പണി ഇപ്പോൾ കൊല്ലത്തല്ല കോട്ടയത്ത് ആണ്

ഇളയ മകളുടെ എം ബി ബി എസ്  അഡ്മിഷന്  പോയിരുന്നതിനാൽ കഴിഞ്ഞദിവസത്തെ  പ്രധാന അധ്യാപകർക്കുള്ള   ഡി ഇ ഒ കോണ്‍ഫറൻസിൽ  എലിസബത്ത്‌ ടീച്ചറിന് പങ്കെടുക്കാൻ  കഴിഞ്ഞില്ല  .  വീട്ടിൽ  തിരിച്ചു എത്തിയിട്ട്   സൈന്റ്  തോമസ്‌ സ്കൂളിലെ   ഹെഡ് മിസ്ട്രെസ്സ് ആയ സുജ ടീച്ചറിനെ വിളിച്ചു
" ടീച്ചറെ ഇന്നത്തെ കോണ്‍ഫറൻസിന്  പോയാരുന്നോ എന്തോ പറഞ്ഞു ?"
"എന്റെ പോന്നു ടീച്ചറെ പുതിയ ഡി ഇ ഒ  വന്നു ചാർജ് എടുത്തിട്ടുണ്ട്  അങ്ങേരു എന്തൊരു മനുഷ്യനാണ്‌    എന്തൊരു ചാട്ടവാ അങ്ങേര് ,  ഒന്നും പറയാൻ പറ്റത്തില്ല എന്തൊക്കെയാ  അങ്ങേരു പറഞ്ഞത് "
" ചൂടാൻ ആണോ ടീച്ചറെ .... ?"
" അയ്യോ ആണോന്നോ ... എന്റെ ടീച്ചറെ ഇന്ന് തന്നെ  കോണ്‍ഫെറൻസിൽ  എച് എം
വരാതെ അതിനു പകരമായി  വന്ന അധ്യാപകരെ   എണീപ്പിച്ചു നിർത്തി തൊലിയുരിച്ചു   , അതും പോരാഞ്ഞു അങ്ങേരു എല്ലാ സ്കൂളിലും സർപ്രൈസ്‌  വിസിറ്റ് നടത്തും പോലും അതില് വല്ല കുഴപ്പവും കണ്ടാൽ അങ്ങേരു ഒന്നും വെറുതെ വിടത്തില്ല എന്നും പറഞ്ഞു ഒരു ചാട്ടം "
പിറ്റേന്ന് സ്കൂളിൽ ചെന്ന് തനിക്കു പകരം കോണ്‍ഫറൻസിനു  പോയ ശ്രീദേവി ടീച്ചറിനെ
കണ്ടപ്പോൾ ഉള്ള  സമാധാനവും കൂടി പോയി .അത്രയ്ക്ക് ഭീകര റിപ്പോർട്ട്  ആണ് ശ്രീദേവി ടീച്ചറിനെ കണ്ടപ്പോൾ കിട്ടിയത്
അന്ന് വൈകിട്ട് മൂന്നരയ്ക്ക് സ്റ്റാഫ്‌ കൌണ്‍സിൽ വിളിച്ചു കൂട്ടി  എലിസബത്ത്‌  ടീച്ചർ അധ്യാപകരോട് പുതിയ ഡി ഇ ഒ യെപ്പറ്റിയും കൂടാതെ  ഏതു സമയത്തും ഡി ഇ ഒ  സ്കൂളിൽ സന്ദർശിച്ചേക്കാം  അതിനാൽ  എല്ലാവരും കൂടുതൽ ശ്രദ്ധിക്കണം എന്നും നിർദ്ദേശിച്ചു
ഒന്നു രണ്ടാഴ്ച  കഴിഞ്ഞപ്പോൾ മറ്റു പല സ്കൂളിലെയും സാറുമ്മാർ  പറഞ്ഞറിഞ്ഞു  ഡി ഇ ഒ  ചെന്ന സ്കൂളിൽ എല്ലാം  ഇളക്കി  മറിച്ചു  എന്ന്    ചുരുക്കത്തിൽ ഡി ഇ ഒ ഒരു പേടി സ്വപ്നം  ആയി ആ  വിദ്യാഭ്യാസ ജില്ലയിലെ എല്ലാ സ്കൂളുകാർക്കും
 ഏതാണ്ട് ഒരു മാസം  കഴിഞ്ഞു  സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടന്നുകൊണ്ടിരുന്നപ്പോൾ സുജ ടീച്ചർ  എലിസബത്ത്‌  ടീച്ചറിനെ  വിളിച്ചു
" എന്റെ ടീച്ചറെ  ടീച്ചർ ഒരു കാര്യം അറിഞ്ഞോ ?"
