ചുറ്റുവട്ടം @മാവേലിക്കര

മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസിനു മുന്നിലൂടെ ബുദ്ധ ജംഗ്ഷനിലേക്കു നീളുന്ന ഒരു റോഡ്‌  ഉണ്ട് . അവിടെ മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസിന്റെ  പടിഞ്ഞാറെ  മതിലിനോട്   ചേര്‍ന്ന്  മരത്തിന്റെ തണലിനു കീഴെ ഒരു ഉന്തുവണ്ടിയും ആ വണ്ടിയുടെ പുറകില്‍ ഒരു  നിശബ്ദ മനുഷ്യനെയും കാണാം . ഉന്തുവണ്ടിയുടെ പുറകില്‍ ആ മനുഷ്യന്‍ മാത്രമേ കാണൂ പക്ഷെ ആ വണ്ടിയുടെ മുന്‍പില്‍ ഇപ്പോഴും ഒരു ആള്‍ക്കൂട്ടം കാണും .
എന്താ കഥ എന്നല്ലേ . സംഗതി വളരെ സിമ്പിള്‍
നാരങ്ങ വെള്ളവും മോരുംവെള്ളവും മാത്രം വില്‍ക്കുന്ന ഒരു കട


കണ്ണാടി കൂടുകള്‍ ഇല്ല .....
ഇരിക്കാന്‍  കസേരകള്‍ ഇല്ല ...........
സെര്‍വ് ചെയ്തു ടിപ്സ്  വാങ്ങാന്‍ ആളില്ല ............
കമ്പ്യൂട്ടറൈസ് ട്‌   ബില്ലും    ടിഷ്യൂ   പേപ്പറും ഇല്ല .........
ആകെയും പോകെയും ഈ നിശബ്ദ മനുഷ്യന്‍ മാത്രം ..
ആദ്യമായി അവിടെ ചെല്ലുന്നവര്‍ ഇത് എന്ത് കഥ? ഇങ്ങേരിതു  എന്ത് മനുഷ്യന്‍ എന്ന്   അത്ഭുതപ്പെടും  !
ചില വല്ലാത്ത ശീലങ്ങള്‍ . ചിട്ടകള്‍ ഒക്കെ പുലര്‍ത്തുന്ന ഒരാള്‍
എല്ലാവരും കാലത്തിനൊപ്പം സഞ്ചരിക്കുമ്പോഴും  ആ വഴികള്‍ വിട്ടു മാറി നടക്കുന്ന ഒരു  മനുഷ്യന്‍ .
മുന്‍പ്  പറഞ്ഞല്ലോ ഈ കടയില്‍ ആകെ കിട്ടുന്നത്  നാരങ്ങ വെള്ളവും മോരും വെള്ളവും മാത്രമാണ് .പക്ഷെ എന്ത് കൊണ്ട് ആള് കൂടുന്നു എന്ന് ചോദിച്ചാല്‍ സവിശേഷമായ രുചി തന്നെ ആണ് അതിന്റെ മറുപടി .
ഇനി പുള്ളിക്കാരന്‍ ഇത് എങ്ങനെ ആണ്  ഉണ്ടാക്കുന്നത്   എന്ന് നോക്കാം ...
നമ്മള്‍ ആദ്യം കടയില്‍ ചെല്ലുന്നു
എന്താണ് നമുക്ക് വേണ്ടത് എന്ന് പറയുന്നു
ഒരു നാരങ്ങ വെള്ളം
പുള്ളിയുടെ മറുപടി " അഞ്ഞൂറ്  പൈസ "
രണ്ടു മോരും വെള്ളം
" ആയിരം പൈസ "
( ഇത് മാത്രം ആണ് പുള്ളിയുടെ വായില്‍ നിന്നും ആകെ കേള്‍ക്കാവുന്നത്  രൂപയില്‍ അല്ല കണക്ക്  പൈസയില്‍ ആണ് )
പൈസ ആദ്യം കൊടുക്കണം
