ ഹോളിഡേ  എന്ന് "
  തു കേട്ടപ്പോള്‍ സുഭാഷും നിതിനും കൂടി ഡയലോഗ് അടിച്ചു 
"അളിയോ.... അവനു ഇംഗ്ലീഷ്  നേരെ ചൊവ്വെ  വായിക്കാനറിയില്ലേ !  വേറെ വല്ലോം ആയിരിക്കും അവിടെ എഴുതിയേക്കുന്നത്  "    
കറക്റ്റ്  കാര്യമായിരുന്നു അവര് പറഞ്ഞത്  ഞങ്ങള്‍ റൂമില്‍ നിന്നിറങ്ങി സൂവിന്റെ  മുന്‍പില്‍ ചെന്നപ്പോള്‍ അവിടെ എഴുതി വെച്ചത് കണ്ടു ഞെട്ടി " ടുഡേ ഹോളിഡേ"  എന്നല്ല  " ടൂസ് ഡേ ഹോളിഡേ" എന്നാണ് . തള്ളേ .... കൊള്ളാം  അതോടെ കൊടുമ്പിരി അളിയനെ ഞങ്ങള്‍ തേച്ചു ..........................
     അത് പോകട്ടെ തിരിച്ചു  ഇപ്പോഴത്തെ യാത്രയിലേക്ക് വരാം
     ന്റര്‍നെറ്റില്‍ നിന്നും എടുത്ത ഒരു പുകള്‍ പെറ്റ ഒരു റസ്റ്റോറന്റ്  ആണ് ഞങ്ങള്‍ രാത്രിയില്‍ ആഹാരം  കഴിക്കാനായി തിരഞ്ഞെടുത്തത്. ഒരു പോഷ് ഹോട്ടല്‍ . കുറെ പരിഷ്ക്കാരികള്‍ അവിടിരുന്നു ആഹാരം കമ്പിലും സ്പൂണിലും കോര്‍ക്കുന്നു . തലയില്‍ തൊപ്പിയും വെച്ചോണ്ട് വന്ന ഒരു മഹാരാജാവ് നൂറു  പേജിന്റെ ഒരു ബുക്ക്‌ എടുത്തു തന്നു  എന്നിട്ട്  കണാകൊണാ വായില്‍  കൊള്ളാത്ത കുറെ ഡിഷസിന്റെ പേര് വിളമ്പി ഞങ്ങള്  തന്ത്രപൂര്‍വ്വം ആ മഹാരാജാവിന്റെ കയ്യില്‍ നിന്നും ആ പൊത്തകം വാങ്ങി യിട്ട്  " യു  പ്ലീസ്‌ ഗോ , വീ വില്‍ 
ഡിസ് കസ്  ആന്‍ഡ്‌  ദെന്‍  കാള്‍ യു  ഓക്കേ "
" ഓക്കേ താങ്ക് യു സര്‍ "
    ങ്ങള്‍ ഒരറ്റത്തുന്നു   പൊത്തകം വായന തുടങ്ങി കൂടാതെ സഹജമായ അലമ്പും. 
   ങ്ങനെ കുറച്ചു കഴിഞ്ഞു  ഞങ്ങള്‍ മഹാരാജാവിനെ കൈ കാട്ടി വിളിച്ചു  എന്നിട്ട്  ആ പൊത്തകം നോക്കി ഇതുവരെ കേള്‍ക്കാത്ത പേരിലുള്ള ഡിഷസിന്റെ   ഓര്‍ഡര്‍ കൊടുത്തു .  മഹാരാജാവ് അതെല്ലാം എഴുതി എടുത്തു എന്നിട്ടും പുള്ളിക്കൊരു സംശയം . ഓര്‍ഡര്‍ എടുത്തിട്ട്  പുള്ളിക്കാരന്‍ ചോദിച്ചു " ആര്‍ യു മലയാളീസ്.....? "
ഞങ്ങള്‍ കോറസായി " അതെ "
പിന്നെ മഹാരാജാവ്  ഞങ്ങള്‍ക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ധത്തില്‍ പറഞ്ഞു " സാറെ മട്ടനും ചിക്കനും ഒന്നും വേണ്ട സാറെ . അതൊക്കെ ഇത്തിരി മൂപ്പ് കൂടും . പോരാഞ്ഞു മൊത്തം കളറുമാ വയറു ചീത്തയാക്കേണ്ട  സാറെ "
ഞങ്ങള്‍ " പിന്നെ വേറെന്തുവാ നല്ലത് "
" എഗ്ഗ്  മസാല  മതി സാറെ അതാ നല്ലത് "
" എന്നാല്‍ അങ്ങനെ ആയിക്കോട്ടെ ,  ചേട്ടന്റെ പേര്  എന്തുവാ "
"ദിലീപ് " 
"നാട്ടില്‍ എവിടാ " 
"ഇടുക്കി " 
ചേട്ടന്‍ ഓര്‍ഡറുമായി പോയി 
    ഹാരം വന്നു , ഭേഷാ കഴിച്ചിട്ട്  അമ്പതു ഉറുപ്പിക ടിപ്പും  കൊടുത്തു ദിലീപ് ചേട്ടനോട് നന്ദിയും പറഞ്ഞു  പുറത്തോട്ടിറങ്ങി  ആദ്യം ചെയ്തത്  കയ്യില്‍ വെച്ചിരുന്ന ഇന്റര്‍ നെറ്റില്‍ നിന്നും എടുത്ത റസ്റ്റോറന്റ്  ലിസ്റ്റ്  ചുരുട്ടികൂട്ടി കളഞ്ഞു എന്നിട്ട്   പറഞ്ഞു " അല്ലേലും നമ്മള് മലയാളികള്   എവിടെ   ചെന്നാലും ഒന്നാണളിയാ "എഗ്ഗ് മസാലയുടെ ചിത്രം ക്കൂടി ചേര്‍ക്കുന്നു 

ഇല്ല സാറെ .... ഞാന്‍ അങ്ങനെ ചെയ്യത്തില്ല സാറെ.....

കോളേജില്‍ പഠിക്കുന്ന സമയത്തെ പുഷക്കര കാലം 
students only ബസില്‍ ആഘോഷിച്ചു അറുമാദിച്ചു പോകുന്ന ടൈം . ബെസ്റ്റ് സമയമാണണ്ണാ  ബെസ്റ്റ് സമയം രാവിലത്തെ ഇടിയും തൊഴിയും കളിയും കാര്യവും പ്രേമം മുളക്കുന്നതും ചീറ്റുന്നതും തളിരിടുന്നതും വാടുന്നതും എല്ലാം students only ബസില്‍ ആണ്  ഇവിടെയാണ് സംഗതി അരങ്ങേറുന്നത് . കഥാപാത്രം ആളൊരു പൊടി സുന്ദരിയാണ്  ലേശം ജാടയും വേലയും കയ്യില്‍ ഉണ്ട്  ഭൈമീ കാമുകന്മ്മാര്‍ കൂടുതല്‍ ഉണ്ടെന്നു സാരം കഥാപാത്രത്തിന്റെ പേര്  ഇസബെല്ല  . കഥാപാത്രം കെ എസ് ആര്‍ ടി സി  ബസില്‍ കയറുമ്പോഴേ അണ്ണന്‍മ്മാരെല്ലാം  കൂടി ബസില്‍ കയറു കയുള്ളൂ  സുന്ദരി ബുസില്‍ കയറി പുറകാലെ അണ്ണന്‍ മ്മാരും കയറി കണ്ടക്ടര്‍ ബെല്ല് കൊടുത്തു  അങ്ങനെ ബസ്‌ പന്തളം ലക്ഷ്യമാക്കി അടൂരില്‍ നിന്നും വിട്ടു  സുന്ദരിയുടെ പുറകില്‍ നിന്ന് പഞ്ചാര കലക്കാന്‍ യോഗം കിട്ടിയ വിമല്‍ കുമാര്‍  ലോകം കീഴടക്കിയ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ പോലെ നെഞ്ചും വിരിച്ചു നിന്നു രണ്ടു മൂന്നു കിലോമീറ്റര്‍ അങ്ങനെ പോയി ഇതിനിടക്ക് അവര്‍ ഒരു പാട് കാര്യങ്ങള്‍ പങ്കു വെച്ചു   കോമണ്‍ വെല്‍ത്ത്  ഗെയിംസ് , മുല്ലപ്പെരിയാര്‍ അണക്കെട്ട്,  രാഹുല്‍ ഗാന്ധി  ചുമട് എടുത്തത്‌ അങ്ങനെ എന്തെല്ലാം ബാക്കിയുള്ളവന്‍ മ്മാര്‍ ഇതു കണ്ടു കലിച്ചു PSC  റാങ്ക് ലിസ്റ്റില്‍ കയറി ഇല്ലെങ്കിലും സാരമില്ല  ഇസബെല്ലയുടെ ലിസ്റ്റില്‍ കയറി പറ്റാനായി അറിയാവുന്ന അമ്പലങ്ങളില്‍ നേര്‍ച്ച നേര്‍ന്നു . ഇനിയാണ് സംഭവം  ബസില്‍ നടക്കുന്ന ഈ സഹകരണ പ്രസ്ഥാനത്തിന്റെ കഥയൊന്നും അറിയാത്ത ഒരു കോളേജ് കുമാരന്‍ ഇതിനിടക്ക് ഒരു പണി ഒപ്പിച്ചു  ബസിന്റെ ബെല്ല് കൂട്ടി കെട്ടി . കണ്ടക്ടര്‍   സ്റ്റോപ്പില്‍ ആളിറങ്ങാന്‍ ആയി    ബെല്ലടിച്ചു  ബെല്ല് കിട്ടുന്നില്ല  സ്റ്റോപ്പില്‍ ഇറങ്ങേണ്ട അമ്മാവന്‍ കണ്ടുക്ടരിന്റെ പൂര്‍വ്വികനെയും ഡ്രൈ വറിന്റെ പൂര്‍വ്വികനെയും കൂടി ഒരുമിച്ചു വിളിച്ചു . അന്നേരമാണ് കണ്ടക്ടര്‍ കാണുന്നത് ആരോ  ബെല്ല് കൂട്ടി കെട്ടിയിരിക്കുന്നത്  സര്‍വ്വ നിയന്ത്രണവും വിട്ട കണ്ടക്ടര്‍ അലറി ആരാടാ ബെല്ലെ തൊട്ടതു ?  . പുറകില്‍ നടന്ന സംഭവം ഒന്നും അറിയാത്ത വിമല്‍ കുമാരന്‍ ഇതു കേട്ട് ഞെട്ടി , മുഖം വിളറി  തൊണ്ട യിലെ വെള്ളം പറ്റി എന്നിട്ടും സര്‍വ്വ ധൈര്യവും  എടുത്തു പുറകോട്ടു നോക്കി പറഞ്ഞു " ഇല്ല സാറെ ഞാന്‍ ഇവളെ തൊട്ടതു പോലുമില്ല അടുത്ത് നിന്നു സംസാരിച്ചു എന്നേ ഉള്ളു എനിക്കും അമ്മയും പെങ്ങളും ഒക്കെ ഉണ്ട് സാറെ . ഞാന്‍ അങ്ങനെ ചെയ്യത്തില്ല സാറെ "  
ബാക്കി പിന്നെ പറയേണ്ടതില്ലല്ലോ 

