Thursday, September 18, 2014

കൊട്ട വഞ്ചി സവാരി @ കോന്നി

ARE YOU A MALAYALI    അല്ലേൽ  മലയാളത്തിൽ തന്നെ  ആകാം  നിങ്ങൾ ഒരു മലയാളി ആണോ ഭായ് ? ഇനി അതും  അല്ലേൽ  നിങ്ങൾ ഒരു പത്തനംതിട്ട  ജില്ലക്കാരനാണോ എങ്കിൽ പത്തനംതിട്ട ജില്ലയെ ക്കുറിച്ച് എന്തറിയാം ?

 പത്തനം എന്നും തിട്ട എന്നും ഉള്ള രണ്ടു പദങ്ങൾ  കൂടി ചേർന്ന് ഉണ്ടായ പദം ആണ് പത്തനംതിട്ട  നദിയുടെ തിട്ട(കര)യിൽ നിരനിരയായി മനോഹരമായ പത്തനങ്ങൾ (ഭവനങ്ങൾ ) ഉണ്ടായിരുന്ന നാടായിരുന്നതിനാലാണ്    പത്തനംതിട്ട എന്ന പേരുണ്ടായതെന്നു  ആണ്  പഴമക്കാര്‍ പറയുന്നത്  ,കോട്ടയം , ആലപ്പുഴ , കൊല്ലം , ഇടുക്കി കൂടാതെ  തമിൾ നാടുമായും അതിര് പങ്കിടുന്ന  അമ്പലങ്ങളും  പള്ളികളും ഉള്ള മതമൈത്രിയുടെ മഹിമ വിളിച്ചോതുന്ന കടലോരം ഇല്ലാത്ത  സഹ്യന്റെ മടിത്തട്ടിൽ ഉള്ള ഒരു  നാട് . റബ്ബർ, ചീനി , ജാതി  , കുരുമുളക് , നെല്ല്, വാഴ , കൊക്കോ തുടങ്ങി മിക്കവാറും എല്ലാ  വിളകളും  ഇപ്പോൾ  രംബൂട്ടാൻ , മാങ്കൊസ്റ്റിൻ  മുതലായ പഴ വര്ഗ്ഗങ്ങളും ഏറ്റവും  കൂടുതൽ ബാങ്കുകളും അമേരിക്കയിൽ  ഉൾപ്പടെ ഉള്ള വിദേശ രാജ്യങ്ങളിൽ  ചെന്ന് ജോലി ചെയുന്ന  ,  ചേട്ടനെ കൊച്ചാട്ടാ എന്നും   ചേച്ചിയെ ഇച്ചേയി എന്നും വിളിക്കുന്ന,   ഇടയ്ക്കിടയ്ക്ക്  പുലി ഇറങ്ങുന്ന,  രാജാ വെമ്പാലയെ  പിടിക്കാൻ വാവ സുരേഷ്  മിക്കവാറും വന്നു പോകുന്ന        മലയോര ഭാഗങ്ങളിൽ  നല്ല  വാറ്റ്  കിട്ടുന്ന ,    രഹസ്യമായി വെടിയിറച്ചി കിട്ടുന്ന ................

