തെരുവ് ചിത്രകാരന്‍

ഇന്ന് വൈകിട്ട് അടൂരില്‍ എത്തിയപ്പോള്‍ വണ്‍വേ തീരുന്നതിന്റെ സമീപം കുറെ ആള്‍ക്കാര്‍ കൂടി നില്കുന്നത് കണ്ടു എന്താണ് എന്ന് നോക്കിയപ്പോള്‍ ആണ് പൊളിച്ചു കളഞ്ഞ നെല്ലിവിളയില്‍ ടെക്സ്റ്റയില്‍സിന്റെ അവശേഷിച്ച ഭിത്തിയില്‍ ചോക്കും കരിയും പച്ചിലയും ഉപയോഗിച്ച് ചിത്രം വരച്ചിടുന്ന ആ മനുഷ്യനെ കണ്ടത് . 
കാര്‍ കൊണ്ട് പോയി Suresh Babu അണ്ണന്റെ എസ് ബി ബുക്ക്‌ സ്റ്റാളിനു എതിര്‍വശത്ത് ഒതുക്കിയിട്ട് സുഹൃത്തുക്കള്‍ ആയ ശ്രീനി എസ് മണ്ണടിയോടും Muhammed Anas നുമൊപ്പം കട്ടന്‍ ചായ കുടിക്കാന്‍ ബെസ്റ്റ് ബേക്കറിയില്‍ കയറി . 
തിരിച്ചു മടങ്ങി വന്നപ്പോഴേക്കും ചിത്രം പൂര്‍ത്തീകരിച്ചു കലാകാരന്‍ കയ്യില്‍ ഉള്ള കവറുമായി നീങ്ങി തുടങ്ങിയിരുന്നു . ഞങ്ങള്‍ ഒപ്പം എത്തി , ഒരു ചായ കുടിച്ചാലോ എന്ന ഞങ്ങളുടെ ചോദ്യത്തിന് എനിക്കൊന്നു അഞ്ചു മിനിട്ട് ഇരിക്കണം ആകെ വിയര്‍ത്തു മുഷിഞ്ഞു ഒപ്പം കയ്യിലെ കരി കഴുകുകയും വേണം എന്നാ മറുപടി ആണ് തിരിച്ചു കിട്ടിയത് , എങ്കില്‍ വരൂ എന്ന് പറഞ്ഞ് Anshad Adoor ന്റെ മൊബൈല്‍ സര്‍വീസ് ഷോപ്പിന്‍റെ തിണ്ണയിലേക്ക് ഇരുന്നു .
പിന്നെ സ്വസ്ഥമായി ഇരുന്നു ക്ഷീണം മാറിയതിനു ശേഷം ഞങ്ങളോട് സംസാരിക്കാന്‍ തുടങ്ങി ചിത്രകലയെ ക്കുറിച്ച് , ജീവിതത്തെ ക്കുറിച്ച് ലോകത്തെക്കുറിച്ച്അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ...... ജീവിതം എത്ര ചെറുത്‌ ആണ് എന്ന് ഓര്‍മിപ്പിക്കുന്ന വാക്കുകള്‍ 
ഏതാണ്ട് ആറു വര്ഷം മുന്‍പ് പത്തനംതിട്ടയില്‍ വെച്ച് ആണ് ആദ്യമായി സദാനന്ദന്‍ എന്ന കലാകാരനെ കാണുന്നത് അന്ന് അദ്ദേഹത്തെ ക്കുറിച്ച് ഞാന്‍ ബ്ലോഗ്‌ എഴുതിയിരുന്നു 
http://aralipoovukal.blogspot.in/2011/04/blog-post.html
അന്ന് കൂടുതല്‍ ഒന്നും അറിയുമായിരുന്നില്ല . ഇന്ന് കണ്ടപ്പോള്‍ ഏറെ നേരം സംസാരിക്കാന്‍ യോഗം ഉണ്ടായി . ജീവിതത്തോടുള്ള അദ്ദേഹത്തിന്‍റെ ദര്‍ശനം മനസിലാക്കാനും കഴിഞ്ഞു .
സദാനന്ദന്‍ കെ ജി എന്ന ഈ കലാകാരന്‍റെ വീട് തിരുവനന്തപുരം നെടുമങ്ങാട് ആണ് . രണ്ട് മക്കള്‍ ഒരാണും ഒരു പെണ്ണും മകന്‍ ആട്ടോ ഓടിക്കുന്നു മകളെ വിവാഹം കഴിച്ചു അയച്ചത് കോന്നിയില്‍ ആണ് അതുകൊണ്ടാണ് ഇങ്ങോട്ടുള്ള വരവുകള്‍ ..