പുള്ളിക്കാരനും ഒരു  ആറ്   ഏഴ്   ഗ്ലാസും കാണും
നിങ്ങള്‍ ചെല്ലുമ്പോള്‍ കടയില്‍ ആള്‍ ഇല്ല  എങ്കില്‍ മഹാഭാഗ്യം  ആളുണ്ടെങ്കില്‍  അവര്‍ക്ക് കൊടുത്തു അതിനു ശേഷം ഓരോ ഗ്ലാസും കഴുകി വൃത്തിയാക്കി ( ഇതിനെല്ലാം പുള്ളിക്ക് പുള്ളിയെടെതായ സമയം ഉണ്ട് )  ധൃതി  പിടിച്ചിട്ടു ഒരു കാര്യവും ഇല്ല  ആദ്യ, വരുന്നവര്‍ക്ക് ആദ്യം
ഗ്ലാസ്‌ കഴുകി വൃത്തിയാക്കുന്നത് തന്നെ വളരെ കലാപരമായിട്ട് ആണ് .
വൃത്തിയാക്കിയ ഗ്ലാസില്‍ ആദ്യം സ്പൂണിന്റെ പിടി കൊണ്ട്  തോണ്ടി കല്ലുപ്പ്  ( പൊടി  ഉപ്പല്ല ) ഇടും അതിലേക്കു ഒരു കറിവേപ്പില,  ഇഞ്ചി എടുത്തു ചുരണ്ടി അതില്‍ നിന്നും ഒരു ചെറിയ കഷണം മുറിച്ചു ഇടും ഇതിനെ ഇടിതടി ( ഇടിക്കാന്‍ ഉപയോഗിക്കുന്ന ചെറിയ തടി ) ഉപയോഗിച്ച്  ഇടിക്കും അതൊരു കാണേണ്ട കാഴ്ച ആണ് . ഒരു കൈ കൊണ്ട് ഇടിക്കും മറ്റേ കൈ കൊണ്ട്  ഗ്ലാസ്‌ വട്ടം കറക്കും  എന്നിട്ട് ഭംഗിയായി  ഇത് എല്ലാം കൂടി ഇടിച്ചു ചേര്‍ക്കും
അതിനു  ശേഷം ഒരു വെളുത്തുള്ളി ഒരു ചെറിയ ഉള്ളി എന്നിവയും ഗ്ലാസില്‍ ഇടും എന്നിട്ട് അതിനെ  ഗ്ലാസ്‌ വട്ടം കറക്കി  ഇടിച്ചു ചേര്‍ക്കും
എന്നിട്ട്  നല്ല രസികന്‍ കാന്താരി മുളക്  നാലഞ്ചെണ്ണം ഞെടുപ്പ്  ( തണ്ട്  )കളഞ്ഞു ഗ്ലാസ്സില്‍ ഇടും ശേഷം ഇതും നന്നായി ഇടിച്ചു ചേര്‍ക്കും
ഇനി നാരങ്ങ വെള്ളം ചോദിച്ച ആള്‍ ആണെങ്കില്‍ ആ ആളിന്റെ ഗ്ലാസ്സിലേക്ക്‌   രണ്ടു നാരങ്ങ ( രണ്ടു എണ്ണം ) മുറിച്ചു നാരങ്ങ ഞെക്കി ഉപയോഗിച്ച്  ( ഈ നാരങ്ങ ഞെക്കി മരത്തിന്റെതാണ് ) നാരങ്ങ നീര് ഒഴിക്കും . അതിലേക്കു കന്നാസില്‍ നിന്നും വെള്ളം എടുത്തു ഒഴിച്ച്   ചാക്കിനുള്ളില്‍ വെച്ചിരിക്കുന്ന  ഐസ്  കഷണവും പൊട്ടിച്ചു  ഇട്ടു തരും
ഇനി മോരും വെള്ളം ആണ് ചോദിച്ചത് എങ്കില്‍ ഈ  ഗ്ലാസ്സിലേക്ക്‌  മുക്കാല്‍ ഗ്ലാസ്‌ മോര് ഒഴിക്കും കാല്‍ ഭാഗം  വെള്ളം ഒഴിക്കും അതിനെ വാ വിസ്താരമുള്ള  ഒരു പ്ലാസ്റ്റിക് കുപ്പിയില്‍  ( ഈ കുപ്പിയെ ഒരു പ്ലാസ്റ്റിക്‌ കവര്‍ കൊണ്ട് മൂടിയിരിക്കും ) ഒഴിക്കും അതിലേക്കു ഐസ്  കഷണവും പൊട്ടിച്ചു ഇടും . കുപ്പിയുടെ അടപ്പ്  മുറുക്കി അടച്ചു അതിനെ ഒരു കുലുക്ക്  ഉണ്ട്  അത് ഒന്ന് കാണേണ്ട കാഴ്ച തന്നെ ആണ് , നന്നായി കുലുക്കി എടുത്തു അതിനെ ഗ്ലാസ്സിലേക്ക്‌ പകരും .