' എന്തുവാ ടീച്ചറെ ?  '
" നമ്മുടെ ഡി ഇ ഒ  ഇല്ലേ ആ ലോലിതൻ സാറ് '
"ങ്ഹാ ....... അങ്ങേർക്കു എന്തോ പറ്റി  ."
" എന്റെ ടീച്ചറെ അങ്ങേരു മുടിഞ്ഞ കൈക്കൂലിക്കാരൻ  ആണ്  പൈസ കൂടുതൽ മേടിക്കാൻ ആണ് അങ്ങേരു ഈ  ചാട്ടവും ബഹളവും ഒക്കെ കാണിച്ചത്‌ , നമ്മുടെ ശ്യാമള ടീച്ചറിന്റെ സ്കൂളിലെ ഒരു ടീച്ചറിന്റെ അപ്പോയിന്റ്മെന്റിന് അങ്ങേരു പതിനായിരം രൂപ മേടിച്ചെന്ന്    "
" ഉള്ളതോ  ടീച്ചറെ ?"
"ഉള്ളത് ..... ടീച്ചറെ, അത് തന്നെയല്ല അങ്ങേരു സ്കൂള്  വിസിറ്റ് എന്നും പറഞ്ഞു   ഇറങ്ങി ഒരു ദിവസം രണ്ടും മൂന്നും നാലും സ്കൂളില് വിസിറ്റ് നടത്തുക അവിടെ ഇളക്കി മറിച്ച് പരമാവധി തുകയും വാങ്ങിക്കുക അതും പോരാഞ്ഞു ചെല്ലുന്ന എല്ലാ സ്കൂളിൽ നിന്നും  കാറിന്റെ വണ്ടി ക്കൂലിയും മേടിക്കുക        "
' എന്റെ ടീച്ചറെ അങ്ങേര്  ഇത് എന്തൊരു മനുഷ്യനാ ............. ഇനി ഞങ്ങളുടെ സ്കൂളിൽ എങ്ങാനും വന്നു ഇനി അവിടെ എന്തുവാന്നോ കാണിക്കാൻ പോകുന്നത്  . "
ഇതിനിടയിൽ പല കഥകളും ടീച്ചർ  കേട്ടു  ഫയൽ നീക്കുന്നതിന് പൈസ വാങ്ങുന്നത് , പി എഫ് ബിൽ പാസ്സാക്കാൻ പൈസ വാങ്ങുന്നത് ,  ഫയൽ ഒപ്പിടാൻ പേന വാങ്ങിപ്പിക്കുന്നത് ,  ഓഫീസിലേക്ക്  ഡി ഇ ഒ  യ്ക്കിരികാൻ  കറങ്ങുന്ന പുതിയകസേര , കസേരയിൽ ഇടാൻ  ടർക്കി , കുഷ്യൻ  , പെടസ്ട്രി യൽ  ഫാൻ എന്നിവ വാങ്ങിപ്പിച്ചത് ,  മലയാള മനോരമ കർഷകശ്രീ അവാർഡ്‌ കിട്ടിയ ടീച്ചറിനെ ഫോണിൽ വിളിച്ചു അഭിനന്ദിച്ചിട്ട്‌   വീട്ടിലെ പറമ്പിൽ   നടാൻ ചേനയും ചേമ്പും  കാച്ചിലും വാഴവിത്തും ഓസിനു വാങ്ങിയത് , വിസിറ്റിനു ചെന്ന സ്കൂളിൽ ചെന്തെങ്ങിന്റെ കരിക്കിൻ കുല കണ്ടിട്ട്  രണ്ടു കുല വെട്ടി കാറിൽ വെക്കാൻ പറഞ്ഞത് ,  ടിയാന്റെ  ഭാര്യ ഐ സി ഐ സി ഐ യുടെ   ഫിനാൻഷ്യൽ  അഡ്വൈസർ  ആയതിനാൽ മിക്കവാറും ഉള്ള സ്കൂളിലെ സാറുംമാരെ എല്ലാം പിടിച്ചു പോളിസി ചേർക്കുന്നത് , മകളുടെ കല്യാണത്തിന്  വിദ്യാഭ്യാസ ജില്ലയിലെ എല്ലാ സ്വകാര്യ  സ്കൂളുകളിലും അണ്‍ എയിഡഡു സ്കൂളുകളിലും നടന്നു കല്യാണം വിളിക്കുകയും ആ സ്കൂളുകളിലെ മാനേജർമ്മാരെ വീട്ടില് പോയി വിളിക്കുകയും ആ വഴി കുറച്ചു സാമ്പത്തികം ഉണ്ടാക്കിയത് , കല്യാണത്തിന് ആൾക്കാർക്ക്  പോകാൻ സ്കൂൾ മാനേജർമ്മരോട് ചുളുവിൽ സ്കൂൾ ബസ്‌ ഇടപാട് ചെയ്തത്  , ( കല്യാണത്തിനു തലേന്ന് ഗംഭീര പാർട്ടി പ്രതീക്ഷിച്ചു  പൊതിക്കെട്ടുമായി ചെന്ന അധ്യാപക -മാനേജർ മ്മാർക്ക്  എല്ലാം  പണി പാളി ആകെ കിട്ടിയത് രണ്ടു  ടൈഗർ  ബിസ്ക്കറ്റും ഇത്തിരി മിക്സ്ച്ചറും ഒരു കഷണം പൂത്ത ഹലുവയും പെൻസിൽ വണ്ണ ത്തിൽ ഒരു പഴവും, കല്യാണത്തിന് ചെല്ലാത്ത അധ്യാപക -മാനേജർമ്മാരെ വീഡിയോ നോക്കി പുള്ളി കണ്ടു പിടിച്ചെന്നോ അവരുടെ കയ്യിൽ  നിന്ന് പിന്നീട് പിരിചെന്നോ ഒക്കെയും കേട്ടു   )    അപ്പൊയിന്റ്മെന്റ്  പാസ്സാക്കിയതിനു പകരമായി ഹസ്ബെന്റ്  ഗൾഫിൽ ഉള്ള ഒരു ടീച്ചറിനെ കൊണ്ട് ഗൾഫിൽ നിന്നും   മൊബൈൽ വാങ്ങിപ്പിച്ചത് ,  ഇത് കൂടാതെ ചില എയിഡഡു സ്കൂളുകളിൽ അധ്യാപക നിയമനത്തിന് ഇടനില നിന്നും കാശു ഉണ്ടാക്കിയത് അങ്ങനെ അങ്ങനെ ..... അത് തുടർന്നു .
അങ്ങനെ ഒരി ദിവസം എലിസബത്ത്‌ ടീച്ചറിന്റെ സ്കൂളിൽ ലോലിതൻ  സാർ വിസിറ്റിനു എത്തി ഏതാണ്ട് ഉച്ചയോടു അടുത്ത സമയത്ത് വന്ന ലോലിതൻ  സാർ ഉച്ചക്ക് ഫുഡ്‌ കഴിച്ചത് അടുത്തുള്ള  ബാർ ഹോട്ടലിൽ  നിന്നായിരുന്നു , ചിക്കൻ 6 5 , താറാവ്  കറി , ഞണ്ട്  കറി, കപ്പ , കണവ , കൊഞ്ച് എല്ലാം കൂടി കഴിഞ്ഞപ്പോൾ രൂപ മൂവായിരം എലിസബത്തി ടീച്ചറിന് സ്വാഹ     .