ഭാര്യ ജീവിച്ചിരിപ്പില്ല .
തെരുവുകളില്‍ ചിത്രം വരച്ചുകിട്ടുന്ന തുകകള്‍ അവര്‍ക്കായി പങ്കുവെച്ചു നല്‍കും . വീടും സ്വത്തും എല്ലാം മക്കള്‍ക്കായി നല്‍കി . ഒരു ഫൈന്‍ ആര്‍ട്സ് കോളേജിലും പോയി ചിത്രകല പടിക്കാത്ത സദാനന്ദന്‍ മൂന്ന്‍ പേരെ താന്‍ സ്വയം അഭ്യസിച്ചെടുത്ത കഴിവ് പഠിപ്പിച്ചിട്ടുണ്ട് .
ഏതു മീഡിയ ത്തില്‍ വേണമെങ്കിലും വരയ്ക്കാന്‍ കഴിയും എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എന്ത് കൊണ്ടാണ് ഈ തെരുവ് ചിത്രകല എന്ന ചോദ്യത്തിനുള്ള മറുപടി കലാകാരന്മാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കും അവഗണനക്കും ഉള്ള ഉത്തരമായി . അദ്ദേഹം പറഞ്ഞത് ഒരു ചിത്രം വരച്ചു പൂര്‍ത്തീകരിച്ചാല്‍ അത് വാങ്ങാന്‍ ആളിനെ തേടി നടക്കണം തന്നെയും അല്ല എത്രെയും വില കുറച്ച് കിട്ടാമോ അത്രെയും വില കുറഞ്ഞു കിട്ടാന്‍ മലയാളികള്‍ ശ്രമിക്കുമ്പോള്‍ കുടുംബം പട്ടിണി ആകും എന്നല്ലാതെ വേറെ മെച്ചം ഇല്ല ഇതാകുമ്പോള്‍ മനസ്സില്‍ തോനുന്നത് അന്നേരം വരയ്ക്കാം ചോക്കും കരിയും പച്ചിലയും മാത്രം മതി ആള്‍ക്കാര്‍ സന്തോഷത്തോടെ നിറഞ്ഞ മനസ്സോടെ ഉള്ളത് തരും . ആരുടേയും അടുത്ത് പോയി വാങ്ങാനോ ബക്കറ്റ് പിരിവു പിരിയ്ക്കാനോ ഇല്ല . മനുഷ്യര്‍ അല്ലെ എല്ലാവരുടെയും കയ്യില്‍ പണം ഉണ്ടായി എന്ന് വരില്ല നമ്മള്‍ അവരുടെ മുന്‍പില്‍ കൈ നീട്ടുമ്പോള്‍ തരാന്‍ അവരുടെ കയ്യില്‍ ഒന്നും ഇല്ലെങ്കില്‍ അവരുടെ ഉള്ള് ഒന്ന് ആളും . അതിനാല്‍ ഇങ്ങോട്ട് കൊണ്ട് വന്ന് കണ്ടു നില്‍ക്കുന്നവര്‍ തരുന്നത് വാങ്ങും അത്ര മാത്രം ...
ഫേസ്ബുക്കില്‍ കണ്ട് ഗള്‍ഫില്‍ ഉള്ള ചിലര്‍ ചിത്രം ഈ കലാകാരനെ കൊണ്ട് വരപ്പിച്ചു കൊണ്ട് പോകാറുണ്ട് കൂടാതെ പോട്രയിറ്റ് വരച്ചു നല്‍കുന്നുണ്ട് , ഒപ്പം വീടുകളുടെ സ്വീകരണ മുറികളിലും ക്യാന്‍വാസിലും ഒക്കെ ആവശ്യപ്പെടുന്ന ചിത്രങ്ങള്‍ വരച്ചു നല്‍കാറുണ്ട് .
ചിത്രം വരയ്ക്കുമ്പോള്‍ ചുറ്റുപാടിനെ ഓര്‍ക്കാറില്ല എന്നെ ക്കുറിച്ചും ഓര്‍ക്കാറില്ല മനസ്സില്‍ തോനുന്ന കാര്യങ്ങള്‍ കോറി ഇടാറാണ് ചെയ്യുക ...