നമ്മള്‍ എന്ത് കുടിച്ചാലും അത് മോരും വെള്ളം ആയാലും നാരങ്ങ വെള്ളം ആയാലും ഒറ്റ വലിക്കു കുടിച്ചോണം . വയറില്‍ എത്തുന്ന തു വരെ ഈ വെള്ളം പോകുന്നത് നമുക്ക് കൃത്യമായി അറിയാം അമ്മാതിരി കത്തല്‍ ആണ്  പൊന്നെ....  പക്ഷെ സംഗതി  ഉഗ്രന്‍ ... വെറും ഉഗ്രന്‍ അല്ല അത്യുഗ്രന്‍
അടുത്ത തവണ മാവേലിക്കരയില്‍ വരുമ്പോള്‍ തീര്‍ച്ചയായും ഈ നിശബ്ദ മനുഷ്യനെ കാണുക
സവിശേഷമായ  രുചി  അനുഭവിച്ചറിയുക .
നമ്മള്‍  ബേക്കറി കളില്‍  അല്ലെങ്കില്‍ ജ്യൂസ്‌  പാര്‍ലറില്‍ ചെല്ലുമ്പോള്‍ പത്ത്  രൂപയ്ക്കു കിട്ടുന്ന നാരങ്ങ വെള്ളവും  അതില്‍ ഉപയോഗിക്കുന്ന വസ്തുക്കളും  ഇവിടെ  അഞ്ചു രൂപയ്ക്കു കിട്ടുന്ന  നാരങ്ങ വെള്ളവും  അതില്‍ ഉപയോഗിക്കുന്ന വസ്തുക്കളും കൂടി ആലോചിക്കുമ്പോള്‍ എനിക്ക് മനസിലാകാത്ത കാര്യം ഇത് എങ്ങനെ അഞ്ചു രൂപയ്ക്കു പുള്ളിക്ക് മുതലാകും എന്നാണു ഇതില്‍ നിന്നും എന്ത് ലാഭം കിട്ടാനാണ്‌ ? ആവോ !!
പിന്‍ കുറിപ്പ് :
 ഞാന്‍ പറഞ്ഞല്ലോ  ടിയാന്‍    ഒരു  നിശബ്ദന്‍  ആണ്  ഒരു കുശലത്തിനും  പുള്ളി  തയാറല്ല  അത് കൊണ്ട്  അതിനു മിനക്കെടേണ്ട . (  അനുഭവം  )
പിന്നെ നിങ്ങള്‍ ആദ്യമായിട്ട്  അവിടെ ചെല്ലുമ്പോള്‍ പുള്ളി കാണിക്കുന്ന ഈ അഭ്യാസം ഒക്കെ കണ്ടിട്ട് "  ങ്ഹാ  കൊള്ളാലോ എന്നും പറഞ്ഞു പുള്ളിയെ  കലിപ്പിക്കാന്‍  പോയാല്‍ പൈസ ഇങ്ങു തിരിച്ചു തരും  അല്ലെങ്കില്‍  കാ‍ന്താരി  മുളകിന്റെ  എണ്ണം കൂടും ജാഗ്രതൈ

വാല്‍ക്കഷണം : വീട്ടില്‍  നിങ്ങളും ഉണ്ടാക്കി നോക്കുക , ദെ ഞാന്‍ ആരംഭിച്ചു





Comments

Popular posts from this blog

ഏഴിലം പാല പൂത്തു

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

എന്താണ് ഈ എട്ടിന്റെ പണി ?