Wednesday, November 17, 2010

" ഭ്....ഭാ പന്ന കുബേര്‍ പഞ്ഞി .................................... മോനെ:


രാവിലെ ബഷീറിക്കാന്റെ ചായക്കടയില്‍ ചായ കുടിച്ചു  കൊണ്ടിരുന്നപ്പോള്‍ ആണ് സദാശിവന്‍ പിള്ള യവര്കള്‍ക്ക്  താനിന്നലെ എടുത്ത ലോട്ടറി യുടെ റിസള്‍ട്ട്‌  ഇന്നത്തെ പത്രത്തില്‍ ഉണ്ടെന്നു ഭൂതോദയം ഉണ്ടായതു . അപ്പോള്‍ തന്നെ ശ്രീമാന്‍ പിള്ള പത്രത്തില്‍ സ്പോര്‍ട്സ് പേജില്‍ സാനിയ മിര്‍സാ കൊച്ചിന്റെയോ വല്ല സയിന കൊച്ചിന്റെയോ പടമുണ്ടോ  എന്ന് സസൂക്ഷ്മം പേപ്പര്‍ അരിച്ചു പെറക്കുന്ന കുളത്തിന്റെ കിഴക്കേതിലെ രാമകൃഷ്ണന്‍ മേശരിയുടെ  രണ്ടാമത്തെ വാര്‍പ്പായ സന്തോഷ്‌ കുമാരനോടു മൊഴിഞ്ഞു " ഡേയ് ..... പയ്യനെ, ആ ലോട്ടറിയുടെ നറുക്കെടുപ്പ്  ഒന്ന് നോക്കിയേടെ.... വല്ലതും അടിച്ചോന്നു ഒന്ന് നോക്കട്ട്  ....ദാ നമ്പര്‍ പിടിച്ചോ "  സന്തോഷ്‌ കുമാരന്‍ റിസല്‍ട്ടിലോട്ടു  മുങ്ങാം കുഴിയിട്ട് നോക്കിയിട്ട് വന്നിട്ട് ധീരോദാത്തമായ ഒരു പ്രഖ്യാപനവും അങ്ങട്  നടത്തി " 'ഇല്ല ........ കൊച്ചാട്ടാ' എന്ന്  സമക്ഷവും 'ഈ മൂപ്പില്സിനു  വേറെ പണിയോന്നുമില്ലിയോ' എന്ന് മനസിലും മൊഴിഞ്ഞു . ഈ മൊഴി കേട്ടയുടനെ ശ്രീമാന്‍ സദാശിവന്‍ പിള്ളൈ " ഛെ .. അല്ലേലും നമ്മള്‍ ക്കൊന്നും ഈ പുല്ലു അടിക്കില്ലാലോ... " എന്ന് മറു മൊഴി നല്‍കി .
ഇത്  കേട്ടപ്പോള്‍ ഉഡായിപ്പിന്റെ  ആഗോള അവതാരമായ  സന്തോഷ്‌ കുമാരന്റെ മനസില്‍ ഒരു ലഡ്ഡു പൊട്ടി.
ടമാര്‍ ... പടക്... ഡിഷ്യും.......  
മൂപ്പിലാന്‍ തന്റെ ഒരു നല്ല ഇര ആണെന്ന്  സന്തോഷ്‌ കുമാരന്‌ തോന്നി . ചായ കുടിച്ചു പുറത്തോട്ടിറങ്ങിയ സദാശിവന്‍ പിള്ളൈ യവര്കളുടെ പുറകെ സന്തോഷ്‌ കുമാരന്‍ ബ്ലാഹി അടുത്ത് കൂടി .
" അല്ല കൊച്ചാട്ടാ ഇതിനു മുന്‍പ് വല്ലോം അടിച്ചിട്ടുണ്ടോ ? "
" ഓ.. അതിന്നെലയും  കൂടി ആ അമ്മിണിയുടെ കടയില്‍ നിന്നും രണ്ടു ഗ്ലാസ്‌  വാറ്റടിച്ചതല്ലിയോ.."
" അതല്ല കൊച്ചാട്ടാ ...ലോട്ടറി വല്ലോം അടിച്ചിട്ടുണ്ടൊന്നു ? "
" എടാ ഉവ്വേ,  എടുക്കുന്നതല്ലാതെ ഒരു പത്തു രൂപ പോലും അടിക്കത്തില്ലെടാ , നമുക്ക് എരണം കേട്ട സമയമാ , അതീന്നു കര കയറാതെ  ഒരു കൊണവും പിടിക്കത്തില്ലെടാ "
" കൊച്ചാട്ടാ  ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ നമ്മുടെ മാവിളയിലെ ജോസ് അച്ചായന്  ഇപ്പോള്‍ ഇത്ര സൌകര്യ മായത്  എങ്ങനാ ?  ഇവിടെ ആക്ക്രി പെറുക്കി നടന്ന  ഷാനവാസ്‌ എങ്ങനാ രക്ഷപെട്ടത്  ? "
"എടാ ജോസിന്റെ മക്കള്‍ എല്ലാം അബുദാബിയില്‍ അല്ലിയോ  ? " 
" അവന്മമാരവിടെ ഈന്ത പനയില്‍ കയറുവാ , അതൊന്നുമല്ല കാര്യം "
" പിന്നെ എന്തുവാ "
" കഴിഞ്ഞ  വര്ഷം ജോസ് അച്ചായന്‍ ഒരു സാധനം വാങ്ങി വീട്ടില്‍ വെച്ചു. അതില്‍ പിന്ന രക്ഷപെട്ടത് , ഷാനവാസും ഈ സാധനം മേടിച്ചു വീട്ടില്‍ വെച്ചു മുപ്പതിന്റെ അന്ന് അവനു നിധി കിട്ടി "
" ഉള്ളതാണോടാ. എന്തുവാ അവന്‍ മേടിച്ചു വെച്ചത്  "
" കൊച്ചാട്ടന്‍ ഈ ടി വി  യൊന്നും കാണത്തില്ലിയോ  "
" ഓ നമുക്കെവിടാടാ നേരം , ചിലപ്പോള്‍ വാര്‍ത്ത‍ കാണും , ചിലപ്പോള്‍ വല്ല സീരിയലോ വല്ലതും കാണും അത്രേ ഉള്ളു "
" എന്റെ കൊച്ചാട്ടാ രാവിലെ ഒരു എട്ടര മണി ക്ക്  ടി വി  ഒന്ന് കാണണം അതില്‍ ഒരു സംഭവത്തിന്റെ പരസ്യം കാണിക്കും  കുബേര്‍ പഞ്ഞി  സൂപ്പര്‍ സാധനമാ വീട്ടില്‍ ഒരെണ്ണം ഒന്ന് വാങ്ങി വെച്ചേ ഈ ദുരിതമെല്ലാം അതോടെ മാറും"
കൊച്ചാട്ടന്‍ വീട്ടില്‍ ചെന്ന്   ടി വി കണ്ടു സംഗതി  നേരില്‍ ബോധ്യപ്പെട്ടു  ഇതേലെ ഒരു സംഗതി ഒന്ന് വാങ്ങിക്കാന്‍ തീരുമാനിച്ചു  പക്ഷെ സാധനത്തിനു 9600 രൂപ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്താല്‍ 7600 രൂപ മാത്രം. 
അന്ന് രാത്രി കിടന്നിട്ടു കൊച്ചാട്ടനു ഉറക്കം വന്നില്ല ഇത്   വാങ്ങിക്കണോ വേണ്ടായോ എന്നുള്ള ചിന്ത വല്ലാതെ മനസ്സില്‍ കിടന്നു തിരിഞ്ഞു കളിക്കുന്നു . സൌഭാഗ്യം ഇല്ലേല്‍ പണം തിരിച്ചു തരും എന്നുള്ള ഉറപ്പും ഉണ്ട് . എന്തായാലും നാളെ രാവിലെ നേരം വെളുത്തിട്ടു സന്തോഷ്‌  കുമാരനെ പോയിക്കാണാന്‍ തീരുമാനിച്ചു  രാവിലെ സൈക്കിളും എടുത്തു  ചായ കുടിക്കാനായി പോയി ചായ കുടിച്ചു കൊണ്ടിരുന്നപ്പോള്‍ സന്തോഷ്‌ കുമാരന്‍ വന്നു " ഡേയ്  ആ സംഗതി നമുക്കൊന്ന് നോക്കണമല്ലോടാ ... നീയ്  എപ്പോഴാ അങ്ങോട്ട്‌ ഒന്ന് വരുന്നേ "
" അത് കൊച്ചാട്ടാ  ഞാനാ നമ്പറും എഴുതിക്കൊണ്ട് അങ്ങോട്ട്‌ ഒരു പതിനൊന്നു മണിയാകുമ്പോള്‍  അങ്ങോട്ട്‌ വരാം കൊച്ചാട്ടാ " 
ഏതാണ്ട് പതിനൊന്നു  മണിയായപ്പോള്‍ കൊച്ചന്‍ വീട്ടില്‍ വന്നു . കൊച്ചാട്ടനുമായി  ഒരു ഹൈ ലെവല്‍ ചര്‍ച്ച തന്നെ നടത്തി . അവസാനം ചര്‍ച്ചയില്‍ കാര്യങ്ങള്‍  ഉരുത്തിരിഞ്ഞു .
