ഭക്ത ജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വാശിയുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത് പഞ്ചായത്തിലോ നിയമസഭയിലോ പാര്‍ലമെന്റിലോ അല്ല മറിച്ചു അമ്പല കമ്മിറ്റി തിരഞ്ഞെടുപ്പിലാണ് . എന്താ പുകില് . ഇതിന്റെ പിന്നില്‍ ഒരു കാര്യമുണ്ട് എന്താണന്നെല്ലേ . അമ്പല കമ്മിറ്റി ഭാരവാഹി ആയാല്‍ കിടന്നു പിന്നെ അറുമാദിക്കരുതോ . ഒരു ഉത്സവം , അഞ്ചു ഗണപതി ഹോമം , ഒരു സപ്താഹം അങ്ങനെ എന്തെല്ലാം എന്തെല്ലാം , പിരിവിനു പിരിവു. വല്ല തടസ്സവും ഉണ്ടോ ? നമ്മള് ചെന്ന് എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി ഒരു നൂറു രൂപ പിരിവു ചോദിക്കൂ തരില്ല എന്ന് മാത്രമല്ല ഇവനൊന്നും വേറെ പണിയൊന്നും ഇല്ലേ എന്നും ചോദിക്കും . എന്നാല്‍ നിങ്ങള്‍ ഒരു അമ്പലത്തിന്റെ പേരില്‍ പിരിവു ചോദിക്ക് അന്നേരം ആയിരങ്ങള്‍ തരും എന്ന് മാത്രമല്ല പോന്നു പോരായിക ഉണ്ടേല്‍ ചോദിക്കാന്‍ മടിക്കേണ്ട കേട്ടോ എന്നൊരു വാക്കും പറയും .
പുത്തന്‍ പണക്കാരന്‍ ആയ ഗള്‍ഫുകാരന്‍ ബാബു പിള്ള ( മൊതലാളി ) ആണ് ഇത്തവണത്തെ കമ്മിറ്റി ഭാരവാഹി . സംഗതി പുള്ളി ഒന്ന് പൂന്തു വിളയാടാന്‍ വേണ്ടി ഒപ്പിച്ചതാണ് ..
പത്തു ദിവസത്തെ ഉത്സവം തന്നെ ചാര്‍ട്ട് ചെയ്തു . ഒന്‍പതാം ഉത്സവത്തിന് പുള്ളിക്കാരന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഗാനമേളയും . നോട്ടീസ് അടിച്ചു കരക്കാരെ മൊത്തം സംഗതി അറിയിച്ചു .
അമ്പലത്തിന്റെ മൈതാനത്തിന്റെ അടുത്ത് പുള്ളിക്കാരന് ഒന്നര ഏക്കര്‍ മരച്ചീനി കൃഷി ഉണ്ട് . കിഴങ്ങ് പിടിച്ചു തുടങ്ങുന്നതേ ഉള്ളു . നല്ല കൃഷി ആണ് . തരക്കേടില്ല .
ഗാനമേള തുടങ്ങി .. പാട്ട് മലയാളത്തില്‍ നിന്നും ഇറങ്ങി തമിഴിലോട്ടു കയറ്റം പിടിച്ചു തുടങ്ങി. കാണികളും രസം പിടിച്ചു . ഉള്ളില്‍ കിടക്കുന്ന തൊട്ടു വിസ്കിയും കരി ഓയിലും ജവാനും ഒക്കെ ഉണര്‍ന്നു ഡാന്സ് കളിയ്ക്കാന്‍ തുടങ്ങി . സ്റ്റേജില്‍ ഒരു വശത്ത് മൈക്ക് ആര്‍ക്കും കൊടുക്കാതെ ആള് കളിച്ചു കൊണ്ടിരുന്ന ബാബു പിള്ളൈ മൊതലാളി ഇത് കണ്ടു പുളകിതനായി.
ഇനി യാണ് സംഭവം .
ഡാന്‍സ് കളിച്ചു കൊണ്ടിരുന്ന ഏതോ ഒരുവന് ഡാന്‍സ് കളിക്കുമ്പോള്‍ എന്തോ ഒരു കുറവ് ഉണ്ടെന്നു തോന്നി . എന്ന് മാത്രമല്ല അത് കയ്യില്‍ തൂപ്പ് ഒന്നും ഇല്ലാത്തതിന്റെത് ആണെന്നും മനസിലാക്കി . അങ്ങനെ ആ പ്രഭു ദേവ ഡാന്‍സ് കളിക്കുമ്പോള്‍ തുള്ളുന്നതിനായി ബാബു പിള്ളൈ മൊതലാളിയുടെ മരച്ചീനി തോട്ടത്തില്‍ കയറി ചീനിയുടെ മണ്ട ( തലപ്പ് ) ഒടിച്ചു.