എസ് എൻ  സ്കൂളിലെ ഹെഡ്മിസ്ട്രെസ്സ് അമല ടീച്ചറിന്റെ ഹസ്ബെന്റ് ബീവറേജ്  ഷോപ്പിലെ മാനേജർ ആണ് എന്നത്  ലോലിതൻ  സാർ എങ്ങണോ മണത്തറിഞ്ഞു . പിറ്റേ ദിവസം ടി യാൻ സ്കൂളിൽ ഹാജർ..  പുള്ളി ഒരു ഡിമാന്റ്  വെച്ചു  ബെക്കാർഡി എന്ന  മദ്യം  കൊണ്ട് തരണം എന്ന് ... ഈ സംഭവത്തിന്‌ ശേഷം പുള്ളിക്ക് വിദ്യാഭ്യാസ ജില്ലയിൽ ഒരു പുതിയ പേര് വീണു "ബെക്കാർഡി"
പുള്ളിക്ക് താല്പര്യമുള്ള ചില സ്കൂളുകളിലെ ശമ്പള  ബില്ലുകൾ വേഗത്തിൽ പാസ്സക്കുന്നതും പേപ്പറുകൾ വേഗത്തിൽ നീങ്ങുകയും  ചെയ്തപ്പോൾ ബെക്കാർഡി സാറിന്റെ പേര് വീണ്ടും മാറി " പഞ്ചാര കുഞ്ചു  " എന്നായി
അങ്ങനെ നിർബാധം  ലോലിതൻ  സാർ / ബെക്കാർഡി  സാർ / പഞ്ചാര കുഞ്ചു സാർ വിലസിക്കൊണ്ടിരുന്നപ്പോൾ ആണ് ടിയാന്  സ്ഥലം മാറ്റം വരുകയും ടി യാൻ കോട്ടയത്തേക്ക് പോകുകയും ചെയ്തത് .
ലോലിതൻ  സാർ / ബെക്കാർഡി  സാർ / പഞ്ചാര കുഞ്ചു  സാറിന്  നല്കിയ യാത്ര അയയ്പ്പു  സമ്മേളനത്തിൽ പുള്ളി നല്കിയ മഹത്തായ  സേവനങ്ങളെ ഓരോ അധ്യാപകരും ഓർത്തു  പറഞ്ഞു . മെയ്‌ മുപ്പത്തിയോന്നിനു  റിട്ടയർ ചെയ്യുന്ന റസിയ ടീച്ചർ ഒരു പടി കൂടെ കടന്നു " ഈ വിദ്യഭ്യാസ ജില്ലയുടെ ഒരു കെടാ വിലക്കയിരൂനു ലോളിതാൻ സാർ എന്നും ഉടൻ  തനെൻ അദ്ദേഹ ത്തിനു തിരിച്ചു വരുവാൻ കഴിയുമാറാകട്ടെ എന്ന് പറഞ്ഞപ്പോൾ ഈ മുപ്പത്തി യൊന്നിനു റിട്ടയർ ചെയ്യുന്ന അധ്യാപകർ ഒഴികെ എല്ലാവരും ഒരുമിച്ചു ഒന്ന് ഞെട്ടി ( അങ്ങനെ വല്ലതും സംഭവിക്കാതിരിക്കാൻ  ഉടൻ തന്നെ മലയാറ്റൂർ , പരുമല , ആറ്റുകാൽ ,ഗുരുവായൂർ, മലയാലപ്പുഴ , മുത്തപ്പൻ ,  ബീമാ പള്ളി , തുടങ്ങിയ സ്ഥലങ്ങളി ൽ  നേർച്ച പോയി )
 വിടവാങ്ങൽ പ്രസംഗത്തിൽ വികാരധീനൻ ആയ ലോലിതൻ  സാറിന്റെ കയ്യിലോട്ട് അധ്യാപക സമൂഹം ഒരു സ്വർണ്ണ  മോതിരം തന്നെ ഇട്ടു കൊടുത്തു ..