ചര്‍ച്ചയുടെ കൂട്ടികിഴിക്കലിന്റെ അവസാനം വീട്ടില്‍ നിന്ന പശുവിനെ കൊച്ചാട്ടന്‍ 8500 ഉറുപ്പികയ്ക്ക്   വിറ്റു. വിറ്റു കിട്ടിയ  കിട്ടിയ കാശിനു  വാറ്റടിക്കാതെ സന്തോഷ്‌ കുമാരനെയും കൂട്ടി നേരെ എറണാകുളം ലക്ഷ്യമാക്കി ആന വണ്ടി കയറി. 
എറണാകുളത്ത് ചെന്ന്   കുബേര്‍ പഞ്ഞിയുടെ ആപ്പീസ്  കണ്ടു പിടിച്ചു.അവിടെ ഇരുന്ന ഒരു ഡംഭു പെണ്ണ് സായ്പ്പിന്റെ ഭാഷയില്‍ എന്തോ മൊഴിഞ്ഞു . ആശാന്  ആ പരിഷക്കാരി പെണ്ണ് പറഞ്ഞത് മനസിലായില്ല  കൂടെ വന്ന സില്‍ബന്ധിയോടു ചോദിച്ചു 
" എന്തുവാടാ ആ ഒരുമ്പെട്ടവള് പറഞ്ഞത് " 
" അത് കൊച്ചാട്ടാ,  ഇവിടിരി ഇപ്പോള്‍ ഇതിന്റെ മൊയലാളി വരും അങ്ങേരെ കാണാമെന്നു " 
അങ്ങനെ മൊയലാളി വന്നു രണ്ടു പേരെയും അകത്തോട്ട്  വിളിച്ചു തണുത്ത മുറിക്കകത്ത് ഇരുത്തി . 
കുബേര്‍ പഞ്ഞിയുടെ കൊണഗണങ്ങള്‍  വിശേഷിപ്പിച്ചു  പശുവിനെ വിറ്റുകിട്ടിയ കാശും മൊയലാളി യുടെ കയ്യില്‍ കൊടുത്തു കയ്യും  പിടിച്ചു കുലുക്കി അവിടുന്നിറങ്ങി. .
സന്തോഷ്‌ കുമാരന്‍, കൊച്ചട്ടനെ ബ്ലാഹി നേരെ അടുത്തുള്ള ബാറില്‍ കയറി അഞ്ഞൂറ്  രൂഭാ..പൊടിപ്പിച്ചു .
 രണ്ടു  ഡ്രിങ്കന്‍മ്മാരും കൂടി മൂക്കറ്റം ഡ്രിങ്കിയേച്ചു ഏതാണ്ട് ഒരു ഏഴു ഏഴര ആയപ്പോള്‍ നാട്ടിലെ മണല്‍ തരികളില്‍ ആടിയാടി പാദമുറപ്പിച്ചു.
ഉടനെ ഉണ്ടാകാന്‍ പോകുന്ന സൌഭാഗ്യങ്ങള്‍  സ്വപ്നം കണ്ടു കൊച്ചാട്ടന്‍  കിടന്നുറങ്ങി .
രാവിലെ അഞ്ചു മണിക്ക്  എണിറ്റു , കുബേര്‍ പഞ്ഞി യുടെ മൊയലാളി പറഞ്ഞ കാര്യങ്ങള്‍ മനസില്‍ ഓര്‍ത്തു   അത് പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്തു തുടങ്ങി , പെട്ടി തുറന്നു ,  കുബേര്‍ പഞ്ഞിയുടെ നൂല് കൊണ്ടു നൂറ്റ തുണി കൊണ്ടു ഉണ്ടാക്കിയ കൊടിക്കൂറ ഉമ്മറത്ത്‌  തൂക്കി , നാലു ചെമ്പ് തകിടും പുരയിടത്തിന്റെ നാലു മൂലക്കും കുഴിച്ചിട്ടു. കേറി വരുന്ന സ്റ്റെപ്പിന്  മുന്‍വശം ഒരടി താഴ്ചയില്‍ ചെറിയ കുടം കുഴിച്ചിട്ടു , നാലു ഏലസില്‍ ഒരെണ്ണം കൊച്ചാട്ടനും രണ്ടാമത്തേത്  ഭാര്യ വിലാസിനിക്കും   മൂന്നാമത്തേത്  മൂത്ത മകള്‍ രാജശ്രീ ക്കും നാലാമത്തേത്  രണ്ടാമത്തെ മകള്‍ വിജയശ്രീ ക്കും നല്‍കി . പക്ഷെ അന്നേരം ഒരു പ്രശ്നം ഈ കുബേര്‍ പഞ്ഞി മന്ത്രം കേള്‍ക്കാനുള്ള സി . ഡി പ്ലയെര്‍ ഇല്ല . എന്തോ ചെയ്യും അവസാനം വീട്ടിലുണ്ടായിരുന്ന പശുക്കിടാവിനെയും കൂടി വിറ്റു തുക കണ്ടെത്തി.മാന്ത്രിക കുബേര്‍ പഞ്ഞി  ചരട്  ദിവസും പൂജിക്കുവാന്‍ അമ്പലത്തില്‍ പോകാന്‍ മൂത്ത മകള് രാജശ്രീയെ  ചുമതലപ്പെടുത്തി . അങ്ങനെ സമ്പന്നനാകാനുള്ള ശ്രെമങ്ങള്‍ ആരംഭിച്ചു. 
എന്നും രാവിലെ നാലരമണിക്ക്  എണിറ്റു കുളിച്ചു ഈറനുടുത്തു  സി ഡി പ്ലയറില്‍ കുബേര്‍ പഞ്ഞി മന്ത്രം ഇട്ടു ഓരോ ദിവസവും ആരംഭിക്കും .
ഏതാണ്ട് മുപ്പതു ദിവസം തികയുന്നതിനു മുന്‍പ് സംഭവിക്കേണ്ടതു  സംഭവിച്ചു .
ഒരു ദിവസം രാവിലെ വീശിയടിച്ച കാറ്റില്‍  ഓണത്തിന് കൊല വെട്ടാന്‍ വെച്ചിരുന്ന മുപ്പതു മൂട് വാഴ നിലം പൊത്തി. ഇതിന്റെ അപേക്ഷ കൊടുക്കാന്‍  സൈക്കിളും ചവിട്ടി കൃഷി ഭവനിലേക്ക് പോയ . ശ്രീമാന്‍ സദാശിവന്‍ പിള്ളൈയവര്‍കളെ മണ്ണും കൊണ്ടു പാഞ്ഞു പോയ ടിപ്പര്‍ ഇടിച്ചു തെറുപ്പിച്ചു. . കയ്യും കാലും ഒടിഞ്ഞു ദേഹമാസകലം മുറിവുമായി ശ്രീമാന്‍ പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ആശുപത്രിയില്‍ ഓടിക്കൂടിയ ബന്ധുക്കളുടെയും  നാട്ടുകാരുടെയും കൂട്ടത്തില്‍ മൂത്തമോള് രാജശ്രീയെ കണ്ടില്ല . ഇടറിയ ശബ്ദത്തില്‍ കൊച്ചാട്ടന്‍ ചോദിച്ചു " അവളെവിടെ .... രാജി ... "
എല്ലാരും മുഖത്തോട് മുഖം  നോക്കിയതല്ലാതെ ഒന്നും പറയുന്നില്ല 
" എന്താ .... എന്താ .... എന്തോ പറ്റി ...  ? "
ആരോ പറഞ്ഞു " കൊച്ചാട്ടാ...  അവള്..... അമ്പലത്തിലെ ശാന്തിക്കാരന്റെ കൂടെ ഒളിച്ചോടി "
ഇതും കൂടെ കേട്ടപ്പോള്‍ കൊച്ചട്ടന്റെ തല തലയണയില്‍ വീണു .
എന്താ സംഭവിച്ചത് എന്ന് അറിയാതെ എല്ലാവരും വിഷമിച്ചു  വിളിച്ചു കൂവലായി 
അടുത്തുണ്ടായിരുന്ന സന്തോഷ്‌  കുമാരന്‍  മുഖത്ത് വെള്ളം തളിച്ചു . ബോധം വീണ പിള്ളേച്ചനോട്  സന്തോഷ്‌  കുമാരന്‍  ചോദിച്ചു " എന്തുവാ കൊച്ചാട്ടാ...... എന്തോ പറ്റി ......"
കൊച്ചാട്ടന്‍ വേദന കടിച്ചു പിടിച്ചു " ഭ്....ഭാ  പന്ന കുബേര്‍ പഞ്ഞി .................................... മോനെ ഇതില്‍ കൂടുതല്‍ എന്തോ പറ്റാനാടാ ...."


വാല്‍ക്കഷണം : അല്ല ഇന്നത്തെക്കാലത്തെ സ്വര്‍ണത്തിന്റെ വിലയോര്‍ത്താല്‍  ശ്രീമാന്‍ സദാശിവന്‍ പിള്ളൈയവര്‍കളെ കുബേര്‍ പഞ്ഞി സൌഭാഗ്യവാനാക്കിയില്ല എന്ന് പറയാന്‍ പറ്റുമോ ? 
 


 
  

Saturday, November 13, 2010

എന്തുവാ ടീച്ചറെ .....എന്തുവാ ഈ ചെറുക്കന്‍ വായിച്ചതു ?

