രോഗീപരിചരണം വോട്ടിനല്ല: മാര്‍ ക്രിസോസ്റ്റം
പെരുനാട്: അശരണരെ സഹായിക്കാനുള്ള പാലിയേറ്റീവ് കെയര്‍ പദ്ധതി കമ്യൂണിസ്റ്റുകാര്‍ ഏറ്റെടുത്തത് വോട്ടിനുവേണ്ടിയല്ലെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. ഞങ്ങളെപ്പോലുള്ളവര്‍ രോഗികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ അവര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കി തുണയാകും. വോട്ട് കിട്ടുമെന്ന പ്രതീക്ഷയിലല്ല കമ്യുണിസ്റ്റുകാര്‍ ഇതൊക്കെ ചെയ്യുന്നത്. മരിക്കാന്‍ കിടക്കുന്നവനെ സന്തോഷത്തോടെ മരിക്കാന്‍ സഹായിക്കുകയാണ് വേണ്ടത്. രോഗാവസ്ഥയില്‍ മരുന്നും ഭക്ഷണവും നല്‍കി അവരെ സന്തോഷവാനാക്കുകയാണ് പാലിയേറ്റീവ് കെയര്‍ പദ്ധതിയിലൂടെ സിപിഐ എം നടപ്പാക്കുന്നത്. പാലിയേറ്റീവ് കെയര്‍ പദ്ധതി ഇന്ത്യയില്‍ ആദ്യം കൊണ്ടുവന്നത് മദര്‍ തെരേസയാണ്. രോഗികളെയും മരിക്കാറായവരെയും അവര്‍ തന്റെ വീട്ടിലെത്തിച്ച് ചൂടും ഭക്ഷണവും വെള്ളവുമൊക്കെ നല്‍കും. ജിവിച്ചിരിക്കുമ്പോള്‍ മരിക്കാന്‍ പഠിപ്പിച്ചത് ക്രിസ്തുവാണ്. ക്രിസ്തു മരിച്ച് സ്വര്‍ഗത്തില്‍ പോയപ്പോള്‍ കൂടെ കൊണ്ടുപോയത് ഒരു കള്ളനെയാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഞങ്ങളൊക്കെ മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുമെന്ന്. ഞങ്ങളെപ്പോലെയുള്ളവര്‍ രോഗശാന്തിക്കായി പ്രാര്‍ഥിക്കും. കമ്യൂണിസ്റ്റുകാര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. ഞാന്‍ മരിച്ചു കിടക്കുമ്പോള്‍ അനന്തഗോപന്‍ വരണം. അവിടെ വന്ന് എന്നെ ഒന്നു നോക്കിയാല്‍ ഞാന്‍ തീര്‍ച്ചയായും സ്വര്‍ഗത്തില്‍ പോകും. ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അനന്തഗോപന്റെ പാര്‍ടിക്ക് കഴിയുന്നതുകൊണ്ടാണ് ഞാനിത് പറയുന്നത്. ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതിലൂടെ ദൈവം നിങ്ങളെ സ്നേഹിക്കും. ഇവിടെ വരാന്‍ കഴിഞ്ഞതിനാല്‍ ദൈവം നിങ്ങളിലൂടെ എന്നെയും ഈ നാടിനെയും സ്നേഹിക്കുമെന്നും ക്രിസോസ്റ്റം പറഞ്ഞു.
Comments
Post a Comment