മൂന്നു നാല് ആഴ്ച കഴിഞ്ഞപ്പോൾ എലിസബത്ത്‌ ടീച്ചറിനെ സുജ ടീച്ചർ വിളിച്ചു 
"ടീച്ചറ് ഒരു കാര്യം അറിഞ്ഞോ നമ്മുടെ ആ പഴയ ഡി ഇ ഒ  ഇല്ലേ ?"
" ആര്  ലോലിതൻ  സാറോ  "
"ഓ അങ്ങേര്  തന്നെ "
" അങ്ങേർക്കു എന്ത് പറ്റി  അങ്ങേര്  സ്ഥലം മാറിപ്പോയില്ലേ?  ന്റെ കർത്താവേ ഇനി ഇങ്ങോട്ട് വീണ്ടും സ്ഥലം മാറി വരുവാണോ ? ഈ മാസം മുപ്പത്തിയൊന്നിനു  സമാധാനമായിട്ട്  പെൻഷൻ ആകാമല്ലോ എന്ന്  വിചാരിച്ചതാ,  ന്റെ പരുമല തിരുമേനി ............. ചതിച്ചോ ?
" ന്റെ ടീച്ചറെ  ഞാൻ ഒന്ന് പറയട്ടെ ഇത് അത് ഒന്നും അല്ല സംഭവം "
'യ്യോ ഞാൻ അങ്ങ് പേടിച്ചു പോയി എന്തുവാ കാര്യം  "
" ലോലിതൻ സാറ്  ഇവിടുന്നു ട്രാൻസ്ഫർ വാങ്ങി കോട്ടയത്ത്‌ ചെന്നില്ലിയോ അവിടെയും ഇവിടുത്തെ പോലെ തന്നെ ആയിരുന്നു വിറപ്പിച്ചു കാശു വാങ്ങിക്കുക ഓസിനു സാധനം വാങ്ങിപ്പികുക അവിടെ ഏതോ അണ്‍ എയിഡഡു സ്കൂളിൽ വിസിറ്റ് ചെയ്യാൻ പോയി അവിടെ ചെന്നിട്ട് ആ സ്കൂളിലെ മാനേജരുടെ വീട്ടില് പോയി കോട്ടയത്തെ അച്ചായാൻ മ്മാരല്ലിയോ , പൂത്ത കാശല്ലിയോ അവരുടെ വീട്ടില് ചെന്നപ്പോൾ ആ വീട്ടില് ഇഷ്ട്ടം പോലെ  വളർത്തു പട്ടികളും പക്ഷികളും ഒക്കെ , പുള്ളി ആരാ മോൻ അവിടുന്ന് ഒരു ഡോബർമാനെ ഓസി . അതിനെ വീട്ടില് കൊണ്ട് വന്നു പുന്നാരിച്ചതാ  ഡോബർമാന്  എന്തോന്ന്   ഡി ഇ ഒ  പട്ടി അങ്ങേരെ കടിച്ചു കീറി  നാശമാക്കി , ഇനി അങ്ങേരു ജീവിതത്തിൽ ഓസടിക്കില്ല .
" അപ്പോൾ കൊടുത്താൽ  പണി കൊല്ലത്തല്ല കോട്ടയത്തും കിട്ടും അല്ലെ ടീച്ചറെ "




വാൽ ക്കഷണം: ഈ കഥയ്ക്ക്‌  മരിച്ചവരുമായി  ബന്ധമുണ്ടോ  എന്നെനിക്കറിയില്ല  പക്ഷെ ജീവിചിരിക്കുന്നവരുമായിട്ടുണ്ട്


Comments

Popular posts from this blog

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

ഏഴിലം പാല പൂത്തു

എന്താണ് ഈ എട്ടിന്റെ പണി ?