പ്രൈമറി സ്‌കൂള്‍  അധ്യാപനത്തിന്റെ രസ ചരടുകള്‍ കോര്‍ത്തിണക്കിയ ഒരു ചിത്ര മായിരുന്നു ' ദൂരെ ദൂരെ ഒരു കൂട് കൂട്ടാം' അതില്‍ മോഹന്‍ ലാല്‍ അഭിനയിച്ച ഒരു പ്രൈമറി സ്‌കൂള്‍  അധ്യാപകന്റെ ഇംഗ്ലീഷ് പ്രാവീണ്യം ( സാള്‍ട്ട് മാംഗോ ട്രീ = ഉപ്പുമാവ് )    ശെരിക്കും എല്ലാവരെയും ചിരിപ്പിക്കുകയും ഒപ്പം ഒരു പ്രൈമറി സ്‌കൂള്‍  അധ്യാപകന്റെ ഇംഗ്ലീഷ്  നിലവാരത്തെ  വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അല്‍പ്പം അതിശയോക്തി ഉണ്ടെങ്കിലും അതില്‍ പറയുന്ന ചില കാര്യങ്ങള്‍ സത്യമാണ് 
അതിന്റെ ഒരു കഥയിലേക്ക്‌ വരാം
കൊച്ചാലുംതറ എല്‍.പി സ്കൂളിന്റെ മൂനാം ക്ലാസ്സില്‍ സൌദാമിനി ടീച്ചര്‍ ഇംഗ്ലീഷ് പഠിപ്പിക്കന്നു. അന്ന് ജൂണ്‍  5 ലോക പരിസ്ഥിതി ദിനമാണ്  . ബോര്‍ഡില്‍  NATURE  എന്ന് എഴുതിയിട്ടുണ്ട്.   മൂന്നാം ക്ലാസ്സ്‌ എ ഡിവിഷനിലെ കെ. അരുണ്‍ കൃഷ്ണനെ എണീപ്പിച്ചിട്ടു ടീച്ചര്‍ ബോര്‍ഡില്‍ എഴുതിയേക്കുന്നത്‌   വായിപ്പിച്ചു അരുണ്‍കൃഷ്ണന്‍  വായിച്ചു  നട്ടൂറി . ഇത് കേട്ട് കൊണ്ടാണു ഹെഡ് മാസ്റ്റര്‍  താമരാക്ഷന്‍ പിള്ളൈ സാറ്  ക്ലാസിലോട്ടു  കയറി വരുന്നത്  സാറിത് കേട്ട് ഞെട്ടി എന്നിട്ട്  ടീച്ചറിനോട് ചോദിച്ചു എന്തുവാ ടീച്ചറെ .....എന്തുവാ ഈ ചെറുക്കന്‍ വായിച്ചതു ? " നട്ടൂറി"യെന്നോ ഇവനൊക്കെ ഇങ്ങനെ വായിച്ചു പഠിച്ചാല്‍ നാട്ടുകാരും വീട്ടുകാരും എന്തോ പറയും അത് തന്നോ നാളത്തെക്കാലത്ത്  ഇവന്റെ  "ഫുട്ടൂറി" (FUTURE ) എന്താകും ടീച്ചറെ ?  സൌദാമിനി ടീച്ചര്‍ : "എന്തോ ...  ചെയ്യാനാ സാറെ, ഇവനെയൊക്കെ എത്ര പറഞ്ഞു പഠിപ്പിച്ചാലും ഇവനൊക്കെ ഇങ്ങനെ വായിക്കൂ , അഹങ്കാരം അല്ലാതെന്തുവാ .. ഇനി ഇവനെയൊക്കെ എങ്ങനെ പഠിപ്പിക്കാനാ... എന്നെകൊണ്ട്‌  വയ്യാ സാറെ ... ഇവനെ ഒന്നും പഠിപ്പിക്കാന്‍  അല്ലാ ഇവനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല അല്ലേലും ഇവന്റെ ഒക്കെ കള്ട്ടൂറിയെ (CULTURE ) ഇതൊക്കെ തന്നാ....

Tuesday, November 9, 2010

ഏഴിലം പാല പൂത്തു

ഏഴിലം പാല പൂത്തു...............  അതെ, മലയാളക്കരയാകെ വശ്യ സുഗന്ധവും പരത്തി ഏഴിലം പാല പൂത്തുലഞ്ഞു. നാട്ടിന്‍ പുറങ്ങളിലും പല വഴിയോരങ്ങളിലും  മാദക  സുഗന്ധവും പേറി നില്‍ക്കുന്ന ഏഴിലം പാല തുലാമാസത്തില്‍ ആണ് പൂക്കുന്നത്. 
മുത്തശ്ശി കഥകളിലെ ഭീതി നിറഞ്ഞ സാന്നിധ്യമാണ് ഏഴിലം പാല . പാലപ്പൂവിന്റെ മണം ഒഴുകി വരുന്ന രാത്രികളില്‍ പാലയില്‍ വസിക്കുന്ന യക്ഷി വഴിയാത്രക്കാരെ വശീകരിച്ചു  പാലമരത്തിലേക്ക്   കൊണ്ടു പോയി രക്തം ഊറ്റി   കുടിക്കുമെന്നും പിറ്റേന്ന് രാവിലെ ആളിന്റെ എല്ലും മുടിയും മാത്രമേ കിട്ടുകയുള്ളൂ  എന്നുമുള്ള മുത്തശ്ശി കഥകള്‍ ആരിലും ചെറുപ്പകാലത്ത് ഭീതി ഉയര്‍ത്തുന്നതായിരുന്നു . കൂടാതെ പാലമരത്തില്‍ ഗന്ധര്‍വന്‍ വസിക്കുന്നുവെന്നും ഗന്ധര്‍വന്‍പെണ്‍കിടാങ്ങളെ പ്രലോഭിപ്പിക്കുമെന്നുമുളള കഥകളും ഉണ്ടായിരുന്നു . പാല പൂക്കുമ്പോള്‍  ആ മണമേറ്റ്   പാമ്പുകള്‍ പാലച്ചുവട്ടില്‍ എത്തുമെന്നുമുള്ള വിശ്വാസവും ഉണ്ട്  ഒരുപക്ഷെ കേരളത്തിലെ ഒട്ടു മിക്ക കാവുകളിലും  പാലയുണ്ട് എന്നതാവാം അതിനു കാരണം   പക്ഷെ എന്ത് തന്നെ ആയാലും ഈ വശ്യ സുഗന്ധം ഏതൊരാളിലും ഒരു നിശബ്ദ റൊമാന്‍സിന്  വഴി തെളിക്കും എന്നതില്‍ സംശയമില്ല.

   ഴക്കാലം കഴിഞ്ഞു പ്രകൃതി മഞ്ഞു കാലത്തേക്ക്  പോകുന്ന ഈക്കാലയളവില്‍ പകലിനു ദൈര്‍ഘ്യം കുറവും രാത്രിക്കു ദൈര്‍ഘ്യം കൂടുതല്‍ ആണ് . തണുപ്പരിച്ചിറങ്ങുന്ന ഈ രാവുകളുടെ നിറ സുഗന്ധമായി പാലപ്പൂ മണം  ഒഴുകിയിറങ്ങും .
ലയാളിക്ക് പാലപ്പൂവ് എന്ന് കേട്ടാല്‍ ഓര്‍മ്മ വരിക പദ്മരാജനും ഒപ്പം ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയും ആണ് . മലയാള കവികള്ക്കിടയില്‍  ഇത്ര മാത്രം സ്വാധീനം ചെലുത്തിയ വേറൊരു പൂവില്ല്ലെന്നു തന്നെ പറയാം കാരണം അത്ര മാത്രം  മികച്ച സിനിമാ ഗാനങ്ങളും ലളിത ഗാനങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട് 
* പാലപ്പൂവേ  നിന്‍ തിരു മംഗല്യ താലി തരു .............  
* ഏഴിലം പാലപ്പൂത്തു  പൂ മരങ്ങള്‍ കുട പിടിച്ചു ..............
*  പൂവേ .. പൂവേ... പാലപ്പൂവേ ...... 
*  പാലപ്പൂവിതളില്‍ ..... വെണ്ണിലാ പ്പുഴയില്‍
*   ഏഴിലം പാല തണലില്‍ ...... ഏഴഴകുള്ള ..........
                    അങ്ങനെ അനവധി ഗാനങ്ങള്‍
ഏഴിലം പാലയ്ക്ക് ഈ പേര് വരാന്‍ കാരണം ഒരിതളില്‍ ഏഴ് ഇലകള്‍ ഉള്ളതുകൊണ്ടാണത്രെ .  ഏഴിലം പാല അപ്പോസൈനസി (Apocynaceae) എന്ന സസ്യ കുടുംബത്തിലെ അംഗമാണ്  . ഇതിന്റെ ശാസ്ത്ര നാമം  അല്സ്ടോനിയ സ്കൊളാരിസ്  ( Alstonia scholaris) . ലോകത്തെമ്പാടും ഏതാണ്ട് നാല്‍പ്പതു മുതല്‍ അമ്പതു വരെ വ്യത്യസ്ത സ്പീഷ്യസ്  (species) ഉണ്ടെന്നാണ് ശാസ്ത്ര മതം . ഇന്ത്യയില്‍ മാത്രമല്ല ആഫ്രിക്ക , മധ്യ അമേരിക്ക, ന്യൂസിലാന്റ് , ആസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലും പാലയുടെ സാന്നിധ്യമുണ്ട്. നിത്യ  ഹരിത വനങ്ങളിലെ സജീവ സാന്നിധ്യമാണ് പാലമരങ്ങള്‍ .  ഏഴിലംപാല , യക്ഷിപ്പാല , ദൈവപ്പാല, കുടപ്പാല, കുരുട്ടു പാല  തുടങ്ങി കേരളത്തില്‍ അങ്ങോളം ഇങ്ങോളം പാലകള്‍ക്ക് അനവധി നാമധേയങ്ങള്‍ ഉണ്ട്. ആംഗലേയത്തില്‍ ഇതിനു ഡെവിള്‍ ട്രീ എന്നും പേര് .   
ആയുര്‍വേദത്തില്‍ പാല ഒരു മരുന്നായി ഉപയോഗിക്കുന്നു .