ശ്ശെ നശിപ്പിച്ചു  കവി ഇവിടെ ഉദ്ദേശിച്ചത് അങ്ങനെ അല്ല , പത്തനംതിട്ട ജില്ലയിലെ കാണാൻ കൊള്ളാവുന്ന പ്രധാന സ്ഥലങ്ങൾ, അവയുടെ   പ്രത്യേകതകൾ ഇവയാണ് .
അങ്ങനെ എങ്കിൽ ദാ  പിടിച്ചോ  
പമ്പ നദി , അച്ചൻ കോവിലാർ , മണി മലയാർ , കക്കാട്ടാര്‍ തുടങ്ങിയ നദികൾ
ശബരിമല , പന്തളം  കൊട്ടാരം, അയ്യപ്പ ക്ഷേത്രം , മാരാമണ്‍  കണ്‍ വെന്ഷൻ,പരുമല പള്ളി, നിരണം പള്ളി, നിലയ്ക്കല്‍ പള്ളി, മലയാലപ്പുഴ ക്ഷേത്രം , വേലുത്തമ്പി ദളവയുടെ അന്ത്യം സംഭവിച്ച മണ്ണടി , ആറന്മുള വള്ളം കളി , പള്ളിയോടങ്ങള്‍ , ആറന്മുള കണ്ണാടി , ഓമല്ലൂര്‍ വയല്‍ വാണിഭം , പടയണി , ആനന്ദപ്പള്ളി മരമടി , ചന്ദനപ്പള്ളി ചന്ദനക്കുടം, കല്ലേലി, മൂഴിയാര്‍,  ഗവി , കോന്നി ആനക്കൂട് അങ്ങനെ അങ്ങനെ പോകും  ഇതാണോ കവി ഉദേശിച്ചത്‌  ?
അതെ
എങ്കിൽ ഇതിന്റെ കൂടെ  ദാ  പിടിച്ചോ ഒരു "പൊളപ്പൻ "  സ്ഥലം കൂടി 
കോന്നിയില്‍ അടവി ടൂറിസം പാക്കേജിന്റെ ഭാഗം ആയി കല്ലാറില്‍ ആരംഭിച്ച   കൊട്ട വഞ്ചി സവാരി  ( കല്ലാര്‍ വടശ്ശേരിക്കരയില്‍ വെച്ച് പമ്പ നദിയിലേക്ക് ചേരും )
കൊള്ളാലോ !! അങ്ങോട്ട്‌ എങ്ങനെ വരും ?
തിരോംതോരം  , കൊല്ലം , ആലപ്പുഴ ജില്ലയിൽ നിന്നും എം സി റോഡ്‌ , കെ പി റോഡ്‌ വഴി വരുന്നവർ   അടൂരിൽ എത്തി   കൊടുമണ്‍  വഴി ചന്ദനപ്പള്ളി , പ്രമാടം  വഴി  കോന്നിയിൽ എത്താം 
വടക്കൻ ഭാഗത്ത്‌ നിന്നും  വരുന്നവർക്ക്  തിരുവല്ല വഴി പത്തനംതിട്ട - കോന്നി 
അതും   അല്ലേൽ  ഹരിപ്പാട് - മാവേലിക്കര - പന്തളം - കോന്നി 
ഇനി ട്രെയിൻ  ആണെങ്കിൽ  കായംകുളത്തോ , ചെങ്ങന്നൂരോ , തിരുവല്ലയോ  ഇറങ്ങി ബസ്സിനു വരാം ( പി എസി സി ചോദ്യം? പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ  സ്റ്റേഷൻ  ഏതു ? ഉത്തരം : തിരുവല്ല )     
കോന്നി ആനക്കൂട്ടിൽ നിന്നും  ( കോന്നി ആനക്കൂടിനെ പറ്റി  നേരത്തെ സൂചിപ്പിചിട്ടുള്ളതിനാൽ ഇപ്പോൾ അതിനെ വിട്ടു  സ്മരിക്കണം എന്നാലും ഒന്ന്  സ്മരിക്കാൻ  ദാ  ലിങ്ക്   http://aralipoovukal.blogspot.in/2010/12/blog-post_25.html കോന്നി ആനക്കൂട്ടിലെ ലക്ഷ്മി കുട്ടിയെ കാണാതെ വരരുത്  കോന്നി ആനക്കൊട്ടില്‍  കൂടി കാണണം     ) സുമാർ 13 കിലോ മീറ്റർ യാത്ര ചെയ്താൽ പ്രസ്തുത സ്ഥലത്ത് എത്താം വനത്തിൽ കൂടി തന്നെ യാണ് യാത്രയും ബസ്‌ റൂട്ട് ആണ് ബസ്സിലും യാത്ര ചെയ്യാം .
  
