മഴ നനഞ്ഞ പൂമ്പാറ്റബോവിക്കാനത്ത് ആലൂരിലാണ് ആയിഷത്ത് ഷാഹിന (15) യുടെ വീട്. മലഞ്ചെരിവിലൂടെ ഇറങ്ങുന്ന ദുര്‍ഘടപാത. കൂലിപ്പണിക്കാരനായ അബ്ദുള്‍റഹ്മാന്റെ ആറു മക്കളില്‍ നാലാമത്തവളാണ് ഷാഹിന. മൂത്ത സഹോദരന്‍ അഷ്‌റഫ് (22) അജ്ഞാതരോഗം വന്ന് മരിച്ചു. പത്തു വയസ്സുവരെ ആരോഗ്യവാനായിരുന്നു അവന്‍. തളര്‍ച്ചയും വിറയലും നടക്കാന്‍ വയ്യാത്ത അവസ്ഥയുമായിരുന്നു തുടക്കം. പിന്നീട് ശരീരം ക്ഷീണിക്കാന്‍ തുടങ്ങി. നെഞ്ച് വീര്‍ത്തു. വിടര്‍ന്ന കണ്ണുകള്‍ ചെറുതായി കോങ്കണ്ണായി. വൈകാതെ സ്‌കൂളില്‍ പോകാനാകാതെ കിടപ്പിലായി. അവസാനനാളുകളില്‍ കാഴ്ചയും പോയി. ഭക്ഷണം കഴിക്കാനാകാതെ, ഉറങ്ങാനാകാതെ....
''പ്ലാന്റേഷനില്‍ മരുന്ന് തളിക്കുന്നകാലത്ത് വീടിനു മുകളില്‍ ഹെലികോപ്റ്റര്‍ വന്ന് ഇങ്ങനെ കറങ്ങും. മഞ്ഞ് പരക്കുംപോലെ മരുന്ന് (എന്‍ഡോസള്‍ഫാന്‍) വന്ന് മുറ്റത്ത് വീഴും. അക്കാലത്ത് ആലൂരിലെ പല വീടുകളിലെയും കാലികളും ആടുകളും ചത്തിരുന്നു.'' ഷാഹിനയുടെ ഉപ്പ അബ്ദുള്‍ ഖാദര്‍ ഓര്‍ക്കുന്നു.
ആറാംവയസ്സിലാണ് ഷാഹിനയെയും അജ്ഞാതരോഗം പിടികൂടിയത്. ആദ്യം കണ്ണിനു മാറ്റംവരാന്‍ തുടങ്ങി. കൈയും കാലും വിറയ്ക്കാനും. കൈപിടിക്കാതെ ഇപ്പോള്‍ നടക്കാന്‍ വയ്യ. ഷാഹിനയുടെ ദുരിതകഥ മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞ് കാലമേറെയായെങ്കിലും പഞ്ചായത്ത് നല്കിയ സൈക്കിളും വികലാംഗപെന്‍ഷനും മാത്രമാണ് ഇതേവരെ കിട്ടിയ സര്‍ക്കാര്‍ സഹായം.
സ്‌നേഹവും കരുതലുംകൊണ്ട് എല്ലാ ദുഃഖങ്ങളെയും അതിജീവിക്കുകയാണ് ഈ നിര്‍ധനകുടുംബം. വീട്ടുമുറ്റത്തെത്തുന്ന ഓട്ടോവിലേക്ക് സഹോദരങ്ങളുടെ കൈത്താങ്ങില്‍ വീല്‍ചെയറിലെത്തുന്ന ഷാഹിന ബോവിക്കാനം യു.പി.എസ്സിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അവള്‍ സഹോദരങ്ങളുടെ സഹായത്തോടെ സ്‌കൂളില്‍ പോകുന്ന ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഇറങ്ങാന്‍ തുടങ്ങവെ ഷാഹിന ചോദിച്ചു: ''എന്റെ കുറച്ച് ചിത്രങ്ങള്‍ എടുത്തുതരുമോ?'' എന്തിനാണ് എന്ന ചോദ്യത്തിന്, ''വെറുതെ, എന്റെ സ്‌കൂളിലെ കുട്ടികളെ കാട്ടാനാണ്.'' നാണം കലര്‍ന്ന ചിരിയോടെ അവള്‍ പറഞ്ഞു. വീട്ടുമുറ്റത്തേക്കിറങ്ങുന്

ന കല്ലൊതുക്കില്‍ ഇരുത്തി അവളുടെ ഒരു പോര്‍ട്രെയ്റ്റ് എടുത്തു. ചേട്ടനും അനുജത്തിയും അവളെ ആശ്ലേഷിക്കുന്ന ചിത്രവും.
പഠിക്കാന്‍ മിടുക്കിയായ ഷാഹിനയ്ക്ക് കവിത വായിക്കുന്നതും എഴുതുന്നതും ഇഷ്ടമാണ്.
'പൂമ്പാറ്റ' എന്ന ഒരു കവിത എഴുതി ടീച്ചര്‍ക്ക് കൊടുത്ത കാര്യം ഞങ്ങളോട് പറയുമ്പോള്‍
ലജ്ജപുരണ്ട ഒരു ചിരി ആ മുഖത്ത് പരക്കുന്നു.'

Comments

Popular posts from this blog

ഏഴിലം പാല പൂത്തു

Arts By Children Workshop

എന്താണ് ഈ എട്ടിന്റെ പണി ?