സ്റ്റേജില്‍ ഇരുന്ന മൊതലാളി ഇത് കണ്ടു . മൊതലാളി മൈക്ക് കയ്യില്‍ എടുത്തു പറഞ്ഞു " ഭക്ത ജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക് ചുറ്റുവട്ടത്തുള്ള കൃഷിയിടങ്ങളില്‍ കയറി കൃഷി നശിപ്പിക്കരുത് "
അടുത്ത അടിപൊളി മലയാളം പാട്ട് തുടങ്ങി . കയ്യില്‍ ചീനി തലപ്പുമായി തുള്ളുന്നത് കണ്ട സഹ ഡാന്സര്‍മ്മാര്‍ പോയി വീണ്ടും ഒടിച്ചു . കൊച്ചാട്ടന്‍ നോക്കിയപ്പോള്‍ വീണ്ടും കുറെ എണ്ണത്തിന്റെ കയ്യില്‍ ചീനി തലപ്പ് . "
മൊതലാളി വീണ്ടും മൈക്ക് കയ്യില്‍ എടുത്തു
" ഭക്ത ജനങ്ങള്‍ ദയവായി ശ്രദ്ധിക്കുക മരച്ചീനി കമ്പ് ഒടിച്ചു ഡാന്‍സ് തുള്ളരുത്. കൃഷിയിടങ്ങളില്‍ കയറി മരച്ചീനി നശിപ്പിക്കാതെ നോക്കുക "
എവിടെ കേള്‍ക്കാന്‍ ....ആരു കേള്‍ക്കാന്‍ .........
സംഗതിയും ടെമ്പോയുമുള്ള പാട്ട് വന്നപ്പോള്‍ വീണ്ടും ചീനി തലപ്പ് ഒടിഞ്ഞു .... സ്വാഭാവികം മാത്രം
ഇത് കണ്ടപ്പോള്‍ ബാബു പിള്ളൈ മൊതലാളിയുടെ രക്തം തിളച്ചു . സംയമനം കൈവിടാതെ പുള്ളി മൈക്കില്‍ കൂടി വീണ്ടും അനൌണ്‍സ് ചെയ്തു . " ഭക്ത ജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക് ., ഭക്ത ജനങ്ങള്‍ കൃഷിയിടങ്ങളില്‍ കയറി മരച്ചീനി കമ്പ് ഒടിച്ചു ഡാന്‍സ് ചെയ്യരുത് എന്ന് ദേവി നാമധേയത്തില്‍ അറിയിക്കുകയാണ് . ചീനി തലപ്പ് ഒടിച്ചു ചീനി കൃഷി നശിപ്പിക്കരുതേ എന്ന് സ്നേഹത്തിന്റെ ഭാഷയില്‍ സാഹോദര്യത്തിന്റെ ഭാഷയില്‍ അപേക്ഷിക്കുകയാണ് അഭ്യര്‍ഥിക്കുകയാണ് ഭക്ത ജനങ്ങള്‍ ദയവായി സഹകരിക്കുക "
മൈക്കില്‍ ഗാനമേള ട്രൂപ്പ് കാരന്‍ ഘനഗംഭീര ശബ്ദത്തില്‍ അടുത്ത പാട്ട് അന്നൌന്‍സ് ചെയ്തു . അടുത്തതായി വിക്രം അഭിനയിച്ച കന്തസ്വാമി എന്ന ചിത്രത്തിലെ 'പമ്പര കണ്ണാലെ ....' എന്ന സോങ്ങുമായി നിങ്ങളുടെ മുന്‍പിലേക്ക് എത്തുന്നത് അജയന്‍ ..
ഇത് കൂടി കേട്ടപ്പോള്‍ ആള്‍ക്കാര് ഇളകി . ഡാന്‍സ് പാട്ടല്ലിയോ ഇങ്ങനെ ഡാന്‍സ് കളിക്കാതിരിക്കും ?
കൊച്ചാട്ടന്‍ വീണ്ടും മൈക്കെടുത്ത് അപേക്ഷിച്ചു " ഭക്ത ജനങ്ങളോട് വീണ്ടും വീണ്ടും അപേക്ഷിക്കുകയാണ് ചീനി തലപ്പ് ഒടിക്കരുത്. ഇത് പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ പുറത്തോട്ടു നോക്കിയപ്പോള്‍ കുറെ കാപാലികന്‍ മ്മാര്‍ ചീനി തലപ്പ് ഓടിക്കുന്നു അതോടെ ബാബു പിള്ളൈ മൊതലാളിയുടെ സര്‍വ നിയന്ത്രണവും പോയി മൈക്കില്‍ കൂടി പരിസരം മറന്നു പുള്ളി അലറി " ഭക്ത ജനങ്ങളെ പോക്ക്രിത്തരം കാണിക്കരുത് ................"
ബാക്കി പിന്നെ പറയണ്ടല്ലോ അല്ലേ ................................................
Comments
Post a Comment