ബാലരിഷ്ട്ടതകൾ  ഉണ്ട് എല്ലാം സജ്ജമായി വരുന്നതെ ഉള്ളു.
കാറിൽ ആണ് എങ്കിൽ പാർക്ക്‌ ചെയ്യാൻ സൌകര്യം ഉണ്ട് . ബസ്സിൽ  ആണ് എങ്കിൽ ബസ്‌ ഇറങ്ങി മുന്നോട്ടു നടക്കണം, 
റോഡിൽ  നിന്നും താഴോട്ട് ഇറങ്ങി വന്നാൽ   രണ്ടു കുടിലുകൾ കാണാം,   ഫോറെസ്റ്റ് ഉദ്യോഗസ്ഥരോട്  സവാരി സംബന്ധിച്ച വിവരങ്ങൾ തിരക്കുക  , രണ്ടു തരത്തിൽ ഉള്ള കൊട്ട  വഞ്ചി   സവാരി  (bowl boat riding )  ആണ് ഉള്ളത്  ഒന്ന്  ഹൃസ്വ  സവാരി  (400 രൂപയ്ടെത്   ) രണ്ട് ദീർഘ  സവാരി (  800  രൂപ  യുടെതും)    4  മുതിർന്നവർ + 1 കുട്ടി  അങ്ങനെ പരമാവധി അഞ്ചു പേർക്കാണ്  സവാരി .
ആദ്യ സവാരി, അരമണിക്കൂർ നേരം ആണ് ഉള്ളത്  അര മണിക്കൂർ കൊണ്ട് ഒന്ന് ചുറ്റി കറങ്ങും 
ഇതിൽ "സെറ്റപ്പ് സംഭവം " രണ്ടാമത്തെ  സവാരി ആണ്  ആദ്യ പടി ആയി ഇപ്പോൾ രണ്ടര കിലോ മീറ്റർ  ദൂരത്തിൽ  ആണ് ശേഷം അത് ആറ്  കിലോമീറ്റർ  ആക്കും
ഒരു ദിവസം അഞ്ചു ഘട്ടം ആയിട്ടാണ് ഇത് നടത്തുന്നത്
രാവിലെ 8.30 നു  തുടങ്ങി വൈകിട്ട് 5.30 നു അവസാനിക്കത്തക്ക  രൂപത്തിൽ  ആണിത്  രൂപകൽപ്പന നടത്തിയിരിക്കുന്നത്  
ചെറിയ തോതിൽ പേടി ഉള്ളവർക്കും  ചെറിയ കുട്ടികൾ  കൂടെ ഉള്ളവരും ആദ്യ സവാരി തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം . .
ഹൊഗ്നക്കല്ലിൽ നിന്നും തുഴചിലുകാർ എത്തി ആണ് ഇവിടെ കൊട്ട  വഞ്ചി തുഴയുന്നവർക്ക്  പരിശീലനം കൊടുത്തത് ,നീളത്തിലും വട്ടത്തിലും ഒക്കെ തുഴ എറിയാൻ ഇവർക്ക് വിദഗ്ധ പരിശീലനം കിട്ടിയിട്ടുണ്ട്  . കൊട്ട വഞ്ചി കറക്കി    ഞങ്ങളുടെ തല കറക്കിയതിന്റെ  അനുഭവത്തിൽ ഉറപ്പിച്ചു തന്നെ പറയാൻ കഴിയും നമ്മുടെ കൊട്ട  വഞ്ചി തുഴച്ചിലുകാർ  പുലികൾ  ആണ് . 
കല്ലാറിന്റെ    ഓള പ്പരപ്പുകളിൽ  ഇളകിയാടി  വനത്തിന്റെ ദൃശ്യ ഭംഗി ആസ്വദിച്ച്  കൊട്ട  വഞ്ചിയിൽ ഉള്ള ഒരു പുത്തൻ അനുഭവം ആകും

മുന്നറിയിപ്പ്  : 1 ലൈഫ്  ജാക്കെറ്റ്‌  നിർബന്ധമായും  ധരിക്കണം .
2 . ദീർഘ  സവാരിക്കായി പോകുമ്പോൾ ക്യാമറ , ഫോണ്‍ എന്നിവ വെള്ളം കയറാതെ  സൂക്ഷിക്കണം , ഒന്ന് രണ്ടു ഇടങ്ങളിൽ ഓളം അടിച്ചു വെള്ളം കയറും തുണി നനയും അതിനുള്ള മുൻകരുതൽ  കൂടി എടുത്തോണം

ജില്ലാ  ടൂറിസം  ഇൻഫോർമേഷൻ  ഓഫീസ്‌ : 0468 2326409
കോന്നി ഇക്കോ ടൂറിസം ഓഫീസ്  : 0468  2247645

ഇനി  ചിത്രങ്ങളിലേക്ക്ഈ ലിങ്കുകളിൽ  ക്ളിക്ക്  ചെയ്താൽ  വീഡിയോ കാണാം

http://youtu.be/RXxM3KrIo3o

https://www.youtube.com/watch?v=DI4o2n-adQo


1 comment:

  1. ഹോ.കൊതിപ്പിക്കുന്ന ചിത്രങ്ങൾ!!!!!!

    ReplyDelete