പുള്ളിയെക്കുറിച്ച് ആറു വര്‍ഷം മുന്‍പ് ഞാന്‍ എഴുതിയ ബ്ലോഗ്‌ കാണിച്ചു കൊടുത്തു അത് ഒന്ന് നോക്കിയിട്ട് എന്നോട് " പ്രായമായി താടി ഒക്കെ വന്നു അതും നരച്ച താടി ശാരീരികമായും ബുദ്ധിമുട്ടുണ്ട് പക്ഷേ വേഗതയില്‍ കാണികളുടെ മുന്നില്‍ വരച്ചെങ്കിലെ അവര്‍ക്ക് അത്ഭുതമുണ്ടാകു പിന്നാലെ എനിക്ക് എന്തെങ്കിലും തരൂ "
ബിനാലെ കലാകാരനും സുഹൃത്തും ആയ ഹരി പ്രസാദ്‌ ചാര്‍ക്കോള്‍ ഉപയോഗിച്ച് കുട്ടികളെ വരപ്പിച്ച ചിത്രങ്ങളും കാണിച്ചു കൊടുത്തു .
ബിനാലെ കാണാന്‍ വരാം എന്ന് സമ്മതിച്ചിട്ടുണ്ട്
അറിയപ്പെടാത്ത ഒരുപാട് കഴിവുള്ള കലാകാരന്മ്മാര്‍ ഉണ്ട് അവരെ പ്രോത്സാഹിപ്പിക്കാന്‍ ആരും ഇല്ല എന്നാ നൊമ്പരവും ഒപ്പം പങ്കു വെച്ച് . അനുഭവത്തില്‍ കൂടിയേ കലാകാരന്‍ ആകൂ എന്നാ നിരീക്ഷണവും പങ്കു വെച്ചു .
മൊബൈല്‍ നമ്പര്‍ ചോദിച്ചപ്പോള്‍ മൊബൈല്‍ ഉണ്ട് പക്ഷെ നമ്പര്‍ എനിക്ക് കാണാതെ അറിയില്ല കൈ യിലെ കരി കഴുകി കളഞ്ഞിട്ടു ഞാന്‍ ഫോണ്‍ തരാം എന്ന് സൂചിപ്പിച്ചു . കരി കളഞ്ഞിട്ടു കവറിനുള്ളിലെ ബാഗില്‍ വെച്ചിരുന്ന ഫോണ്‍ എടുത്തു തന്നു . ഫോണ്‍ സ്വിച്ച് ഓഫ്‌ ആക്കിയ നിലയില്‍ അത് എന്തിനു എന്ന ചോദ്യത്തിനു വരയ്ക്കിടയില്‍ ,അല്ല ആരും വിളിക്കാനില്ല എന്നാലും ഒരു ബുദ്ധിമുട്ട് ഉണ്ടാകേണ്ടാതില്ലല്ലോ എന്ന മറുപടി .
ഫോണ്‍ വാങ്ങി നമ്പര്‍ അതില്‍ നിന്നും നമ്പര്‍ എടുത്ത് അന്‍ഷാദ് എനിക്ക് നമ്പര്‍ പറഞ്ഞു തന്നു എന്നിട്ട് അന്‍ഷാദ് പുള്ളിയോട് ചോദിച്ചു " ചേട്ടാ ഇത് തമിഴ്‌ നാട് സിം ആണോ അവിടെ നിന്ന് ആണോ എടുത്തത് " അതിനു പുള്ളി നല്‍കിയ മറുപടി " എനിക്കവിടെ ഒരു കുടുംബം ഉണ്ട് അവിടെ രണ്ടു കാലും ഇല്ലാത്ത ഒരു സ്ത്രീ യെ ഞാന്‍ പോറ്റുന്നുണ്ട് "
"ഭാര്യ ആയിട്ടാണോ "
"അതെ , അല്ലെങ്കില്‍ ഈ സമൂഹം ആക്ഷേപം പറയും , ശാരീരികമായി ബന്ധം ഒന്നും ഇല്ല കാരണം രണ്ടു കാലും ഇല്ലാത്ത ആള്‍ അല്ലേ എനിക്ക് കിട്ടുന്നതില്‍ ഒരു വിഹിതം അവരെ പോറ്റാനും ഉപയോഗിക്കുന്നു അത്ര മാത്രം , പിന്നെ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു താമസിക്കുന്നു എന്ന് മാത്രം "
ഇതിനിടയില്‍ ഈ കലാകാരനെ പറ്റി ജനങ്ങള്‍ അറിയണം എന്ന ഉദ്ദേശത്തില്‍ ശ്രീനി എം സി ടി വി ക്യാമറമാന്‍ മനോജിനെ വിളിച്ചു . എം സി ടി വി യുടെ ക്യാമറ കണ്ടപ്പോള്‍ ഓ വേണ്ടായിരുന്നു നിങ്ങള്‍ ഞാന്‍ വരച്ച ചിത്രത്തിന്‍റെ വീഡിയോ എടുത്തോ എന്നും പറഞ്ഞു ഒഴിഞ്ഞു മാറി .