കരിമുളക്കല്‍  പെട്രോള്‍ പമ്പി നടുത്ത്

പയ്യനല്ലൂര്‍ നിന്നുള്ള ദൃശ്യം

" പാലമേല്‍ " പഞ്ചായത്തിന് മുന്‍ വശത്തുള്ള പാല രാത്രി ദൃശ്യം

" പാലമേല്‍ " പഞ്ചായത്തിന് മുന്‍ വശത്തുള്ള പാല പകല്‍  ദൃശ്യം

എള്ളും വിളയിലെ പാല മരം 

എള്ളും വിളയിലെ പാല മരം

എള്ളും വിളയിലെ പാല മരം

പാലമേല്‍ 

അയലത്തെ പാല 
കടപ്പാട് : 
 * കുസാറ്റില്‍ നിന്നും കായംകുളത്തേക്കുള്ള യാത്രയില്‍ പാല പ്പൂവിന്റെ മണം നുകര്‍ന്ന്  ഓര്‍മ്മ പങ്കിട്ട ഡോ: സാബു
 * ഇളംപള്ളില്‍  എള്ളും വിളയില്‍ രഞ്ജിത് ,ഇളംപള്ളില്‍ അരുണ്‍ കൃഷ്ണന്‍   ( പാതിരാത്രി പടം എടുക്കാന്‍ കൂടെ വന്ന പുരുഷ കേസരികള്‍ )
.

Friday, November 5, 2010

എന്താ അസുഖം .............................................. ?


പന്തളം എന്‍. എസ് .എസ് കോളേജ് ,  പ്രീ ഡിഗ്രി , ഡിഗ്രി പൊളിച്ചടുക്കിയത്‌  ഇവിടെയാണ് . കലാലയ ജീവിതം , ജീവിതത്തില്‍ സുഖമുള്ള ഒരു ഓര്‍മ്മയാണ്  അല്ലേ?.   വിശേഷിച്ചു ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ്  കോളേജ് വിദ്യാഭ്യാസം .

  പ്രീ ഡിഗ്രി പോയതോടെ കോളേജിന്റെ ഗ്ലാമര്‍ പോയി എന്ന് ആരും സമ്മതിക്കും . കോളേജ്  വിദ്യാഭ്യാസ കാലത്തേ ചില ഓര്‍മ്മകള്‍ പങ്കു വെയ്ക്കാം . സുഖമുള്ള ഓര്‍മ്മയോടൊപ്പം മനസില്‍ നൊമ്പരമുണര്‍ത്തുന്ന ചില ഓര്‍മ്മകളും ഉണ്ട് . 
ഡിഗ്രി കാലയളവില്‍ ഉണ്ടായ ചില  ചെറിയ ചെറിയ നേരമ്പോക്കുകളിലേക്ക് വരാം . 

ഒരു കാര്യം സംശയമില്ലാതെ എല്ലാവരും സമ്മതിക്കും ഇനി ആരൊക്കെയാ ,എന്തൊക്കെയ,  ആനയാ , കൂനയാ എന്നൊക്കെ പറഞ്ഞാലും ഫസ്റ്റ് ഇയര്‍ എന്നും ഫസ്റ്റ്  ഇയറാ . അതില്‍ ആര്‍ക്കും സംശയമില്ലേ?  ഇല്ലല്ലോ ?   അതാണ് ! 
ഡിഗ്രി മൂന്നാം വര്ഷം കോളേജില്‍ ചെരക്കുന്ന കാലയളവ്‌  . ഏതാണ്ടൊരു ഓഗസ്റ്റ്‌  മാസം . ഫസ്റ്റ്  ഇയറിലെ കുഞ്ഞുങ്ങള്‍ ചിത്രശലഭങ്ങളെ പ്പോലെ പാറിപ്പറക്കാന്‍  വന്നു തുടങ്ങി .   പ്രീ ഡിഗ്രി കോളേജില്‍ നിന്നും പോയതോടെ  ഡിഗ്രിക്കായി കോളേജില്‍ വരുന്നവര്‍ക്കാര്‍ക്കും മുന്‍പരിചയം ഇല്ലാലോ  അതിനാല്‍ സെക്കന്റ്‌ ഇയര്‍കാരനും  തേര്‍ഡ്  ഇയര്‍കാരനും കൂടി അടക്കി വാഴുന്ന സാമ്രാജ്യത്തിലെക്കാണ്  പാവപ്പെട്ട കുഞ്ഞാടുകള്‍ കടന്നു വരുന്നത് . അതുകൊണ്ട് തന്നെ പെണ്‍ കുഞ്ഞാടുകളെ മേയ്ക്കാന്‍  ഇടയന്മ്മാര്‍ അനവധി ഉണ്ടാകും. ചിലപ്പോള്‍ ഒരു കുഞ്ഞാടിന് തന്നെ പല ഇടയന്മ്മാര്‍ ഉണ്ടാകും  അവരില്‍ ആര് ആദ്യം മേയ്ക്കണം എന്ന് പറഞ്ഞു മത്സരം ഉണ്ടാകും  . ഒരു ധാരണ എത്തിയാല്‍ പിന്നെ കുഞ്ഞാടും ഇടയനും കൂടി കോളേജിന്റെ വിവിധ ഭാഗങ്ങളില്‍ മേഞ്ഞു നടക്കുന്നത് കാണാം . ഇതൊക്കെ പതിവ് കാഴ്ചകള്‍.

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒരു എട്ടു എട്ടര മണിമുതല്‍ പത്തു  പത്തര വരെ  അടൂര്‍ കെ.എസ് .ആര്‍. ടി.സി ബസ്‌ സ്റ്റാന്‍ഡില്‍ ശബരിമല മണ്ഡല കാലത്തേ തിരക്കാണ് . വരുന്ന കിടാങ്ങളെ ഓരോ ബസില്‍ കയറ്റിവിടണം  പെണ്‍കിടാങ്ങള്‍ എത്തിയാല്‍ ഡ്രൈവറുടെ ഡോര്‍ വഴി അകത്തു കടന്നു പെങ്കൊച്ചിനു കൂടിയുള്ള സീറ്റ്‌ പിടിക്കണം അങ്ങനെ കടുത്ത ഉത്തരവാദിത്വങ്ങള്‍  ആണ്‍ ശിങ്കങ്ങള്‍ക്ക് ഏറേ  ഉണ്ട് .