ഞങ്ങളുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധം മൂലം " എനിക്കറിയാം നിങ്ങള്‍ എനിക്ക് വേണ്ടി ആണ് ചെയ്യുന്നത് എന്ന് പക്ഷേ എനിക്ക് ഇപ്പോഴത്തെ ജീവിതത്തിന്‍റെ , ലോകത്തിന്‍റെ സ്പീഡിനൊപ്പം എത്താന്‍ പറ്റുന്നില്ല അനിയാ... വയസ്സ് 62 ആയില്ലേ "
ഇങ്ങനെ ഇറങ്ങി പോകുന്നതിനു മക്കള്‍ ഒന്നും പറയില്ലേ എന്ന ചോദ്യത്തിനു " ഞാനും കൂടി അന്വേഷിച്ചു കൊണ്ട് വരുന്നത് കൊണ്ട് അതുങ്ങള്‍ക്കും കൂടി ബുദ്ധി മുട്ടില്ലാതെ ജീവിക്കാന്‍ പറ്റുന്നത് അന്നന്നത്തെക്കുള്ള കുറെ ചില്ലറകള്‍ "
ഏറെ നിരബന്ധിച്ചപ്പോള്‍ ക്യാമറ ക്ക് മുന്‍പില്‍ സംസാരിച്ചു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി , ശ്രീനി ഞങ്ങളോട് ആലോചിച്ചു ഓര്‍ തീരുമാനം കൂടി എടുത്തു പൊതു വിദ്യാഭ്യാസ സംരക്ഷണ ത്തിന്‍റെ ഭാഗം ആയി പത്ത് അംഗന്‍വാടികള്‍ സദാനന്ദന്‍ ചേട്ടനെ കൊണ്ട് ചിത്രം വരപ്പിച്ച് നല്‍കാന്‍ ഡി വൈ എഫ് ഐ ബ്ലോക്ക്‌ കമ്മിറ്റി മുന്‍ കൈ എടുക്കും എന്ന് ...ആ തെരുവിന്‍റെ കലാകാരന് ചെറിയ ഒരു കൈത്താങ്ങ്‌ .....
തന്‍റെ രണ്ടു സഞ്ചികളും കയ്യില്‍ തൂക്കി ആ മനുഷ്യന്‍ ഞങ്ങളോട് നന്ദി പറഞ്ഞു നടന്നു നീങ്ങുകയാണ് .......
നാടിന്‍റെ ഏതോ കോണില്‍ അയാളെയും കാത്തുകൊണ്ട് ഏതോ ഭിത്തിയോ മതിലോ ഉണ്ടാകും .......
ശുഭയാത്ര
നന്മകള്‍ നേരുന്നു
ആർക്കെങ്കിലും ഈ കലാകാരനെ കൊണ്ട് ചിത്രം വരപ്പിക്കണമെങ്കിൽ / സ്കൂളുകളിൽ കുട്ടികൾക്ക് ചിത്രരചന പഠിപ്പിക്കണമെങ്കിൽ ഫോണിൽ വിളിക്കേണ്ട നമ്പർ
സദാനന്ദൻ കെ ജി, കരിങ്ങയിൽ വീട്, നെടുമങ്ങാട്, തിരുവനന്തപുരം
994305 2658
കഴിഞ്ഞ ദിവസം വേണാട് ടി വി യില്‍ വന്ന വാര്‍ത്ത‍

ബ്ലോഗെഴുത്തിലേക്ക് തിരിച്ച് എത്തിച്ച പാറുവിനോടുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ സ്മരിക്കുന്നു

Comments

Popular posts from this blog

ഏഴിലം പാല പൂത്തു

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