ഇതിലെ കഥാപാത്രങ്ങള്‍ എല്ലാം ഇപ്പോഴും ചുറു ചുറുക്കോടെ,  ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നു എന്നതും പ്രധാന കഥാപാത്രം വിവാഹം കഴിച്ചത് ഒരു പട്ടാള ക്കാരനെ ആണ് എന്നതും ഇതിലെ കഥാപാത്രങ്ങളുടെ പേര് പറയുന്നതില്‍ നിന്നും പിന്‍മ്മാറാന്‍ എന്നെ പ്രേരിപ്പിച്ചിരിക്കുന്നു  ( പട്ടാളം പുരുഷു പറഞ്ഞത് പോലെ പട്ടാളക്കാരന് എന്തുമാകാമല്ലോ ;- മീശ മാധവന്‍ )
മൂന്നാമത്തെ  പീരിയഡില്‍ ക്ലാസ്സ്‌ ഇല്ലായിരുന്നു അതിനാല്‍ ക്ലാസ്സിലിരുന്നു അന്താക്ഷരി കളിച്ചു പഠിക്കുന്നു . അപ്പോള്‍ ഫിസിക്സ്‌ ല്‍ ഉള്ള ഒരു സുഹൃത്ത്‌  വന്നിട്ട്  പറഞ്ഞു " അളിയാ ഫസ്റ്റ്  ഇയര്‍ ഇംഗ്ലീഷില്‍ ഒരു ഫിഗര്‍ വന്നിട്ടുണ്ട്  അടൂര്‍  ഏരിയ ആണ് പക്ഷെ  കര പിടിക്കുന്നില്ല ചുമ്മാതിരിക്കുവാണേല്‍  അളിയനൂടെ വാ  " ഞാന്‍ അപ്പോള്‍ അന്താക്ഷരി ഒരു വഴിക്ക് എത്തിക്കേണ്ടത്‌ കൊണ്ട്  " അളിയന്‍ നോക്കിക്കോ ഇപ്പോള്‍ ഇവിടെ ഇത്തിരി പണിയുണ്ട്  ഓക്കേ ......അല്ലേല്‍ അളിയന്‍ ഒരു കാര്യം ചെയ്യൂ കെമിസ്ട്രി യില്‍ ചെന്ന്  മച്ചമ്പിയേയും കൂടെ വിളിച്ചോ  അവന്‍ പ്രാക്ടിക്കല്‍ കഴിഞ്ഞു ഇറങ്ങി കാണും " 
സത്യം പറഞ്ഞാല്‍ അന്നത്തെ ദിവസം ആ ക്കാര്യം  പിന്നെ നോം അങ്ങട് മറന്നു  . അതിന്റെ കാര്യം അങ്ങട്  വിട്ടേ പോയി .
പിറ്റേ ദിവസം ഫിസിക്സ്‌ ലെ   അളിയനെ അടൂര്‍ സ്റ്റാന്‍ഡില്‍ വെച്ച് കണ്ടപ്പോള്‍ പറഞ്ഞു " മച്ചാ അവള്  ഒരു രക്ഷയുമില്ലടെ . അവള് നോര്‍ത്ത് ഇന്ത്യയില്‍ നിന്നും ഉള്ള ഇറക്കു മതിയാണ്  അങ്ങോട്ട്‌ ഇടിച്ചു കയറിയണക്കെയും  ഒരു  മൈന്റും ഇല്ലളിയാ . അല്ല കുഴപ്പമില്ല അവള്  ഇവിടുന്നു പന്തളം ബസിനു കയറുമല്ലോ അന്നേരം ഞാന്‍ പൊക്കിക്കോളാം... "  കൂട്ടുകാരനെ ഒറ്റക്കിട്ടു പോകുന്ന തിന്റെ   വിഷമം കൊണ്ട് മാത്രം ഞങ്ങള്‍ സ്ഥിരമായി പോകുന്ന  STUDENTS  ONLY  ബസിനെ ഒഴിവാക്കി . അയ്യേ അല്ലാതെ വേറെ ഒന്നുംകൊണ്ടല്ല കേട്ടോ .
പക്ഷെ ഞങ്ങള്‍ മൂന്ന് പേരുടെയും പ്രതീക്ഷകളെ പൂവണിയിച്ചു   കൊണ്ട്  ഉത്തരേന്ത്യ യില്‍ നിന്ന്  വന്ന ആ സുന്ദരി അടൂര്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ചു . പക്ഷെ ഞങ്ങളുടെ എല്ലാ പ്രതീക്ഷകളെയും തല്ലിക്കെടുത്തികൊണ്ട്  ആ കശ്മല അടൂര്‍ സ്റ്റാന്‍ഡിലേക്ക് വന്ന കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറി  ( ഇതിനാണോ കാരണവന്മ്മാര്‍  'കിഴക്കൂന്നു വന്നതുമില്ല ഒറ്റാലില്‍ കിടന്നതുമില്ല ' എന്ന് പറയുന്നത് ) എന്തായാലും ഒരു കാര്യം ഉറപ്പ് ഉത്തരേന്ത്യ യില്‍ എവിടോ ജോലി ചെയുന്ന ആ ചിന്ന കശ്മലയുടെ മാന്യ പിതാശ്രീ അടുപ്പിച്ചു അഞ്ചാറ് തവണ തുമ്മി ക്കാണും.
അടുത്ത ബസിനു കയറി ഞങ്ങള്‍ കോളേജില്‍ എത്തി . മൂന്ന് പേരും അവരവരുടെ ക്ലാസ്സില്‍ പോയി.  ഉച്ചക്ക് അളിയന്മ്മാര് രണ്ടു പേരും കൂടി മാത് സ്   ഡിപ്പാര്ട്ട്മെന്റില്‍ വന്നു കൂടുതല്‍ ഇന്ഫോര്‍മേഷനുമായി . ആ പെണ്‍ കിടാവ് സൂപ്പര്‍ ഫാസ്റ്റ് ബസിനു അടൂര് നിന്നും കയറി  പന്തളം സ്റ്റാന്‍ഡില്‍ വന്നിട്ട് ഓട്ടോ പിടിച്ചാണത്രെ കോളേജില്‍ വരുന്നത് , ചുരിദാര്‍ രണ്ടു സൈഡും സാധാരണയിലും കവിഞ്ഞു കീറിയിടാറുണ്ടത്രേ. പിന്നെ പൊടിക്ക് ലിപ്സ്ടിക്കും ഹൈ ഹീല്‍ഡു ചെരുപ്പും ചുരുക്കത്തില്‍ അവളൊരു പരിഷ്ക്കാരിയാണ്‌  എന്ന് . ഏത് ? 
അങ്ങനെ ഫിസിക്സ് ലെ അളിയന്‍   ആ കൊച്ചു പരിഷ്ക്കാരിയെ ദെത്തെടുക്കാന്‍  തീരുമാനിച്ചു . പിറ്റേന്ന് അളിയനെ കണ്ടപ്പോള്‍ ഒരു മ്ലാനത . തിരക്കിയപോള്‍ അളിയന്‍ നടന്ന സംഭവം എല്ലാം പറഞ്ഞു  അളിയന്‍ നേരേ  ചെന്ന് ആ പരിഷ്ക്കാരിയോട്  കാര്യങ്ങള്‍ എല്ലാം പറഞ്ഞു  ആ ചിന്ന കശ്മല പറഞ്ഞത്രേ " അയാം ഹിയര്‍  കമിംഗ് ഫോര്‍ സ്റ്റഡിസ്  നോട് ഫോര്‍ എനി അദര്‍ ബിസിനെസ്സ് . ഡോണ്ട്  ഡിസ്ടര്ബ് മീ "  ഇത് കേട്ടപ്പോള്‍ അവള്‍ക്കിട്ടു ഒരു പണി കൊടുക്കണമെന്ന് തീരുമാനിച്ചു ഉറപ്പിച്ചു പക്ഷെ അളിയന്‍ ഫസ്റ്റ് ഇയര്‍ മലയാളത്തില്‍ ഒരു ചൂണ്ട ഇട്ടത് കൊണ്ട്  അവളെ തത്ക്കാലം ഒഴിവാക്കി .

ഇനിയാണ് സംഗതി നടക്കുന്നത് . അടൂരിലെ ഏറ്റവും പ്രശസ്തനായ ഫിസിഷ്യന്‍ ആണ് അടൂര്‍  ഗവ : ഹോസ്പിറ്റലില്‍ ജോലി ചെയുന്ന ഡോക്ടര്‍  ജോണ്‍ പീറ്റര്‍ . ഏറേ കൈപ്പുണ്യമുള്ള, മനസലിവുള്ള ഒരു ഡോക്ടര്‍ ആണ്  അദ്ദേഹം.  ഗവ : ഹോസ്പിറ്റലില്‍ ഉച്ച വരെ ജോലി നോക്കിയതിനു ശേഷം അദ്ദേഹം  വീട്ടില്‍  മൂന്നു മണിമുതല്‍ രോഗികളെ പരിശോധിക്കും . അവിടെ പോയിട്ടുള്ളവര്‍ക്കറിയാം നമ്പര്‍ വിളിച്ചു  നാലു രോഗികളെ  ഒരുമിച്ചാണ്  കണ്‍സല്ട്ടിംഗ്  റൂമിലേക്ക്‌  കയറ്റുന്നത് . നേരത്തെ ഫോണില്‍ വിളിച്ചു നമ്പര്‍ ബുക്ക്‌ ചെയ്യണം . രണ്ടു ദിവസമായി കടുത്ത തലവേദനയും പനിയും . കോളേജില്‍ നിന്നും മൂന്ന് മണിയായപ്പോള്‍, മറ്റേ രണ്ടു അളിയന്മ്മാരെ കൂട്ടി  ഡോക്ടറിനെ കാണാനായി അടൂരിലേക്ക് പോന്നു . ഡോക്ടറുടെ വീട്ടില്‍ വന്നപ്പോള്‍ ആ പരിഷ്ക്കാരിപ്പെണ്ണ്‍  അവിടെ നില്‍ക്കുന്നു കൂടെ വേറെ ഒരു പച്ച പരിഷ്ക്കാരിപ്പെണ്ണ്‍ ഉണ്ട്  രണ്ടും കൂടി അവിടെ ക്കിടന്നു പൂന്തു വിളയാടുന്നു . അങ്ങോട്ട്‌ കയറി ഒന്ന് ചിരിച്ചിട്ട് ആ ബ്ലെഡി  ഫൂള്‍സ് ഒന്ന്  തിരിച്ചു ചിരിക്കാനുള്ള മര്യാദ പോലും പോലും കാണിച്ചില്ല . 
ഇനിയാണെ  സംഭവം .............
അവരുടെ നമ്പര്‍ 10   ഞങ്ങളുടേത് 14  . ഡോക്ടര്‍  നമ്പര്‍ വിളിച്ചു  10 , 11 , 12 . പതിമൂന്നു വിളിച്ചെങ്കിലും അവര് വരാത്തതിനാല്‍ അടുത്ത നമ്പര്‍ ആയ പതിനാല് വിളിച്ചു  . ഭാഗ്യം വരുന്ന ഓരോ വഴിയെ. .
ഡോക്ടര്‍  പരിഷ്ക്കാരിയെ ആദ്യം നോക്കി . എന്നിട്ട്  ചോദിച്ചു എന്താ?  എന്ത് പറ്റി ? 
പരിഷ്ക്കാരി : " സര്‍ യെസ്റ്റെര്‍ഡേ പുറത്തു നിന്ന് ഫുഡ്‌ കഴിച്ചു , ആഫ്ടര്‍ ദാറ്റ്‌   മെനി  ടൈംസ്‌  ഒമിറ്റിംഗ് ഉണ്ടായി "
ഡോക്ടര്‍  : " ശെരി, വേറെ എന്തെങ്കിലും  "
 പരിഷ്ക്കാരി : " സ്ടോമക്ക്  അപ് സെറ്റാ "
ഡോക്ടര്‍ : " ലൂസ് മോഷന്‍ ആയിട്ടാണോ "
 പരിഷ്ക്കാരി :  : യെസ്  സെവെന്‍  എയിറ്റ്  ടൈംസ്‌  ഉണ്ടായി "
 ഡോക്ടര്‍  മരുന്ന്  കുറിച്ച് കൊടുത്തു
ഞാനും തലവേദനക്കും  പനിക്കുമുള്ള ഉള്ള മരുന്ന് കുറിച്ച് വാങ്ങി .  
പിറ്റേന്നു രാവിലെ ഞങ്ങള്‍ മൂന്ന് അളിയന്മ്മാരും കൂടി  പതിവിലും നേരത്തെ കോളേജില്‍ വന്നു. പരിഷ്ക്കാരി പതിവുപോലെ സൂപ്പര്‍ ഫാസ്റ്റ് ബസിനു  കയറി എത്തി  ഫിസിക്സിലെ അളിയന്‍ ക്ലാസ്സില്‍ പോയി  രണ്ടു ഫൈവ് സ്റ്റാര്‍ നല്‍കാമെന്ന ഉറപ്പില്‍ സ്വെന്തം ക്ലാസ്സിലെ ഒരു പെണ്കൊച്ചിനെയും കൊണ്ട് 11 മണിയായപ്പോള്‍ ഫസ്റ്റ് ഇയര്‍ ഇംഗ്ലീഷ് ക്ലാസ്സിനടുത്തു എത്തി . ഞാനും കെമിസ്ട്രി യിലെ അളിയനും കൂടി അവരവരുടെ ക്ലാസ്സിലെ അണ്ണന്‍ മ്മാരെ എല്ലാം കൂടി വിളിച്ചു ഈ പരിഷ്ക്കാരിക്കിട്ട് ഒരു പണി കൊടുക്കേണ്ടത് പലരുടെയും ആവശ്യമായതിനാല്‍ പുരുഷ കേസരികള്‍ പലരും കൂടി . 
തിരക്കഥ ഇപ്രകാരമാണ്  ഞങ്ങളുടെ വനിതാ സുഹൃത്ത്‌  ഫസ്റ്റ്  ഇയറില്‍ കയറി ആ പരിഷ്ക്കാരിയോട്  പേര് ചോദിക്കണം , എവിടാ വീടെന്നു ചോദിക്കണം കൂടാതെ  മോളിന്നലെ വന്നില്ലായിരുന്നോ എന്നും ചോദിക്കണം .
ഇത്ര മാത്രം ചോദിച്ചിട്ട്  ക്ലാസിനു വെളിയില്‍ വരുമ്പോള്‍ രണ്ടു ഫൈവ് സ്റ്റാര്‍ തരും .
 വനിതാ സുഹൃത്ത്‌  ഫസ്റ്റ്  ഇയറില്‍ കയറി  പരിഷ്ക്കാരിയെ ക്കണ്ട്  ആദ്യം പേര് ചോദിച്ചു , പെങ്കൊച്ചു പേര് പറഞ്ഞു പിന്നീട് വീടെവിടെ  എന്ന് ചോദിച്ചു അതിനും മറുപടി പറഞ്ഞു ഞങള്‍ എല്ലാവരും കൂടി ജനലിനടുത്തു നില്‍ക്കുകയാണ്  അടുത്ത ചോദ്യം മോളിന്നലെ വന്നില്ലായിരുന്നോ ? പരിഷ്ക്കാരി : " ഇല്ല " അപ്പോഴേക്കും ഫിസിക്സിലെ അളിയന്‍ ഇടപെട്ടു " അതെങ്ങനെ വരാനാ ആ കൊച്ചിന്നലെ വയറിളകി കിടക്കുവല്ലായിരുന്നോ ? മക്കളെ ഇപ്പോള്‍ വയറ്റിളക്കം എങ്ങനെ ഉണ്ട് കൊറഞോ " 
ആ ചിന്ന കശ്മല  തകര്‍ന്നു തരിപ്പണമായി  
എന്നിട്ടും വിട്ടില്ല  നമ്മളങ്ങനെ ആ പരിഷ്ക്കാരിയെ  വിടുമോ ? ക്ലാസ്സിന്റെ വരാന്ത  യില്‍ നിന്ന് ഒരളിയന്‍ ഒറക്കെ ചോദിച്ചു " എന്താ അസുഖം " എല്ലാവരും കൂടി കോറസായി " വയറ്റിളക്കം ......................... " 

വാല്‍ക്കഷണം : ഫിസിക്സിലെ അളിയന്‍ ഇപ്പോള്‍ പട്ടാളത്തില്‍ , പരിഷ്ക്കാരി പെണ്ണ്  ഇപ്പോള്‍ അവന്റെ പോണ്ടാട്ടിയും
 
 

Thursday, November 4, 2010

അയ്യോ .. അയിനകൊണ്ട്‌ ഞാനെന്തരു പറഞ്ഞു ടീച്ചറെ .

തിരുവനന്തപുരം പോയിട്ടുള്ളവര്‍ എല്ലാവരും ഒരു പോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്  ഓട്ടോക്കാര്‍ എന്ന് പറഞ്ഞാല്‍ അത്  തിരുവനന്തപുരത്തെ ഓട്ടോക്കാര്‍ ആണ്  ഓട്ടോക്കാര്‍ . "കൊലയോടെ അറക്കുക" എന്നത്  എങ്ങനെ ആണ് എന്ന് നമുക്ക്  അവര് ബോധ്യമാക്കി തരും. എന്നാല്‍ എല്ലാവരും ഇങ്ങനെ ആയിരിക്കണമെന്നില്ല . മീറ്റര്‍ ഇട്ടു ചെറിയ ഓട്ടം ഓടില്ല എന്നുമാത്രമല്ല ഇര തിരുവനന്തപുരത്ത്  ആദ്യമാണെന്ന് ബോധ്യപ്പെട്ടാല്‍ പിന്നെ അവര് 2 സെക്രടറിയേറ്റും 3  ചന്ദ്ര ശേഖരന്‍ നായര്‍   സ്റ്റേഡിയം  2 പാളയം 3 ഇന്ത്യന്‍ കോഫി  ഹൌസ്  ഇവ കാണിക്കും അത് തര്‍ക്കമില്ല . ഇനി മീറ്റര്‍ ഇട്ടാലോ ഉള്ള  ഊട് വഴി എല്ലാം ഓടിച്ചേ നമ്മളെ കൊണ്ടു ചെന്ന് എത്തിക്കൂ . അതുകൊണ്ട് തന്നെ തിരുവനന്തപുരം എത്തി ഓട്ടോ വിളിച്ചാല്‍ ഉടനെ തന്നെ ചെയുന്ന പരിപാടി വണ്ടിയേല്‍ കയറിയാല്‍ പിന്നെ ലോക കാര്യങ്ങള്‍ പറയുമ്പോള്‍ " അണ്ണാ , എന്തരു , സൊഖം , മഴകള് , മറ്റും , തന്നെ, ഓ ........." തുടങ്ങിയേ മൊഴിയൂ   കാരണം അനുഭവം ആണല്ലോ ഗുരു  ഇത്  കടുവയെ പിടിച്ച കിടുവയുടെ കഥയാണ് .

മനുഷ്യന് കഷ്ട്ട കാലം തുടങ്ങുമ്പോള്‍ ചെയ്യുന്ന 2 കാര്യങ്ങള്‍ ഉണ്ട്  ഒന്ന് വീടുപണി തുടങ്ങുക മറ്റൊന്ന്  വിവാഹം കഴിക്കുക . ഇതില്‍ ആദ്യത്തെ കഷ്ട്ടകാലം തുടങ്ങി അതായതു  പെരപണി . 
നാട്ടിലുള്ള മേശരിമ്മാരെ വിട്ടു ഹാബിറ്റാറ്റ് ശങ്കര്‍ സാറിനെ കണ്ടു  പടവും വരപ്പിച്ചു ,  കല്ലും കുഴിയില്‍ പെറുക്കിയിട്ടു പെരപണി തുടങ്ങി 
 മേശരിമ്മാരു എല്ലാം  തിരോം ന്തോരംകാരാണ് .  രാവിലെ  എട്ടര മണിക്ക് പയ്യനല്ലൂര്‍ ദേശത്ത്  അണ്ണന്‍മ്മാരെല്ലാം കൂടി  പെര കെട്ടികൂട്ടാന്‍ എത്തും . പണിക്കാരെല്ലാം ഉഷാറാണ്.  നല്ല ചുറുചുറു ക്കുള്ള  ചെറുപ്പക്കാര്‍ ആണ് എല്ലാവരും  . ബിനുവണ്ണന്‍, ഷൈജു , പ്രാഞ്ചിയേട്ടന്‍‍ , ............. ആറ് ഏഴു എണ്ണം ഉണ്ട് എല്ലാം പുലികള്‍ ആണ്      ഇതില്‍ 2 എണ്ണം ഉത്തരേന്ത്യ ക്കാര് കൊച്ചുങ്ങള്‍ ആണ് . അതില്‍ ഒരുത്തനെ ഞാന്‍ സ്കെച്  ചെയ്തിട്ടുണ്ട്  വാര്‍പ്പിനു  ഇറക്കി യിട്ടിരിക്കുന്ന കമ്പി യില്‍ 16 MM  ന്റെ  ഒരു   കമ്പി കഷണം മുറിച്ചു ഞാന്‍ ബാക്കി അവനു കരുതി വെച്ചിട്ടുണ്ട് . ആ വൃത്തികെട്ടവന്‍ വെറും 27 വയസ്സ് മാത്രം പ്രായമുള്ള എന്നെയും  53 വയസുള്ള പടിഞ്ഞാറ്റയിലെ  രാധാകൃഷ്ണന്‍ കൊച്ചട്ടനെയും അങ്കിളേ എന്നാ വിളിക്കുന്നത്‌ . തെങ്ങിനും കമുകിനും ഒരേ തളപ്പോ . കുരുത്തംകെട്ടവന്‍   ഇതിനെ എല്ലാം മേച്ചുകൊണ്ടു ഒരു കണ്‍ട്രാക്കും  മണികണ് ടന്‍ . ഭയങ്കര മാന്യന്‍ ആണെന്നാണ്  പുള്ളിയുടെ അവകാശവാദം  പെരപണി സമയത്തിന് നടക്കേണ്ടത്‌ കൊണ്ടു  ഞാന്‍ ഈ അവകാശവാദം എല്ലാം സമ്മതിച്ചു കൊടുത്തിട്ടുണ്ട്‌ . പിന്നെ ഈ പുലികള്‍ക്കെല്ലാം  പേടിയുള്ള മറ്റൊരു പുപ്പുലി ഉണ്ട്  ടി .പി മധുസൂദനന്‍ . ഹാബിറ്റാറ്റിലെ സീനിയര്‍ എഞ്ചിനീയര്‍ . പുള്ളി പത്തനംതിട്ടയില്‍ കാല്  കുത്തുന്നു എന്നറിഞ്ഞാല്‍ ഈ പുലികള്‍ എല്ലാം വെറും പാവപ്പെട്ട കുഞ്ഞാടുകള്‍ ആയി മാറും.
ഇനി സംഭവത്തിലേക്ക്  വരാം 
 തിരോം ന്തോരത്തെ ഓട്ടോക്കാരെക്കവച്ചു വെച്ച ഒരു സംഭവം ഉണ്ടായി . പണിക്കാര്‍   എല്ലാം താമസിക്കുന്നത് പത്തനംതിട്ടക്കടുത്തു ഓമല്ലൂര്‍ എന്നയിടത്താണ് . പയ്യനല്ലൂരും ഓമല്ലൂരും തമ്മില്‍  വെറും ഒരു " പയ്യന്റെയും ഓമയുടെയും " മാത്രം   വ്യത്യാസമല്ല   ഉള്ളത്  20 കിലോ മീറ്ററിന്റെ  കൂടി വ്യത്യാസം ഉണ്ട് . ചിലപ്പോള്‍ ഇവര്‍ രാവിലെ പഴകുളത്ത്  ബസ്‌ ഇറങ്ങി  ഓട്ടോ വിളിച്ചു  പയ്യനല്ലൂര്‍ ദേശത്തിന്  വരുകയാണ് ചെയ്യാറ്.  സാധാരണ പഴകുളത്ത്   നിന്ന് ഓട്ടോവിളിച്ചാല്‍ പയ്യനല്ലൂരിനു 30  ഉറുപ്പികയാണ്  ഓട്ടോ ക്കൂലി പക്ഷെ ഇവര്‍ ഇവിടുത്ത് കാരല്ല എന്നു മനസിലാക്കിയ ഓട്ടോ ചേട്ടന്‍ 40  ഉറുപ്പിക വാങ്ങി . രാവിലെ പണി സൈറ്റില്‍ വന്നു ഇവരിത് മണിയണ്ണനോട് പറഞ്ഞു. മണിയണ്ണന്‍ തിരിച്ചു " എടാ അതിനു നീ ഒക്കെ ഇവിടുത്ത് കാരല്ല എന്ന്  ഓട്ടോക്കാരന്  മനസിലായി  കാണും അതെങ്ങനാ വണ്ടി വിളിക്കുംമ്പോഴേ അണ്ണാ പയ്യല്ലൂരു പോണല്ലോ എന്നു പറയരുത്  കേട്ടോ
അനുചരന്മമാര്‍  ഉപദേശം ശിരസാ വഹിച്ചു 
പക്ഷെ  പിറ്റേ ദിവസം വേറൊരു ഓട്ടോ വിളിച്ചപ്പോഴും ഇതു തന്നെ സംഭവിച്ചു ഓട്ടോ ചേട്ടന്‍ 40  ഉറുപ്പിക വാങ്ങി. വീണ്ടും അനുചരന്മമാര്‍ മണിയണ്ണന്റെ അടുത്ത് പരാതിപറഞ്ഞു . മണിയണ്ണന്‍ തിരിച്ചു ചോദിച്ചു " നീയൊക്കെ വണ്ടി വിളിച്ചപ്പോള്തിരോംന്തോരം ഭാഷ പറഞ്ഞോടെ ? "
അനുചരന്മമാര്‍ ::  " ഇല്ലണ്ണാ
മണികണ് ടന്‍  സീനിയര്‍ മേശരി ബിനുവിനോട്  " ഉള്ളത് തന്നെടേ "
ബിനുവണ്ണന്‍ : ഉള്ളത്  വണ്ടി വിളിച്ചപ്പോള്യെവന്മ്മാര്  തിരോംന്തോരം ഭാഷ പറഞ്ഞില്ല കേട്ടാ പക്ഷെ വണ്ടിയില്ഇരുന്നു സംസാരിച്ചു "
മണികണ് ടന്‍  " മതിയെല്ലോ ഓട്ടോക്കാരന്പിന്നെ പൊട്ടനാണല്ലോനാളെ മുതല്നീ എല്ലാം ബസിനു വന്നാല്മതി "
ഓട്ടോ  അതോടെ കട്ട്‌ ..............
വാര്പ്പിനു തട്ടടിക്കാനായി തെങ്ങ് വാങ്ങാനായി മണികണ് ടന്‍  കണ്‍ട്രാക്ക്  നൂറനാടിനു പോയി അവടെ ചെന്ന് തെങ്ങ് വില പറഞ്ഞു അവിടെ പോയപ്പോള്‍ ഒരു അനുചരനെ കൂടി കൊണ്ടു പോയി . പിറ്റേന്ന് രാവിലെ അനുചരനോട് പറഞ്ഞു " നീ രാവിലെ അവടെ ചെല്ലണം.  തെങ്ങ്  വെട്ടാനുള്ള ആളിനെയും വിളിച്ചോണ്ട്  ഞാന്‍ അങ്ങോട്ട്‌ വരാം " 
അനുചരന്‍ " ശെരിയണ്ണാ "
അനുചരന്‍ രാവിലെ തെങ്ങ്  മേടിച്ചിട്ട  വീട്ടില്‍ ചെന്നു 
 അനുചരന്‍ ചെന്നു 5 മിനിട്ടു  തികച്ചായിക്കാണില്ല. ആ വീട്ടില്‍ നിന്നും ഒരു ഫോണ്‍ " മണികണ് ടന്അത്യാവശ്യമായി ഇവിടെ വരെ ഒന്ന് വരണം അത്യാവശ്യമാണ്‌  വന്നേ പറ്റു "
എന്താണെന്നറിയാതെ  മണികണ് ടന്ബൈക്കും പറത്തി വീട്ടില്എത്തി . വീട്ടില്ചെന്നപ്പോള്ആണ് പുകിലറിഞ്ഞത്  . തെങ്ങ് മേടിക്കാന്ചെന്ന പയ്യന് വീട്ടില്ചെന്നു വൃത്തികെട് പറഞ്ഞത്രേ . മണിയണ്ണന്കലിച്ചു പയ്യനെ അടുത്ത്  വിളിച്ചു ചൂടായി " എന്തുവാടാ പുളുംന്താനെ നീ ഇവടെ പറഞ്ഞത്  " 
പയ്യന്‍ " അന്നാ ഞാന്നിരവരാധിയാ ഞാന്വേണ്ടാത്തത് ഒന്നും പറഞ്ഞില്ല " എന്നിട്ട്പയ്യന്നടന്ന കാര്യം പറഞ്ഞു  അത് ഏതാണ്ട് ഇപ്രകാരമാണ്  
തെങ്ങ് മേടിച്ചിട്ട വീട്ടില്പയ്യന്രാവിലെ ചെന്നു . അവിടെ ചെന്നു ബെല്ലടിച്ചു  വീട്ടില്‍ 5 പേരാണുള്ളത്  വീടിന്റെ കാരണവര്‍  നീലകണ്പിള്ള, റിട്ട : തഹസീല്ദാര്‍ . മകന്ആലപ്പുഴ എസ് .ബി .ടി  യില്ജോലി ചെയ്യുന്ന അനില്കുമാര്‍ , മരുമകള്ലേഖ  ഒരു സ്വകാര്യ സ്കൂള്അദ്ധ്യാപിക,   2 കൊച്ചു മക്കള്ദേവപ്രസാദ്  ആറാം  ക്ലാസ്സില്‍, ദേവ ഗായത്രി മൂന്നാം ക്ലാസ്സില്‍ . അനില്സര്രാവിലെ ബാങ്കില്പോയി , നീലകണ് പിള്ള  
യവര്കള്രാവിലെ കൊച്ചുങ്ങളെ സ്കൂളില്വിടാനായി പോയി , ടീച്ചര്സ്കൂളില്പോകാനായി ഒരുങ്ങുമ്പോള്ആണ്  സംഭവം നടക്കുന്നത്  പയ്യന്രാവിലെ ചെന്ന്  ബെല്ലടിച്ചു . ടീച്ചര്സ്കൂളില്പോകുന്ന തിരക്കില്‍ , ടീച്ചര്അകത്തു നിന്ന് വിളിച്ചു ചോദിച്ചു " ആരാ എന്ത് വേണം ? "
പയ്യന്‍ " തെങ്ങുകളും  മറ്റും   വെട്ടാവന്നതാണ്    യാരുവില്ലിയോ.. ഇവടെ?  "
ടീച്ചര്‍ :" ഇവിടിപ്പോള്ഞാന്മാത്രമേ ഉള്ളു   വേറെ ആരും ഇല്ല പോയിട്ട് പിന്നെ  വാ "
പയ്യന്‍ : " ഓ .. തന്നെ , എന്നാ ടീച്ചറെ ഞാന്വരട്ടോ.... ? "
ടീച്ചര്‍: " ഒരു ആട്ട്  ആട്ടി  .............  തെമ്മാടി  വേണ്ടാതീനം പറയുന്നോ . ഞാന്‍  ആരെന്നു വിചാരിച്ചെടാ വാല് മാക്രി
പയ്യന്‍  : " അയ്യോ .. അയിനകൊണ്ട്‌  ഞാനെന്തരു  പറഞ്ഞു ടീച്ചറെ .... "
മണികണ് ടന്‍ .കണ്‍ട്രാക്കിന്  ആശ്വാസമായി . ഹാവൂ ഇത്  ഭാഷാ വ്യത്യാസമാണ്‌  പയ്യന്‍ മൊഴിഞ്ഞ  തിരോംന്തരം ഭാഷ ടീച്ചറിന് മനസിലാകാത്തത്  ആണ് സംഗതി . പയ്യന്‍ വീട്ടില്‍ ആരുമില്ലാത്തതിനാല്‍ പോയിട്ട്  പിന്നെ വരാം  എന്ന്  വളരെ ബഹുമാനത്തോടു കൂടി ടീച്ചറിനോട്  പറഞ്ഞതാ പക്ഷെ പറഞ്ഞത്  തിരോംന്തരം ഭാഷയില്‍ ആയതിനാല്‍ ടീച്ചര്‍ തെറ്റിദ്ധരിച്ചു .

വാല്‍ക്കഷണം  : മണികണ് ടന്‍ .കണ്‍ട്രാക്ക്  അനുചരന്മ്മാരെ എല്ലാം കഥകളി പഠിപ്പിക്കുവാന്‍ പോകുന്നു  എന്നൊരു ശ്രുതിയുണ്ട്